ലക്‌നോ: പശുവിനെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ സ്ത്രീകളടക്കം ഒമ്പത് പേരെ ജയിലിലടച്ചു. മുസഫര്‍നഗര്‍ ജില്ലയിലെ ഖതൗലിയില്‍ സംഭവം. 12, 16 വയസുള്ള പെണ്‍കുട്ടികളും നാല് സ്ത്രീകളും അറസ്റ്റിലായവരില്‍പെടും.

കോടതിയില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടികളെ ജുവൈനല്‍ ഹോമിലേക്കും മറ്റുള്ളവരെ ജയിലിലേക്കും അയച്ചു. വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഘത്തില്‍ നിന്ന് 10 കിലോ പശു ഇറച്ചിയും കശാപ്പ് ചെയ്യാന്‍ ഉപയോഗിച്ച ആയുധങ്ങളും പിടിച്ചെടുത്തതായി പൊലീസ് അവകാശപ്പെട്ടു. സംഭവ സ്ഥലത്തു നിന്ന് നാലുപേര്‍ ഓടി രക്ഷപ്പെട്ടതായും നസീമുദ്ദീന്‍ എന്നയാളാണ് മുഖ്യപ്രതിയെന്നും പൊലീസ് അറിയിച്ചു. നസീമുദ്ദീന്റെ ഭാര്യയും മക്കളും ബന്ധുക്കളുമാണ് പിടിയിലായത്. എന്നാല്‍ പെണ്‍കുട്ടികളെയും അമ്മയേയും വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ രംഗത്തെത്തി.

പൊലീസ് നടപടിയില്‍ ദുരൂഹതയുണ്ടെന്നും ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ ന്യൂനപക്ഷങ്ങളെ അകാരണമായി വേട്ടയാടുകയാണെന്നും ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് ശദാബ് അഹമ്മദ് പ്രതികരിച്ചു. സംഭവം വിവാദമായതോടെ അന്വേഷണത്തിന് എസ്.എസ്.പി അജയ് സഹദേവ് ഉത്തരവിട്ടു. എന്നാല്‍ സ്ത്രീകളെ സംഭവ സ്ഥലത്തു നിന്നാണ് അറസ്റ്റ് ചെയ്തതെന്നും നസിമുദ്ദീനെതിരെ മുമ്പും ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സ്റ്റേഷന്‍ ഓഫീസര്‍ അംബിക പ്രസാദ് ഭരദ്വാജ് പറഞ്ഞു.