Connect with us

Video Stories

മണാലിയിലേക്ക് ഒരു യാത്ര പോകാം

Published

on

ജാബിര്‍ കാരയാപ്പ്‌
ചിത്രം: ഉനൈസ് കെ.കെ

രാജ്യത്തിന് സുരക്ഷാ കവചമൊരുക്കി പ്രൗഢിയോടെ നിലകൊള്ളുന്ന ഹിമാലയന്‍ മലനിരകളുടെ താഴ്‌വരയില്‍ ശാന്തസുന്ദരമായ ഒരു ഭൂമിയുണ്ട്. ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സഞ്ചാരികളെ മടക്കയാത്രക്ക് പ്രേരിപ്പിക്കാത്ത മണാലി. പ്രകൃതി സൗന്ദര്യം നുകരാനെത്തുന്നവരെയും സാഹസിക വിനോദം ഇഷ്ടപ്പെടുന്നവരെയും ഹിമാചലിലെ ഈ സുന്ദര ഭൂമി നിരാശപ്പെടുത്തില്ല.
യാത്ര ചെയ്യുമ്പോഴെല്ലാം ഹിമാലയന്‍ മലനിരകളുടെ പശ്ചാത്തലകാഴ്ചയ്ക്ക് പുറമേ മണാലിയെ സുന്ദരമാക്കുന്നത് ദേവദാരു മരങ്ങളും (പൈന്‍ മരം) പതിഞ്ഞ് ഒഴുകുന്ന ബിയാസ് നദിയുമാണ്. റിവര്‍ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, മലകയറ്റം തുടങ്ങി നിരവധി സാഹസിക വിനോദങ്ങളാണ് മണാലിയില്‍ ഉള്ളത്.

മണാലിയില്‍ നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് മഞ്ഞ്‌വീഴ്ച ശക്തമാവുന്നത്. മഞ്ഞ് വീഴ്ച ശക്തമാവാന്‍ കാത്തിരുന്നാല്‍ പ്രധാന കേന്ദ്രമായ റോഹ്ട്ടാംഗ് പാസിലേക്കുള്ള യാത്ര നടക്കില്ല. നവംബര്‍ അവസാനം മുതല്‍ ഏപ്രില്‍ അവസാനം വരെ റോഹ്ട്ടാംഗ് പാസിലേക്കുള്ള റോഡ് അടച്ചിടും. മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള സമയത്ത് മണാലി സന്ദര്‍ശിക്കാം. റോഹ്ട്ടാംഗ് പാസിലേക്ക് പ്രവേശിക്കാനാവശ്യമായ ഹിമാചല്‍ സര്‍ക്കാറിന്റെ അനുമതി ഓണ്‍ലൈന്‍ മുഖേന അനുമതി ലഭിക്കും. ഡിസംബര്‍, ജനുവരി, മാര്‍ച്ച് മാസങ്ങളിലാണ് മഞ്ഞ് വീഴ്ച ശക്തമാവുന്നത്.6-1

മഞ്ഞുമലകള്‍ കയറാം….എങ്ങനെ???

ഡല്‍ഹിയോ ചണ്ഡീഗഡോ പ്രധാന കേന്ദ്രമാക്കി യാത്ര പ്ലാന്‍ ചെയ്യാം. മണാലിക്കടുത്തുള്ള പ്രധാന റെയില്‍വെ സ്റ്റേഷനായ ചണ്ഡീഗഡില്‍ നിന്ന് റോഡ് മാര്‍ഗം മണാലിയിലെത്താന്‍ 308 കിലോമീറ്റര്‍ സഞ്ചരിക്കണം. ഛണ്ഡീഗഡില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമെല്ലാം ഹിമാചല്‍ പ്രദേശ് ടൂറിസം കോര്‍പ്പറേഷന്‍ ബസുകളും പ്രൈവറ്റ് ബസുകളുംടാക്‌സികളും മണാലിയിലേക്ക് പുറപ്പെടുന്നുണ്ട്.

