കരുളായിയില്‍ കാട്ടിനുള്ളില്‍ പ്രസവിച്ച ആദിവാസി യുവതിയും കുഞ്ഞും മരിച്ചു. വിവരം ആരോഗ്യ അധികൃതര്‍ അറിഞ്ഞപ്പോഴേക്കും ശവസംസ്‌കാരവും കഴിഞ്ഞു. കരുളായിയില്‍നിന്ന് ഏതാണ്ട് ഇരുപത് കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലെ മണ്ണളയില്‍ താമസിക്കുന്ന പ്രാക്തന ഗോത്രവര്‍ഗത്തില്‍പ്പെട്ട മോഹനന്റെ ഭാര്യ നിഷ (ചക്കി 38)യും അവരുടെ മൂന്നുദിവസം പ്രായമായ ആണ്‍കുഞ്ഞുമാണ് മരിച്ചത്.

ആരോഗ്യവകുപ്പ് അധികൃതര്‍ വൈകിയാണ് സംഭവം അറിയുന്നത്. കുഞ്ഞിനെ മുലയൂട്ടി അല്‍പ്പസമയത്തിനകം നിഷ മരിക്കുകയായിരുന്നു. കുടുംബം കുഞ്ഞിനെ നോക്കിയെങ്കിലും കുഞ്ഞും മരിച്ചു. കുഞ്ഞിന്റെ മൂക്കില്‍നിന്ന് രക്തം വന്നിരുന്നു. നിഷയുടെ മൂന്നാമത്തെ പ്രസവമായിരുന്നു ഇത്. ഗര്‍ഭിണിയായിരിക്കെ നിഷയ്ക്ക് വേണ്ടത്ര ചികിത്സ ലഭിച്ചിരുന്നില്ല.

പ്രസവം ആശുപത്രിയിലാക്കണമെന്നാണ് സര്‍ക്കാര്‍ നയമെങ്കിലും കരുളായി വനമേഖലയില്‍ പലപ്പോഴും അത് നടക്കാറില്ല. ഇവര്‍ മറ്റു ചികില്‍സ തേടിയെത്തുമ്പോഴാണ് പ്രസവക്കാര്യം അധികൃതര്‍ അറിയാറുള്ളത്.