വാഷിംങ്ടണ്‍: അമേരിക്കയുടെ ആദ്യത്തെ വനിതാ പ്രസിഡന്റിനുള്ള സാധ്യതയെ തള്ളി ഇസ്‌ലാമോഫോബിയയുടെ പ്രസിഡന്റായി അമേരിക്കന്‍ ജനത ഡൊണാള്‍ഡ് ട്രംപിനെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മുസ്ലിംകള്‍ക്കെതിരെ ഒട്ടേറെ പരാമര്‍ശങ്ങള്‍ ട്രംപ് നടത്തിയിരുന്നു. ഇതെല്ലാം വന്‍ വിവാദങ്ങള്‍ക്ക് വഴി തെളിച്ചെങ്കിലും ഇപ്പോള്‍ പ്രസിഡന്റ് പദത്തില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ് ട്രംപ്.

ട്രംപിന്റെ മുസ്‌ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ വോട്ടര്‍മാരില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ചെറിയ ചലനങ്ങള്‍ ഉണ്ടാക്കിയെന്നതിനപ്പുറത്തേക്ക് അമേരിക്കന്‍ ജനത ട്രംപിനേയും അദ്ദേഹത്തിന്റെ ഇസ്‌ലാമോഫോബിയയേയും തെരഞ്ഞെടുക്കുകയാണുണ്ടായത്. ഒഹിയോ, ഫ്‌ളോറിഡ, നോര്‍ത്ത് കരോലീന തുടങ്ങിയ സംസ്ഥാനങ്ങള്‍ ട്രംപിന് പിന്തുണ നല്‍കുകയും ചെയ്തു. അമേരിക്കയിലേക്ക് മുസ്‌ലീംകളെ പ്രവേശിപ്പിക്കരുതെന്ന് പ്രചാരണ സമയത്ത് ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്റെ ഇത്തരത്തിലുള്ള പ്രസ്താവനകളെ 25ശതമാനം അമേരിക്കക്കാരും പിന്തുണക്കുന്നതായാണ് എന്‍ബിസിയുടെ 2015-ലെ സര്‍വ്വേയില്‍ പറയുന്നത്. എന്നാല്‍ 2016ഓടുകൂടി ട്രംപിനെ അനുകൂലിക്കുന്നവരുടെ ശതമാനം 51ശതമാനമായും വര്‍ദ്ധിച്ചിട്ടുണ്ട്. ഈ പിന്തുണയുടെ ബലത്തില്‍ തന്നെയാണ് അമേരിക്കയില്‍ മുസ്‌ലീംകളെ തടയണമെന്നതുള്‍പ്പെടെയുള്ള പ്രസ്താവനകള്‍ ട്രംപ് ശക്തപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ട്രംപ് തന്റെ പ്രചാരണ സമയത്ത് മുസ്‌ലീംകള്‍ക്കെതിരെ ആക്രോശവുമായെത്തിയത്. അമേരിക്കക്കാര്‍ക്ക് എന്താണ് വേണ്ടത്, അതിനടിസ്ഥാനത്തിലായിരുന്നു ട്രംപിന്റെ പ്രചാരണവും പിന്നീട് നടന്നത്.

ജനതയെ തിരിച്ചറിഞ്ഞ ട്രംപ് മുസ്‌ലീംകള്‍ക്കെതിരെയുള്ള വെറുപ്പിന്റെ വാക്കുകളാണ് പിന്നീട് ഉച്ചരിച്ചത്. ഖുര്‍ആന്‍ കത്തിക്കുന്നതിനേയും പള്ളികള്‍ക്കെതിരെയുള്ള പ്രതിഷേധത്തേയും അനുകൂലിച്ചു നടത്തിയ അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചു. ആന്റി മുസ്‌ലീം നടപടിക്കാരെ ട്രംപ് പിന്തുണച്ചു. രാഷ്ട്രീയമായും ഇസ്‌ലാമോഫോബിയക്കാരെ പിന്തുണക്കുന്ന നടപടികളുമായി ട്രംപ് മുന്നേറുകയും ചെയ്തു. എന്തിനെയാണ് തങ്ങള്‍ പിന്തുടരേണ്ടത് അതിനെ അംഗീകരിക്കുന്നത് തന്നെയായിരുന്നു അമേരിക്കന്‍ ജനതയുടെ തെരഞ്ഞെടുപ്പും വ്യക്തമാക്കിത്തരുന്നത്.

മുസ്‌ലീം ജനതക്കെതിരെയുള്ള ഒരു ജനനേതാവ് വരുമ്പോള്‍ ഇനിയുള്ള ഭാവിയില്‍ അത് പ്രതിഫലിക്കുമെന്നത് വാസ്തവം. മുസലീംകള്‍ക്കെതിരെയുള്ള വെറുപ്പും ആക്രമണങ്ങളും കൂടുതലാകുന്നതിനാണ് സാധ്യതയേറെയും. ട്രംപിന്റെ ഭരണം മുസ്‌ലീംകളുടെ ജീവിതത്തിന് നേരെയുള്ള കാഞ്ചിവലിക്കലായിരിക്കുമെന്ന ആശങ്കക്ക് ആധികാരികതയും ഉണ്ട്.
മുസ്‌ലീം കുടിയേറ്റക്കാര്‍, യുദ്ധസ്ഥലങ്ങളില്‍ നിന്നും വരുന്ന അഭയാര്‍ത്ഥികള്‍ എന്നിവര്‍ക്കെതിരെയായിരുന്നു ട്രംപിന്റെ പരാമര്‍ശം ഉയര്‍ന്നിരുന്നത്. കൂടാതെ മുസ്‌ലീംകള്‍ അമേരിക്ക വിട്ടുപോകണമെന്നും ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്റെ വിരുദ്ധപരമാര്‍ശങ്ങയേും നടപടികളേയും ആശങ്കയോടെ കണ്ടിരുന്ന അമേരിക്കന്‍ മുസ്‌ലീംകള്‍ക്ക് ഇപ്പോള്‍ കേള്‍ക്കേണ്ടി വന്ന വാര്‍ത്ത തങ്ങളെ നിരന്തരം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന വ്യക്തി പ്രസിഡന്റ് പദത്തിലെത്തിയെന്നതാണ്.