ടോക്കിയോ: ലോകത്തെ ഒരു രാജ്യവും അമേരിക്കയെ ചെറുതായി കാണരുതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. സമാധാനം പാലിക്കാനും സ്വാതന്ത്ര്യം സംരക്ഷിക്കാനും ആവശ്യമായ വിഭവം യു.എസ് സേനക്ക് ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

അഞ്ചു രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒമ്പതു ദിവസത്തെ മാരത്തണ്‍ ഏഷ്യന്‍ പര്യടനത്തിന് തുടക്കം കുറിച്ച് ജപ്പാനിലെത്തിയ അദ്ദേഹം ടോക്കിയോക്ക് സമീപമുള്ള യൊകോട്ട വ്യോമതാവളത്തില്‍ യു.എസ് സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആണവ, മിസൈല്‍ പരീക്ഷണങ്ങളെ ചൊല്ലി ഉത്തരകൊറിയയുയമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഭീഷണി. ഒരാളും, ഒരു ഏകാധിപതിയും, ഒരു ഭരണകൂടവും അമേരിക്കയുടെ നിശ്ചയദാര്‍ഢ്യത്തെ ചെറുതായി കാണേണ്ടതില്ല. ചരിത്രത്തില്‍ ഇടക്കൊക്കെ ചിലര്‍ അമേരിക്കയെ ചെറുതായി കണ്ടിട്ടുണ്ട്. അത് അവര്‍ക്ക് ഗുണം ചെയ്തിട്ടുമില്ല. ശരിയല്ലേ? യു.എസ് ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. ജയിച്ചു മാത്രമാണ് ഞങ്ങള്‍ക്ക് ശീലം. യു.എസ് പൗരന്മാരുടെ സുരക്ഷയും അമേരിക്കയുടെ മഹത്തായ ദേശീയ പതാകയും അപകടത്തിലാക്കി ഒരു കളിക്കും അമേരിക്ക നില്‍ക്കില്ലെന്നും ഉത്തരകൊറിയക്കുള്ള മുന്നറിയിപ്പെന്നോണം ട്രംപ് പ്രഖ്യാപിച്ചു.

25 വര്‍ഷത്തിനിടെ ഒരു യു.എസ് പ്രസിഡന്റ് ആദ്യമായാണ് ഇത്രയേറെ ദൈര്‍ഘ്യമുള്ള ഏഷ്യന്‍ പര്യടനം നടത്തുന്നത്. ജപ്പാനിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, പര്യടനത്തിനിടെ താന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനെ കാണുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഉത്തരകൊറിയന്‍ പ്രശ്‌നത്തില്‍ തനിക്ക് പുടിന്റെ സഹായം ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കക്കും ലോകത്തിനും ഉത്തരകൊറിയ ഒരു വലിയ പ്രശ്‌നമാണ്. ഞങ്ങള്‍ അത് പരിഹരിക്കാന്‍ ആഗ്രഹിക്കുന്നു-ട്രംപ് വ്യക്തമാക്കി. ഉത്തരകൊറിയയിലെ ജനങ്ങളെക്കുറിച്ച് അനുകമ്പയോടെയാണ് അദ്ദേഹം സംസാരിച്ചത്. ലോകം യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കിയതിനെക്കാള്‍ ഉത്തരകൊറിയക്കാര്‍ ഉന്നതരും കഠിനാധ്വാനികളും ചുറുചുറുക്കുള്ളവരുമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.

തെളിഞ്ഞ അന്തരീക്ഷത്തിലാണ് ട്രംപും പത്‌നി മെലാനിയയും ടോക്കിയോയില്‍ വിമാനമിറങ്ങിയത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇരുനേതാക്കളും ഗോള്‍ഫ് കളിച്ചു. വരും ദിവസങ്ങളില്‍ അദ്ദേഹം ദക്ഷിണ കൊറിയ, ചൈന, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ജപ്പാനിലേക്കുള്ള യാത്രാമധ്യേ, അമേരിക്കയെ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് വലിച്ചിഴച്ച് 1941ല്‍ ജാപ്പനീസ് ആക്രമണം നടന്ന പേള്‍ ഹാര്‍ബറിലെ യു.എസ്.എസ് അരിസോണ മെമ്മോറിയലില്‍ സന്ദര്‍ശനം നടത്തി. ഉത്തരകൊറിയക്കും ദക്ഷിണകൊറിയക്കും ഇടയിലെ നിഷ്പക്ഷ മേഖല ട്രംപ് സന്ദര്‍ശനം നടത്തില്ലെന്ന് യു.എസ് അധികാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജപ്പാനുമായുള്ള സഖ്യത്തെ ട്രംപ് പ്രകീര്‍ത്തിച്ചു. ആറു ദശാബ്ദക്കാലത്തിനിടെ മേഖലയില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ യു.എസ്-ജപ്പാന്‍ സഖ്യം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കരയിലും കടലിലും ആകാശത്തും ബഹിരാകാശത്തും അധീശത്വം പുലര്‍ത്തുന്നത് അമേരിക്കയും ജപ്പാനുമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.