തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലത്തെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ അതിക്രമിച്ചുകയറി ചട്ടലംഘനം നടത്തിയതായി പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി ഡിജിപിക്കു കൈമാറി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ അനുമതി വാങ്ങാതെ ആര്‍.ശ്രീലേഖ ഓഫീസ് തുറക്കാന്‍ ശ്രമിച്ചുവെന്ന അഭിഭാഷകന്‍ കുളത്തൂര്‍ ജയ്സിങ് നല്‍കിയ പരാതിയിലാണ് നടപടി.
കോര്‍പ്പറേഷന് അപേക്ഷ നല്‍കി കൗണ്‍സില്‍ അംഗീകരിച്ച് രേഖാപരമായി അനുവാദം നല്‍കിയാല്‍ മാത്രമേ ശാസ്തമംഗലത്തെ കോര്‍പ്പറേഷന്റെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാര്യാലയത്തിലെ കെട്ടിടത്തില്‍ ശ്രീലേഖയ്ക്ക് ഓഫീസ് തുറക്കാന്‍ നിയമപരമായി കഴിയുകയുള്ളൂവെന്ന് പരാതിയില്‍ പറയുന്നു. തനിക്ക് ഓഫീസ് റൂം ഉണ്ടെന്നവകാശപ്പെട്ട് അവിടെയെത്തിയത് ചട്ടലംഘനമാണെന്നാണു പരാതി.