ദുബായ്: ഇന്ത്യന്‍ വ്യവസായി ബിആര്‍ ഷെട്ടി സ്ഥാപിച്ച ഫിനാബ്ലറും അതിനു കീഴിലുള്ള യുഎഇ എക്‌സ്‌ചേഞ്ചും ഏറ്റെടുക്കാന്‍ തയാറായി ഇസ്രയേല്‍. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്രയേലി കമ്പനി പ്രിസം അഡ്വാന്‍സ് സൊല്യൂഷന്‍സാണ് യുഎഇ എക്‌സ്‌ചേഞ്ച് ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചത്. ഏറ്റെടുക്കല്‍ നടപടി ഒരു മാസം കൊണ്ട് പൂര്‍ത്തിയാക്കും. ഫിനാബ്ലര്‍ നിലവില്‍ വന്‍ കടക്കെണിയിലാണ്.

നിലവില്‍ 7000 കോടിയിലധികം രൂപയുടെ കടത്തിലാണ് ഫിനാബ്ലര്‍. ഫിനാബ്ലറിനും യുഎഇ എക്‌സ്‌ചേഞ്ചിനുമുള്ള പ്രവര്‍ത്തന മൂലധനം പ്രിസം നല്‍കും. കമ്പനിയില്‍ വന്‍ അഴിച്ചുപണിയും ഉണ്ടാകും. യുഎഇ-ഇസ്രയേല്‍ നയതന്ത്രബന്ധം ആരംഭിച്ചതിനു ശേഷമുള്ള ആദ്യ വാണിജ്യ ഇടപാട് എന്ന നിലയില്‍ ഫിനാബ്ലറിനെ ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നു പ്രിസം സഹസ്ഥാപകനും ഡയറക്ടറുമായ ഗൈ റോസ്‌ചൈല്‍സ് പ്രതികരിച്ചു.

ഫിനാബ്ലറിന്റെ രജിസ്‌ട്രേഷന്‍ നേരത്തെ റദ്ദാക്കിയിരുന്നു. സാമ്പത്തിക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് ടാക്‌സ് അതോറിറ്റിയാണ് ഫിനാബ്ലറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. ഇതേ തുടര്‍ന്ന് കമ്പനി സഹ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ഷെട്ടി രാജിവച്ചു. കമ്പനി മാതൃരൂപമായ എന്‍എംസി ഹെല്‍ത്ത് കെയര്‍ മെഡിക്കല്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഷെട്ടിയുടെ ഭാര്യ ഡോ. ചന്ദ്രകുമാരിയും കഴിഞ്ഞ ആഴ്ച രാജിവച്ചിരുന്നു.