തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കാനുള്ള തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് വരുന്ന കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ ജനകീയ കൂട്ടായ്മ. കൂട്ടായ്മയില്‍ റസിഡന്‍സ് അസോസിയേഷനുകളുടെ സംഘടനയായ ഫ്രാറ്റ്, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ്, ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനികളുടെ സംഘടനയായ ജി ടെക്, ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്‍, പ്രൊഫഷണലുകളായ യുവാക്കള്‍ തുടങ്ങിയവരാണുള്ളത്. വേണ്ടി വന്നാല്‍ കിഴക്കമ്പലം ട്വന്റി ട്വന്റി മാതൃകയില്‍ മൂന്നുമുന്നണികള്‍ക്കുമെതിരെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും ആലോചനയുണ്ട്.

തലസ്ഥാന നഗരത്തിന്റെ വികസനമാണ് കൂട്ടായ്മയുടെ അജണ്ട. നഗരവാസികള്‍ക്കിടയില്‍ സ്വാധീനമുള്ള നിരവധി സംഘടനകള്‍ ഇതിന്റെ ഭാഗമാണ്. വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം യാഥാര്‍ഥ്യത്തിലേക്ക് അടുക്കുമ്പോള്‍ തലസ്ഥാന നഗരത്തോട് പ്രതിബദ്ധതയില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ അതിന് തുരങ്കംവയ്ക്കുന്നുവെന്നാണ് ആരോപണം.

വരുന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ വിമാനത്താവള വികസനം മുഖ്യ ചര്‍ച്ചാ വിഷയമാക്കും. വികസനത്തിന് എതിരുനില്‍ക്കുന്നവരെ തോല്‍പ്പിക്കുമെന്നും വേണ്ടിവന്നാല്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും കൂട്ടായ്മയില്‍ അംഗമായ ജി.വിജയരാഘവന്‍ വ്യക്തമാക്കി.

ചെറുപ്പക്കാരാണ് കൂട്ടായ്മയുടെ ജീവന്‍. ഇത്തവണ തിരുവനന്തപുരം കോര്‍പറേഷനില്‍ യുവാക്കളുടെ വോട്ട് നിര്‍ണായകമാകുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് എതിരല്ലെന്ന് പറയുന്നുണ്ടെങ്കിലും രാഷ്ട്രീയനിലപാട് എടുക്കാതെ കാര്യം നേടാനാവില്ലെന്ന ചിന്തയും കൂട്ടായ്മയിലെ അംഗങ്ങള്‍ പങ്കുവയ്ക്കുന്നു.