മണാലിയിലെത്തി ബൈക്ക് റൈഡ് നടത്താന്‍ ആഗ്രഹിക്കുന്നവരും നിരാശപ്പെടേണ്ട. അവര്‍ക്കായി വാടകക്ക് ബുള്ളറ്റുകളും മറ്റും റെഡിയാണ്. നാട്ടില്‍ നിന്ന് തന്നെ അല്‍പ്പം സാഹസികമായി സ്വന്തം ബൈക്കിലും കാറിലുമെല്ലാം പുറപ്പെടുന്നവരും ഉണ്ട്. തണുപ്പില്‍ നിന്ന് രക്ഷ നേടാനുള്ള ജാക്കറ്റുകളും അവിടെയെത്തിയാല്‍ റൈഡ് നടത്താനുള്ള ബൈക്കുകളുമെല്ലാം വാടകക്ക് ലഭ്യമാണ്. എല്ലാ സൗകര്യവും സേവനങ്ങളുമായി നാട്ടുകാരും സര്‍ക്കാരുമുണ്ട്.
വിമാന മാര്‍ഗം ഡല്‍ഹിയിലെത്തി മണാലിയിലേക്ക് പോകുന്നവര്‍ക്കും എല്ലാം സഹായവുമായി ടൂര്‍ ഓപ്പറേറ്റര്‍മാരും വോള്‍വോ ബസുകളും റെഡിയാണ്. ഡല്‍ഹിയില്‍ നിന്ന് 570 കിലോമീറ്റര്‍ സഞ്ചരിക്കണം മണാലിയിലെത്താന്‍. താല്‍പര്യമുള്ളവര്‍ക്ക് ഷിംലയും ധര്‍മ്മശാലയും പ്ലാനില്‍ ഉള്‍പ്പെടുത്താം. ധര്‍മ്മശലായില്‍ തിബറ്റന്‍ മ്യൂസിയവും ചരിത്രപ്രാധാന്യമുള്ള ക്ഷേത്രങ്ങളും കംഗ്ര കോട്ടയും സമുദ്ര നിരപ്പില്‍ നിന്ന് ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ധര്‍മ്മശാല ക്രിക്കറ്റ് സ്റ്റേഡിയവുമെല്ലാം സന്ദര്‍ശിക്കാം. 16-s

മലകളുടെ രാജ്ഞിയോട് കിന്നാരം പറയാം…

കണ്ണൂരില്‍ നിന്ന് രണ്ട് ദിവസത്തോളം ട്രെയിന്‍ യാത്ര ചെയ്ത് ചണ്ഡീഗഡിലെത്തി റോഡ് മാര്‍ഗം മലകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഷിംലയിലെ മലകളോടും പാറക്കെട്ടുകളോടുമെല്ലാ കിന്നാരം പറഞ്ഞാണ് മണാലിയിലേക്ക് പോയത്. ഇലക്ട്രീഷ്യനായ വി.പി ഇസ്ഹാഖും ഗ്രാഫിക് ഡിസൈനറായ കെ.കെ ഉനൈസും ഒമാനില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ ഉമറുമാണ് മഞ്ഞുമലകള്‍ തേടി യാത്ര തിരിച്ചത്. വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരായിരുന്നു. എന്നാല്‍ യാത്രകളില്‍ ഒന്നിക്കുന്നവരും. പലപ്പോഴും യാത്രകളാണല്ലോ യഥാര്‍ത്ഥ കൂട്ടുകാരെ ഒരുമിപ്പിക്കുക.4

ഷിംലയില്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ശക്തമായ മഞ്ഞുവീഴ്ചയുണ്ടാവുന്നത്. ചണ്ഡിഗഡില്‍ നിന്ന് 125 കിലോമീറ്റര്‍ സഞ്ചരിക്കണം ഷിംലയിലെത്താന്‍. യാത്രാദൂരം ഒരിക്കലും നിങ്ങളെ മുഷിപ്പിക്കില്ല. ഭൂമിയിലെ സ്വര്‍ഗത്തിലൂടെയാണല്ലോ യാത്ര. യാത്രയില്‍ നിറയെ കാഴ്ചകളാണ്. കുന്നുകളും മലകളുമെല്ലാം നിങ്ങളെ ചുംബിക്കുന്നത് പോലെ തോന്നും.
ഷിംലയില്‍ ആദ്യം കുഫ്‌റിയിലെ ടൂറിസ്റ്റ് പാര്‍ക്കിലേക്കാണ് പോയത്. നിരവധി സാഹസിക റൈഡുകളാണ് ഇവിടെയുള്ളത്. പിന്നെ കുഫ്‌റിയിലെ കുതിര സവാരി ഒന്ന് ആസ്വദിക്കാം. കുതിരകളുടെ സ്വയം പ്രഖ്യാപിത രാജ്യമാണോ ഈ മേഖല എന്ന് തോന്നിപ്പോവും ഇവിടെയെത്തിയാല്‍. എല്ലാം ഇവര്‍ തന്നെ നിയന്ത്രിക്കുന്നു. ഞങ്ങള്‍ സവാരി ചെയ്ത കുതിരയുടെ മുതലാളിക്ക് പന്ത്രണ്ട് കുതിരകള്‍ ഉണ്ടെന്നാണ് അറിഞ്ഞത്.

കുതിര സവാരിക്ക് ശേഷം പ്രത്യേക ജീപ്പില്‍ മല മുകളിലേക്ക് കയറിയാല്‍ നിരവധി സാഹസിക റൈഡുകളാണ് ഉള്ളത്. മല മുകളിലേക്ക് സ്വന്തമായി ഓടിക്കാവുന്ന പ്രത്യേക ബൈക്കും റെഡിയാണ്. കുഫ്‌റിയില്‍ തന്നെയുള്ള മൃഗശാലയിലും ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലുമെല്ലാം വെറുതെ കയറിയിറങ്ങാം. പിന്നെയാണ് മനസിലായത് വെറുതയല്ല ഈ ഗവേഷണ കേന്ദ്രം. ഹിമാചലുകാരുടെ ഭക്ഷണത്തിലെല്ലാമുണ്ട് ഒരു ഉരുളക്കിഴങ്ങ് ടച്ച്. ദക്ഷിണേന്ത്യന്‍ ഭക്ഷണം ലഭിക്കാന്‍ കുറച്ച് പ്രയാസപ്പെടേണ്ടി വരും.

സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 8000ത്തിലധികം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ജാക്കു ക്ഷേത്രം തേടിയാണ് പിന്നെ യാത്ര. മനോഹരമായ മലനിരകളുടെയും ഷിംല നഗരത്തിന്റെയും കാഴ്ചകള്‍ സമ്മാനിക്കും ജാക്കു കൊടുമുടിയിലെ ഈ ക്ഷേത്രം. ഒരു പരിധി വരെ മാത്രമേ വാഹനങ്ങള്‍ പോകുന്നുള്ളു. ഓരോ വളവ് കയറാനും വണ്ടി പലതവണയായി പിന്നോട്ടെടുക്കേണ്ടി വരും. പിന്നെ കാല്‍ നടയായും യാക്കിന് മുകളില്‍ സവാരി ചെയ്തും ക്ഷേത്ര മുറ്റത്തെത്താം. ഹനുമാനാണ് ഇവിടെ പ്രധാന പ്രതിഷ്ഠ.14-s

കോളനിഭരണക്കാലത്തെ നിരവധി കെട്ടിടങ്ങളും ഷിംലയില്‍ ഉണ്ട്. ബ്രിട്ടീഷ് നിര്‍മാണരീതിയിലുള്ള റോത്നി കാസിലും ടൗണ്‍ഹാളും ഗെയ്തി തിയേറ്ററും ക്രിസ്ത്യന്‍ പള്ളിയുമെല്ലാം കണ്ടിറങ്ങാം. മലനിരകള്‍ക്ക് സമാനമായി പണിത കെട്ടിടങ്ങളില്‍ നിന്ന് മിന്നാമിനുങ്ങ് പോലെ ബള്‍ബുകള്‍ പ്രകാശിക്കുകയാണ്. എല്ലാം കുന്നിനു മുകളിലാണ്. പ്രദേശത്തെ പ്രധാന ആസ്പത്രി പോലും കുന്നിനു മുകളില്‍ തന്നെ.

ദൈവത്തിന്റെ താഴ്‌വരയിലേക്ക്…

ഇനിയും ഒരുപാട് കാണാനുണ്ട് ഷിംലയില്‍. എന്നാല്‍ സമയം പ്രശ്‌നമാണ്. അത് കൊണ്ട് തന്നെ ദൈവത്തിന്റെ താഴ്‌വര എന്നറിയപ്പെടുന്ന മണാലിയിലേക്ക് പുറപ്പെട്ടു. യാത്രക്കിടയില്‍ പാന്തോഹ് അണക്കെട്ടും ഹനോഗ് മാതാ അമ്പലവും കാണാം. മൂന്ന് കിലോമീറ്ററോളം പാറതുരന്നുണ്ടാക്കിയ തുരങ്കത്തിലൂടെയുള്ള റോഡ് യാത്ര മറ്റൊരു ലോകത്തെ അനുഭവമാണ് നല്‍കിയത്. ഷിംലയില്‍ നിന്ന് 265 കിലോമീറ്റര്‍ സഞ്ചരിക്കാനുണ്ട് മണാലിയിലേക്ക്.

മുകളില്‍ നമ്മെ ചുംബിക്കുന്ന കൂറ്റന്‍ പാറക്കെട്ടുകള്‍….താഴെ സുന്ദരമായി ഒഴുകുന്ന അരുവികള്‍….യാത്ര എങ്ങനെ മടുക്കും….യാത്രയില്‍ പോലും ഒന്ന് കണ്ണടക്കാന്‍ പറ്റാത്ത അവസ്ഥ. അത്രയേറെയാണ് ഹിമാലയത്തിന്റെ നാട് അതിഥികള്‍ക്കായി ഒരുക്കിയിട്ടുള്ളത്.
മണാലിയിലേക്കുള്ള യാത്രയില്‍ കുളുവില്‍ ഹിമാലയത്തിന്റെ എല്ലാം സൗന്ദര്യവും തോളിലേറ്റി സുന്ദരമായ ഒഴുകുന്ന ബിയാസ് നദിയിലെ റിവര്‍ റാഫ്റ്റിംഗ് നിങ്ങളെ ആവേശം കൊണ്ട് കുളിപ്പിക്കുമെന്ന് തീര്‍ച്ച. വൈകീട്ട് തന്നെ റിവര്‍ റാഫ്റ്റിംഗ് സമയം അവസാനിക്കും. അത് മറക്കേണ്ട. പ്രസിദ്ധമായ കുളു ഷാളുകളും പരമ്പരാഗത തൊപ്പിയും വില്‍ക്കുന്ന ധാരാളം കടകള്‍ കാണാം കുളുവില്‍.13-s

