kerala

അവസാന വര്‍ഷ ബിരുദ പരീക്ഷകള്‍ ആഗസ്റ്റ് 31ന് മുമ്പ് നടത്തണം, പുതിയ അധ്യയന വര്‍ഷം ഒക്‌ടോബര്‍ ഒന്നിന്:യു ജി സി

By Test User

July 17, 2021

ഡല്‍ഹി: 202122 വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശന നടപടികള്‍ സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാക്കണമെന്ന് യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ നിര്‍ദേശം. ഒക്‌ടോബര്‍ ഒന്നിന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കണമെന്നാണ് യുജിസിയുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ അറിയിച്ചിട്ടുള്ളത്.

2020-21 വര്‍ഷത്തെ അവസാന സെമസ്റ്റര്‍/ വര്‍ഷ പരീക്ഷകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍ബന്ധമായും നടത്തണമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഓഫ് ലൈനായോ ഓണ്‍ലൈനായോ, ഓണ്‍ലൈനും ഓഫ് ലൈനുമായോ ആഗസ്റ്റ് 31ന് മുമ്പ് നിര്‍ബന്ധമായും നടത്തണം. അതേസമയം, ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളുണ്ടായിരിക്കില്ല. വെള്ളിയാഴ്ച പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഒന്നാംവര്‍ഷ ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തേണ്ട അവസാന തീയതി ഒക്‌ടോബര്‍ 31 ആണ്. അടിസ്ഥാന യോഗ്യത പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിസംബര്‍ 31വരെ സമര്‍പ്പിക്കാം. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം ജൂലൈ 31നകം പ്രസീദ്ധീകരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത്. ഫലപ്രഖ്യാപനത്തില്‍ മാറ്റമുണ്ടായാല്‍ ഒക്‌ടോബര്‍ 18ന് അധ്യയന വര്‍ഷം ആരംഭിക്കുന്ന തരത്തില്‍ ക്രമീകരണം നടത്താനാണ് യു ജി സി സെക്രട്ടറി രജനീഷ് ജെയിന്‍ വൈസ് ചാന്‍സലര്‍മാര്‍ക്കും കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കും അയച്ച കത്തില്‍ പറയുന്നത്. ഓണ്‍ലൈനായോ ഓഫ്‌ലൈനായോ രണ്ടും കൂടിയോ ക്ലാസ് ആരംഭിക്കാം. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളുടെ ഫലമടക്കം വന്നശേഷം മാത്രമേ ബിരുദ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നുള്ളു എന്ന കാര്യം ഉറപ്പാക്കണമെന്നും കത്തില്‍ പറയുന്നു.