തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് ഇന്ന് ബൂത്തിലെത്തുന്നത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി. പി.കെ കുഞ്ഞാലിക്കുട്ടിയും വോട്ട് ചെയ്തു.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ കണ്ട അതേ ട്രെൻഡാണ് ഉള്ളതെന്നും മലബാറിൽ പോളിങ് ഊർജിതമായിരിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘ നല്ല ആവേശമുണ്ട്. 10 കൊല്ലമായി അനുഭവിക്കുന്ന വിഷമങ്ങൾ ഏറ്റെടുത്ത് ജനം വോട്ടു ചെയ്യും. ശബരിമല വിഷയവും ജനം ഗൗരവത്തോടെ എടുക്കും. കോർപറേഷനുകളില്‍ യുഡിഎഫ് തിരിച്ചുവരും. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും’’–കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഏഴ് തെക്കന്‍ ജില്ലകളിലെ വോട്ടെടുപ്പ് ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. വടക്കന്‍ ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാര്‍ഡുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണി മുതല്‍ വൈകീട്ട് ആറു വരെയാണ് പോളിങ്.
72,46,269 പുരുഷന്മാരും 80,90,746 സ്ത്രീകളും 161 ട്രാന്‍സ് ജെന്റേഴ്സും 3293 പ്രവാസി വോട്ടര്‍മാരും അടക്കം 153 കോടി വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. 18.974 പുരുഷന്മാരും, 20,020 വനിതകളും ഉള്‍പ്പെടെ ആകെ 38,994 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലേക്ക് 28,274, ബ്ലോക്ക് പഞ്ചായത്തിലേക്ക് 3742, ജില്ലാ പഞ്ചായത്തിലേക്ക് 681, മുനിസിപ്പാലിറ്റികളിലേക്ക് 5540, കോര്‍പ്പറേഷനുകളിലേക്ക് 751 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളുടെ എണ്ണം.
18,274 പോളിംഗ് ബൂത്തുളാണ് രണ്ടാംഘട്ടത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ 2055 എണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്. തൃശൂര്‍-11, പാലക്കാട്-180, മലപ്പുറം- 295, കോഴിക്കോട്-166, വയനാട് 189, കണ്ണൂര്‍- 1025, കാസര്‍കോട് -119 എന്നിങ്ങനെയാണ് പ്രശ്നബാധിത ബൂത്തുകള്‍. ഇവിടങ്ങളില്‍ വെബ്കാസിംഗ് ഏര്‍ പ്പെടുത്തിയിട്ടുണ്ട്. കാന്‍ഡിഡേറ്റ് സെറ്റിങ് കഴിഞ്ഞ 10,274 കണ്‍ട്രോള്‍ യൂണിറ്റും 49,019 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2631 കണ്‍ട്രോള്‍ യൂണിറ്റും 6943 ബാലറ്റ് യൂണിറ്റും റിസര്‍വായി കരുതിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വോട്ടമാരുള്ളത് മലപ്പുറത്താണ്. 36.10 ലക്ഷം. കുറവ് വയനാട് ജില്ലയിലാണ് 6.47 ല 20. തൃശൂര്‍-27.54 ലക്ഷം, പാലക്കാട്-24.33 ലക്ഷം, കോഴിക്കോട്-26.82 ലക്ഷം , കണ്ണൂര്‍-20.88 ലക്ഷം, കാസര്‍കോട്-11.11 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ വോട്ടര്‍മാര്‍.