മിക്ക സ്ഥലങ്ങളിലും ആപ്പിള്‍ത്തോട്ടങ്ങള്‍ ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നു. എവിടെയെത്തിയാലും അവിടത്തെ ഭക്ഷണം കഴിക്കണമല്ലോ. ആലു പൊറോട്ടയും ജാഫാനി എന്ന പഴവും കഴിച്ച് അടുത്ത ദിവസം രാവിലെ തന്നെ മണാലിയിലെ ഹഡിംബ ദേവി ക്ഷേത്രത്തിലേക്കാണ് പോയത്. 1533ല്‍ പണിത ഹഡിംബ ദേവി ക്ഷേത്രം കൂറ്റന്‍ പൈന്‍ മരങ്ങള്‍ക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു ക്ഷേത്രത്തിലെത്തിയ അനുഭവമായിരിക്കില്ല ഇവിടെയെത്തിയാല്‍.

ക്ഷേത്രത്തിന്റെ മിക്ക ഭാഗങ്ങളും മരത്തടി കൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്. ആരെയും ആകര്‍ഷിക്കുന്ന നിര്‍മ്മാണ ചാതുരി. മേല്‍ക്കൂരയില്‍ യാക്കിന്റെ കൊമ്പുകള്‍ സൂക്ഷിച്ചു വെച്ചിരിക്കുന്നു. ഗ്രാമീണ സ്ത്രീകള്‍ നല്ല സുന്ദരികളായ മുയലുമായി പരിസരത്തുണ്ട്. ടൂറിസ്റ്റുകള്‍ക്കൊപ്പം മുയലിനെ ഫോട്ടോക്ക് പോസ് ചെയ്യിച്ച് വരുമാനം തേടലാണ് ലക്ഷ്യം.
പുഴക്കരയിലെ ക്ലബ്ബ് ഹൗസില്‍ വെറുതെ ഒന്ന് ചുറ്റിയടിക്കാം. പലപ്പോഴും റോഡുകള്‍ കീഴടക്കി കൂട്ടമായി പോവുന്ന ചെമ്മരിയാടുകളെ കാണാം. റോഡില്‍ ഇവരെ കഴിഞ്ഞേ വാഹനങ്ങള്‍ക്ക് സ്ഥാനമുള്ളൂവെന്ന് തോന്നുന്നു. ഡ്രൈവര്‍മാരാകാട്ടെ അക്ഷമരായി ഹോണ്‍ അടിക്കുന്നുമില്ല.
കാവ്യഭംഗിയോടെ തണുത്ത വെള്ളവുമായി പാറക്കൂട്ടങ്ങളെ പുല്‍കി ഒഴുകുന്ന നദിയില്‍ വ്യത്യസ്തമായ ഒരു അനുഭവമുണ്ട്. തണുത്ത വെള്ളത്തിനിടയില്‍ പ്രത്യേക സ്ഥലത്ത് മാത്രം ചൂടുവെള്ളം. പ്രദേശവാസികള്‍ ഇവിടെ നിന്ന് കുളിക്കുന്നത് കാണാം. മരം കൊണ്ട് നിര്‍മ്മിച്ച പാലം കടന്ന് വേണം വസിഷ്ഠ് എന്ന ഈ സ്ഥലത്തെത്താന്‍. മണാലിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയാണ് വസിഷ്ഠ്. വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടുത്തടുത്താണ് എന്നത് സഞ്ചാരികള്‍ക്ക് സൗകര്യമാവുന്നു. ഐതിഹ്യമനുസരിച്ച് രാമസോദരനായ ലക്ഷ്മണനാണ് ഇവിടത്തെ ചുടുനീരുറവ സൃഷ്ടിച്ചത്.

മണാലിയില്‍ തന്നെയുള്ള വന്‍ വിഹാര്‍ എന്ന വന്‍ വനത്തില്‍ പോയി ശീതളക്കാറ്റുമേറ്റ് പൈന്‍ മരങ്ങളോടും അരുവികളോടും തങ്ങളുടെ സങ്കടങ്ങളും സന്തോഷവുമെല്ലാം പങ്കുവെക്കാം. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കണക്കനുസരിച്ച് 23 കോടിയോളം രൂപയുടെ പൈന്‍ മരങ്ങളാണ് ഏക്കറുകണക്കിന് വിസ്തൃതിയുള്ള വനത്തില്‍ ഉള്ളത്. ഓരോ മരത്തിനും നമ്പര്‍ നല്‍കിയിരിക്കുന്നതും കാണാം.11-s1

