ബ്രസല്‍സ്്: ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍കള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന യു.എന്‍ ഏജന്‍സിക്കുള്ള ഫണ്ട് അമേരിക്ക ഗണ്യമായി വെട്ടിക്കുറച്ചപ്പോള്‍ സഹായഹസ്തവുമായി ബെല്‍ജിയം രംഗത്ത്. യു.എന്‍ റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റെഫ്യൂജീസിന്(യുഎന്‍ആര്‍ഡബ്ല്യുഎ) 23 ദശലക്ഷം ഡോളര്‍ നല്‍കുമെന്ന് ബെല്‍ജിയം ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ ഡേ ക്രൂ അറിയിച്ചു.
യു.എസ് സഹായം പകുതിയിലേറെ വെട്ടിക്കുറച്ചപ്പോഴുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ ബെല്‍ജിയത്തിന്റെ തീരുമാനം യു.എന്‍ ഏജന്‍സിക്ക് ആശ്വാസമാകും. യുഎന്‍ആര്‍ഡബ്ല്യുഎയുടെ പ്രയാസങ്ങള്‍ കണക്കിലെടുത്ത് ഫണ്ടിന്റെ ആദ്യ വിഹിതം ഉടന്‍ തന്നെ നല്‍കുമെന്ന് അലക്‌സാണ്ടര്‍ പറഞ്ഞു. 125 ദശലക്ഷം ഡോളറാണ് യു.എസ് നല്‍കിക്കൊണ്ടിരുന്നത്. അത് 65 ദശലക്ഷം ഡോളറായി കുറക്കാനാണ് യു.എസ് ഭരണകൂടത്തിന്റെ തീരുമാനം.
അരക്കോടിയോളം ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് ആശ്വാസമായ ഏജന്‍സിക്ക് അടിയന്തര സഹായം നല്‍കണമെന്ന് യുഎന്‍ആര്‍ഡബ്ല്യുഎ കമ്മീഷണര്‍ ജനറല്‍ ലോകരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് ഫണ്ട് അനുവദിക്കുന്നതെന്ന് അലക്‌സാണ്ടര്‍ അറിയിച്ചു. പ്രയാസകരവും അപകടകരവുമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യുഎന്‍ആര്‍ഡബ്ല്യുഎയോട് തനിക്ക് ഏരെ ബഹുമാനമുണ്ട്.
ഗസ്സയിലും സിറിയയിലും വെസ്റ്റ്ബാങ്കിലും മേഖലയിലെ മറ്റു പ്രദേശങ്ങളിലും ജീവിതസാഹചര്യങ്ങള്‍ ഏറെ ദുരിതപൂര്‍ണമാണ്. അനേകം ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് യുഎന്‍ ആര്‍ ഡബ്ല്യുഎ അവസാന അത്താണിയാണ്. ഈ ഏജന്‍സിയുടെ സഹായത്തോടെയാണ് അഞ്ചു ലക്ഷത്തോളം ഫലസ്തീന്‍ കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത്. തീവ്രവാദത്തിനും അക്രമങ്ങള്‍ക്കും ഇരയാകുന്നതില്‍നിന്ന് അത് അവരെ രക്ഷിക്കുന്നു-അദ്ദേഹം പറഞ്ഞു. ഫലസ്തീനികള്‍ക്കുള്ള ഫണ്ട് വെട്ടിച്ചുരുക്കിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ നിരവധി അന്താരാഷ്ട്ര സംഘടനകള്‍ അപലപിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഫലസ്തീന്‍ കുട്ടികളെ ബന്ദിയാക്കുകയാണ് യു.എസ് ചെയ്യുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെന്നത്ത് റോത്ത് കുറ്റപ്പെടുത്തി.
യു.എസ് ഭരണകൂടം തീരുമാനം പുനപ്പരിശോധിക്കണമെന്ന് നോര്‍വീജിയന്‍ റെഫ്യൂജി കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാന്‍ ഈജിലാന്‍ഡ് അഭ്യര്‍ത്ഥിച്ചു.