ജോസ് കെ മാണി വിശ്വാസ വഞ്ചന കാട്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണിക്കുള്ളിലും പുറത്തു വഞ്ചിച്ചവരെ ഒപ്പം നിര്‍ത്താനാവില്ലെന്നും ജോസ് കെ മാണിയോട് മാണിയുടെ ആത്മമാവ് പൊറുക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. ജോസ് വിഭാഗത്തെ പുറത്താക്കിയിട്ടില്ലെന്നും മുന്നണിവിട്ടാല്‍ എംപി സ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവക്കേണ്ടിവരുമെന്നും, ചെന്നിത്തല പറഞ്ഞു.

ജോസ് കെ മാണി വിഭാഗത്തെ ഒഴുവാക്കി കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കാന്‍ ഇന്ന് ചേര്‍ന്ന യുഡിഎഫ് ഉന്നതാധികാര യോഗത്തില്‍ തീരുമാനമായി. ജോസ് കെ മാണി മുന്നണിയിലേക്ക് തിരിച്ചെത്തുന്ന കാര്യം പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്ന് പി ജെ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ജോസ് വിഭാഗത്തെ പുറത്താക്കിയതായി യുഡിഎഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പൂര്‍ണമായും കൈയൊഴിഞ്ഞ നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇതിന്റെ ഭാഗമായാണ് കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കിയത്. കുട്ടനാട്ടില്‍ ജോസഫ് ഗ്രൂപ്പിലെ ജേക്കബ് എബ്രഹാം സ്ഥാനാര്‍ത്ഥിയാകും, പി ജെ ജോസഫ് ഇക്കാര്യം വ്യക്തമാക്കി.

അതേസമയം, ജോസ് കെ മാണി പക്ഷത്തിനു രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിന് എതിരെ പിജെ ജോസഫ്‌ കേരള ഹൈക്കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം നിയമപരമായി നിലനിൽക്കില്ലെന്ന് പിജെ ജോസഫിന്റെ ഹർജിയിൽ പറയുന്നു.