പ്രമുഖ ഹണിമൂണ്‍ കേന്ദ്രം കൂടിയാണ് പ്രകൃതി മനോഹരമായ മണാലി. അല്‍പ്പ സമയം മണാലിയില്‍ ഷോപ്പിംഗ് ആവാം. തണുപ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള പരമ്പരാഗത വസ്ത്രങ്ങളും ജാക്കറ്റുകളും ഷാളുകളുമെല്ലാം വില്‍ക്കുന്ന കടകളുടെ നീണ്ട നിര തന്നെ കാണാം. മിതമായ വിലയില്‍ ലഭ്യമാണ്. മിക്കവരും ഇത്തരത്തിലുള്ള വസ്ത്രം ധരിച്ചാണ് റോഡിലിറങ്ങുന്നതും. സ്വന്തം വാഹനത്തില്‍ പോകുന്നവര്‍ പേടിക്കേണ്ട. നിരനിരയായി സര്‍വീസ് സ്റ്റേഷനുകളുണ്ട്.
മണാലി ടൗണില്‍ തന്നെയുള്ള തിബറ്റന്‍ ആശ്രമത്തില്‍ പോയി ബുദ്ധമതക്കാരുടെ പ്രാര്‍ത്ഥന രീതികളും ചരിത്രവുമെല്ലാം പഠിക്കാം. പ്രത്യേക രീതിയില്‍ സ്ഥാപിച്ച ചക്രം ഉരുട്ടിയാണ് അവര്‍ പ്രാര്‍ത്ഥിക്കുന്നത്. മിക്കവര്‍ക്കും ഹിന്ദിയും ഇംഗ്ലീഷും വശമില്ല. തിബത്തി ഭാഷ മാത്രമാണ് സംസാരിക്കുന്നത്.

റോഹ്ട്ടാംഗിലേക്ക് പോകാം…മഞ്ഞുമലയില്‍ കുളിക്കാം

വാഹനത്തിന്റെ അനുമതിയും ജാക്കറ്റുമെല്ലാം റെഡിയാക്കി വേണം റോഹ്ട്ടാംഗിലേക്ക് പോവാന്‍. പ്രകൃതി മനോഹരമായ മണാലി-ലേ പാതയില്‍ മഞ്ഞും മേഘങ്ങളും മലകളുമെല്ലാം ചുംബിക്കുന്ന കാഴ്ചയും കണ്ടാണ് റോഹ്ട്ടാംഗിലേക്കുള്ള യാത്ര. തണുപ്പില്‍ നിന്ന് രക്ഷനേടാനുളള പ്രത്യേക തരം ജാക്കറ്റും ഷൂസും വാടകക്ക് ലഭ്യമാണ്. ഒന്നിന് 250 രൂപ. യാത്രക്കിടെ താഴേക്ക് നോക്കിയാല്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ എം, ഡബ്ല്യു അക്ഷരങ്ങള്‍ നിരനിരയായി എഴുതിയത് പോലെ റോഡ് കാണാം. റോഡ് നിര്‍മ്മിച്ചവരെ ഒന്ന് വണങ്ങണം. ഡ്രൈവിംഗിലും വേണം നല്ല ശ്രദ്ധ. മണാലിയില്‍ നിന്ന് 51 കിലോമീറ്റര്‍ ദൂരമാണ് റോഹ്ട്ടാംഗിലേക്ക്.

വഴിയോരത്തുള്ളവരെല്ലാം കമ്പിളിക്കുള്ളിലാണ്. ഒക്‌ടോബറില്‍ മഞ്ഞ് വീഴ്ച തുടങ്ങിയിട്ടേയുള്ളുവെന്നാണ് ഡ്രൈവര്‍ പറഞ്ഞതത്. എന്നാല്‍ യാത്രയില്‍ ഒന്ന് പുറത്തിറങ്ങിയപ്പോള്‍ തന്നെ മഞ്ഞ് കട്ടകള്‍ ദേഹത്ത് പതിക്കുന്നുണ്ടായിരുന്നു. റോഹ്ട്ടാംഗിലേക്കുള്ള ടൂറിസ്റ്റ് വാഹനങ്ങളും ലഡാക്കിലെ പട്ടാള ക്യാമ്പില്‍ സൂക്ഷിക്കാനുള്ള പെട്രോളുമായി പോവുന്ന ടാങ്കറുകളും മാത്രമാണ് റോഡിലുള്ളത്. പാത മാസങ്ങളോളം അടച്ചിടുന്നതിനാല്‍ ടാങ്കറുകളുടെ നീണ്ട നിര തന്നെയുണ്ട്. ഒരു ഭാഗത്ത് കൂറ്റന്‍ കൊക്കകളും മുകളില്‍ പാറക്കെട്ടുകളുമുള്ള വീതികുറഞ്ഞ കുടുസുപാതയിലെ ഡ്രൈവിംഗ് ആരെയും ഒന്ന് ഭയപ്പെടുത്തും. താഴേക്ക് പതിച്ച ഒരു ലോറിയും കണ്ടു ഞങ്ങള്‍.7

