കൊല്‍ക്കത്ത: മുന്‍ മന്ത്രി സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നത് ആഘോഷമാക്കി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സുവേന്ദു അടക്കം ഇരുപത്തഞ്ചോളം തൃണമൂല്‍ നേതാക്കളാണ് ഇന്ന് ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയിലെ വൈറസുകളും സത്യസന്ധരല്ലാത്തവരുമായ ആളുകള്‍ വിട്ടുപോയി എന്ന് പ്രഖ്യാപിച്ചാണ് അണികള്‍ പ്രകടനവുമായി രംഗത്തെത്തിയത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിക്കുമെന്നും ഇവര്‍ അവകാശപ്പെട്ടു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ റാലിയിലാണ് സുവേന്ദു ബിജെപി അംഗത്വം സ്വീകരിച്ചത്. ഒമ്പത് തൃണമൂല്‍ എംഎല്‍എമാരും സിപിഎമ്മില്‍ നിന്നും സിപിഐയില്‍ നിന്നും ഓരോ എംഎല്‍എമാര്‍ വീതവും ബിജെപിയില്‍ ചേര്‍ന്നു.

അതേസമയം, 200 സീറ്റുകള്‍ നേടി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അമിത് ഷാ അവകാശപ്പെടട്ടു. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ മമത ബാനര്‍ജി മാത്രമാകുമെന്നും അമിത് ഷാ പറഞ്ഞു.മിഡ്‌നാപ്പൂരിലായിരുന്നു അമിത് ഷായുടെ റാലി.