തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും. അടുത്തമാസം 31 വരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം. പരമ്പരാഗത വള്ളങ്ങള്‍ക്ക് നിരോധനം ബാധകമല്ല. വലിയ യന്ത്രവല്‍കൃത ബോട്ടുകള്‍ ഉപയോഗിച്ച് മീന്‍പിടുത്തം നടത്താനാകില്ല.

ട്രോളിംഗ് നിരോധനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. മത്സ്യബന്ധനത്തിനായി കടലില്‍ പോയ വലിയബോട്ടുകള്‍ രാത്രിയോടെ തിരിച്ചെത്തും. നിരോധനത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.