ഒടുവില്‍ ഞങ്ങള്‍ കണ്ടു, മഞ്ഞനിറത്തിലുള്ള ബോര്‍ഡില്‍ കറുത്ത അക്ഷരങ്ങള്‍.. റോഹ്ട്ടാംഗ് പാസ്….സ്വപ്നവും യാഥാര്‍ത്ഥ്യവും ഒന്നിച്ചിരിക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് 13058 അടി ഉയരത്തിലുള്ള റോഹ്ട്ടാംഗ് പാസിലെത്തിയിരിക്കുന്നു. വെള്ളി മേഘങ്ങളെ തൊട്ടൊരുമ്മി നില്‍ക്കുന്ന മഞ്ഞുമലകളിലാണ് ഞങ്ങള്‍. മഞ്ഞുമലകളില്‍ തട്ടി തണുത്ത കാറ്റ് വീശുന്നു…കേട്ട് മാത്രം പരിചയമുള്ള മഞ്ഞുകട്ടകള്‍ ദേഹത്ത് പതിക്കുന്നു….മഞ്ഞു കട്ടകള്‍ മഞ്ഞുമലകളായി മാറുന്നു…മഞ്ഞുകട്ടകള്‍ അനോന്യം വാരിയെറിയാം…

മണാലിയില്‍ നിന്ന് ബസ് മാര്‍ഗമെത്തിയ പ്രദേശ വാസികള്‍ കാപ്പിയുമായി അവിടെയുണ്ടായിരുന്നു. ഒരു കാപ്പിക്ക് 30 രൂപ. 300 കൊടുത്തും കാപ്പി വാങ്ങുന്ന അവസ്ഥയിലായിരുന്നു എല്ലാവരും. കാലമോ സമയമോ നോക്കാതെ എവിടെ നിന്നോ മഞ്ഞ് കിരണങ്ങള്‍ പതിക്കുന്നു. പക്ഷെ മഞ്ഞുവീഴുന്നത് പോലെ സമയം നോക്കാതെ അവിടെ നില്‍ക്കാന്‍ ഞങ്ങള്‍ക്കാവില്ല. മനസില്ലാ മനസോടെ ഓര്‍മ്മകള്‍ റോഹ്ട്ടാംഗ് പാസിനു നല്‍കി ഞങ്ങള്‍ മടങ്ങി. മണാലി-ലേ പാതയില്‍ ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച യാത്ര.

മടക്കത്തില്‍ പാരാഗ്ലൈഡിംഗ് നടത്താനായി പ്രത്യേക സ്ഥലമുണ്ട് മഡിയില്‍. പാരച്യൂട്ട് യാത്ര വ്യത്യസ്തമായിരുന്നുവെന്ന് പാരാഗ്ലൈഡിംഗ് നടത്തിയ ഉനൈസ് പറയുന്നു. കൂടെയുള്ള പൈലറ്റിനൊപ്പം ആകാശത്തേക്ക് ഒരു യാത്ര. നേരെ സോലാംഗ് വാലിയില്‍ പോയാലും ഉണ്ട് പാരാഗ്ലൈഡിംഗ് അടക്കമുള്ള സാഹസിക വിനോദങ്ങള്‍. ഇടുങ്ങിയ റോഡിലുടെ സോലാംഗ് വാലിയിലെത്തിയാല്‍ റോപ്പ് വേ വഴി മുകളിലേക്ക് സഞ്ചരിക്കാം. അവിടെയെത്തിയപ്പോഴാണ് മനസിലായത് സമുദ്ര നിരപ്പില്‍ നിന്നും 3052 മീറ്ററിനു മുകളിലാണ് ഞങ്ങളുള്ളതെന്ന്. അങ്ങനെ സാഹസികതയും ആശങ്കയും അറിവും സന്തോഷവുമെല്ലാം തുല്യമായി നല്‍കുന്ന യാത്ര….
മടങ്ങണമെന്നില്ല.. എങ്കിലും മടങ്ങണമല്ലോ…കര്‍മബന്ധങ്ങള്‍ മടക്കി വിളിക്കുന്നു….പ്രണയും പ്രകൃതിയും സാഹസികതയുമെല്ലാം ഒന്നിക്കുന്ന മലകളോടും മഞ്ഞിനോടും അരുവികളോടുമെല്ലാം യാത്ര പറഞ്ഞ് ഇനിയും വരണം എന്നുറപ്പിച്ച് ഹിമാലയന്‍ താഴ്‌വരകളില്‍ നിന്ന് കാലടികള്‍ പിന്നോട്ട് വെച്ചു.2

kerala

ഹിമാചല്‍ ഫലം പ്രതീക്ഷ നല്‍കുന്നത്; തരൂരിനെ പ്രയോജനപ്പെടുത്തും: എം.എം ഹസന്‍

മതേതരത്വം പറയുകയും ന്യൂനപക്ഷങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നതിനോടൊപ്പം രാജ്യത്തെ ഭൂരിപക്ഷ ജനതയുടെ സാംസ്‌കാരിക സ്വത്വത്തെ അംഗീകരിക്കാനും പാര്‍ട്ടി ശ്രദ്ധിക്കും.

