വാഷിങ്ടണ്‍: വിമര്‍ശകരായ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വ്യാജ വാര്‍ത്ത പുരസ്‌കാരം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക് ടൈംസ്, സി.എന്‍.എന്‍, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങി ട്രംപിനെ നിരന്തരം വിമര്‍ശിക്കുന്ന പ്രമുഖ മാധ്യമങ്ങളാണ് പുരസ്‌കാര പട്ടികയില്‍ പ്രഥമ സ്ഥാനത്ത്. സ്റ്റാലിനിസ്റ്റ് ഭാഷയിലാണ് ട്രംപ് മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്ന് വിമര്‍ശനമുയര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു പുരസ്‌കാര പ്രഖ്യാപനം. വ്യാജ്യ വാര്‍ത്തക്കുള്ള ട്രംപിന്റെ ആദ്യ പുരസ്‌കാരം ന്യൂയോര്‍ക്ക് ടൈംസിനാണ്. നൊബേല്‍ പുരസ്‌കാരം ജേതാവും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ പോള്‍ ക്രുഗ്മാന്‍ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിനാണ് പുരസ്‌കാരം. സാമ്പത്തിക വിഷയങ്ങളില്‍ ട്രംപിനുള്ള പരിചയക്കുറവും സ്ഥിരതയില്ലാത്ത സ്വഭാവവും ലോക സമ്പദ്ഘടനയെ തകര്‍ക്കുമെന്ന് ക്രുഗ്മാന്‍ ലേഖനത്തില്‍ പറഞ്ഞിരുന്നു. ട്രംപ് ഭരണത്തില്‍ അമേരിക്കന്‍ വിപണിയില്‍ ഇടിവുണ്ടായെന്ന വാര്‍ത്ത നല്‍കിയ എബിസി ന്യൂസിലെ ബ്രയാന്‍ റോസിനാണ് രണ്ടാം പുരസ്‌കാരം. പുരസ്‌കാര പട്ടികയിലുള്ള മറ്റ് മാധ്യമങ്ങളും എന്തൊക്കെ വ്യാജ വാര്‍ത്തകളാണ് തനിക്കെതിരെ നല്‍കിയിരിക്കുന്നതെന്ന് ട്രംപ് വിശദീകരിക്കുന്നുണ്ട്. സത്യസന്ധമല്ലാത്തതും അഴിമതി നിറഞ്ഞതുമായ മാധ്യമങ്ങളാണ് വിദ്വേഷം പരത്തുന്നതെന്ന് ട്രംപ് ആരോപിക്കുന്നു.