Published

on

അഭിമുഖം/കെ.പി ജലീല്‍

തിരുവനന്തപുരം: രാജ്യം വര്‍ഗീയതയുടെയും ജനാധിപത്യ ധ്വംസനത്തിന്റെയും പിടിയിലമരുമ്പോള്‍ ഹിമാചല്‍പ്രദേശിലെ കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയം പ്രതീക്ഷക്ക് വക നല്‍കുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍. ഇന്നലെ ഗുജറാത്തിലെയും ഹിമാചലിലെയും ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ അധികാരത്തിന്റെ സ്വാധീനം ഉപയോഗിച്ചും വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടത്തിയും നേടിയ വിജയമാണ് ഗുജറാത്തില്‍ കണ്ടത്. 27 വര്‍ഷമായി അധികാരത്തിലുള്ള സംസ്ഥാനത്ത് ബി.ജെ.പിക്ക് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരെ പ്രയോജനപ്പെടുത്താനായി. എന്നാല്‍ ഹിമാചല്‍ പ്രദേശില്‍ 5 വര്‍ഷത്തെ ഭരണം കൊണ്ട് അതിനവര്‍ക്ക് കഴിഞ്ഞില്ല. മാത്രമല്ല ഹിമാചലില്‍ പ്രിയങ്ക ഗാന്ധി നടത്തിയ പ്രചാരണവും ജനങ്ങളില്‍ മതേതരത്വ ബോധം വളര്‍ത്തുന്നതില്‍ സഹായിച്ചെന്ന് ഹസന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് ചന്ദ്രിക ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു യു.ഡി.എഫ് കണ്‍വീനര്‍.

 

  •  വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഹിമാചല്‍ ആവര്‍ത്തിക്കാന്‍ കഴിയുമോ ?

തീര്‍ച്ചയായും. പ്രിയങ്ക ഗാന്ധിയുടെ കൂടുതല്‍ സജീവമായ ഇടപെടലുണ്ടാകും. രാഹുല്‍ ഗാന്ധി ജോഡോ യാത്ര കഴിഞ്ഞാല്‍ ഉടന്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കും.

  • 2024 ലേക്ക് ഒരുക്കമായോ ? 

അതിനാണ് റായ്പൂരില്‍ എ.ഐ.സി .സി സമ്മേളനം വിളിച്ചിട്ടുള്ളത്. അവിടെ വെച്ച് സംസ്ഥാന നിയമസഭകളിലേക്കും ലോക്‌സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പ് തന്ത്രം ആവിഷ്‌കരിക്കും. മതേതരത്വം മുറുകെപ്പിടിച്ച് കൊണ്ട് മാത്രമേ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാകൂ.

  • ബി.ജെ.പി യുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ എങ്ങനെ നേരിടും ? 

മതേതരത്വം പറയുകയും ന്യൂനപക്ഷങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നതിനോടൊപ്പം രാജ്യത്തെ ഭൂരിപക്ഷ ജനതയുടെ സാംസ്‌കാരിക സ്വത്വത്തെ അംഗീകരിക്കാനും പാര്‍ട്ടി ശ്രദ്ധിക്കും.

  • ആം ആദ്മി പാര്‍ട്ടിയുടെ ഭീഷണി എങ്ങനെ കാണുന്നു ? 

അവര്‍ ആദര്‍ശമെല്ലാം ബി.ജെ.പിക്ക് കീഴില്‍ അടിയറവ് വെച്ച് അവരുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണ്. ഹിന്ദുത്വം പറയുമ്പോള്‍ അത് നന്നായി പറയുന്ന ബി.ജെ.പി യെയാണ് ആളുകള്‍ സ്വീകരിക്കുക. ആപ്പിനെ യല്ല. അതാണ് ഗുജറാത്തില്‍ കണ്ടത്.

  • ? നേതാക്കളുടെ കുറവ് അലട്ടുന്നില്ലേ ? 

നേതാക്കളും അണികളും പാര്‍ട്ടിയില്‍ നിന്ന് അകന്ന് പോയി. യു.പിയിലുള്‍പ്പെടെ അവരെ തിരികെ കൊണ്ടുവരാന്‍ കഴിയണം. രാഹുലും പ്രിയങ്കയും ഖാര്‍ഗെയും മറ്റു നേതാക്കളും അതിനാണ് രംഗത്തിറങ്ങുക.

  • രാഹുല്‍ഗാന്ധിയെക്കുറിച്ച് ? 

അദ്ദേഹം നിഷ്‌കളങ്കനും സത്യസന്ധനുമാണ്. അധികാര മോഹം ഒട്ടുമില്ല. ഡോ. മന്‍മോഹന്‍ സിംഗ് രാഹുലിനെ ഗ്രാമവികസന മന്ത്രിയാക്കാര്‍ നിര്‍ദേശിച്ചിട്ടും അദ്ദേഹമത് സ്വീകരിച്ചില്ല. പാര്‍ട്ടി അധ്യക്ഷ പദവിയിലേക്കും അദ്ദേഹം വന്നില്ല. പ്രധാനമന്ത്രിയാകാനും മോഹമില്ല. കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നും രാജ്യം രക്ഷപ്പെടണമെന്നും മാത്രമാണ് രാഹുലിന്റെ ഏക ലക്ഷ്യം.

  • ശശി തരൂര്‍ നടത്തുന്ന പരിപാടി കളെക്കുറിച്ച് ? 

അത് അദ്ദേഹത്തിന്റെ അവകാശമാണ്. വളരെ കഴിവുകളുള്ള അന്താരാഷ്ട്ര വ്യക്തിത്വമാണ് തരൂര്‍ജി. മുസ് ലിം ലീഗ് നേതാക്കളെയും ബിഷപ്പുമാരെയും കണ്ടതില്‍ തെറ്റ് പറയാനാവില്ല. അദ്ദേഹത്തിന്റെ ശേഷി പ്രയോജനപ്പെടുത്തണമെന്നാണ് പാര്‍ട്ടി നിലപാട്. അതേ സമയം പാര്‍ട്ടി സംവിധാനത്തിനുള്ളില്‍ നിന്ന് വേണം ആരായാലും പ്രവര്‍ത്തിക്കാന്‍. ഹസന്‍ അഭിപ്രായപ്പെട്ടു .

Continue Reading

Video Stories

പ്രീക്വാര്‍ട്ടറില്‍ പോളണ്ടിനെ വീഴ്ത്തി ഫ്രാന്‍സിന്റെ തേരോട്ടം

മത്സരത്തിന്റെ അവസാന നിമിഷം ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് റോബര്‍ട്ട് ലെവന്‍ഡോസ്‌കി പോളണ്ടിന് ആശ്വാസഗോള്‍ സമ്മാനിച്ചു.

Published

on

ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍.റൗണ്ട് 16 പോരാട്ടത്തില്‍ പോളണ്ടിനെ 3-1 നാണ് ഫ്രാന്‍സ് തകര്‍ത്തത്.44-ാം മിനിറ്റില്‍ ഒലിവിയര്‍ ജിറൂദാണ് പോളണ്ട് പ്രതിരോധം തകര്‍ത്ത് ഫ്രാന്‍സിന് ആദ്യ ലീഡ് സമ്മാനിച്ചത്.

74-ാം മിനിറ്റിലും, രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലും ഗോളുകള്‍ അടിച്ച് കിലിയന്‍ എംബാപ്പെ പോളണ്ടിന്റെ അവസാന പ്രതീക്ഷകള്‍ ഇല്ലാതാക്കി ഫ്രാന്‍സിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

മത്സരത്തിന്റെ അവസാന നിമിഷം ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് റോബര്‍ട്ട് ലെവന്‍ഡോസ്‌കി പോളണ്ടിന് ആശ്വാസഗോള്‍ സമ്മാനിച്ചു.

 

 

Continue Reading

Video Stories

‘വിദേശവിമാനങ്ങള്‍ക്ക് അനുമതി വേണം’ ; കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യയാത്രക്കാരുടെ കൂട്ടായ്മ വ്യോമയാനമന്ത്രിയ കാണാന്‍ ഡല്‍ഹിയിലേക്ക്

വ്യോമയാന മന്ത്രി, വിവിധ വിമാനക്കമ്പനി പ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി കണ്ണൂര്‍ വിമാനത്താവള വികസനത്തിന് വഴിയൊരുക്കുകയാണ് ലക്ഷ്യം.

Published

on

കണ്ണൂര്‍: വിദേശ വിമാനങ്ങള്‍ക്ക് അനുമതി, കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍, വിദേശത്തെ കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക് സര്‍വീസുകള്‍ തുടങ്ങിയ ആവശ്യങ്ങളുമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യയാത്രക്കാരുടെ കൂട്ടായ്മ ഡല്‍ഹിയിലേക്കു പറക്കും.

വ്യോമയാന മന്ത്രി, വിവിധ വിമാനക്കമ്പനി പ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി കണ്ണൂര്‍ വിമാനത്താവള വികസനത്തിന് വഴിയൊരുക്കുകയാണ് ലക്ഷ്യം. 12ന് കണ്ണൂരില്‍ നിന്നു പുറപ്പെടുന്ന സംഘം 13, 14 ദിവസങ്ങളില്‍ ഡല്‍ഹിയിലുണ്ടാകും.നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു സര്‍വീസ് നടത്തുന്ന ഗോ ഫസ്റ്റ്, ഇന്‍ഡിഗോ, എയര്‍ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ച് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വിസ്താര, സ്പൈസ് ജെറ്റ്, ജെറ്റ് എയര്‍വെയ്സ്, ആകാശ തുടങ്ങിയ കമ്പനികളെ കണ്ണൂരിലേക്ക് ക്ഷണിക്കാനും യാത്ര ലക്ഷ്യമിടുന്നു.

 

Continue Reading

Trending