Connect with us

kerala

ഏക സിവില്‍ കോഡ് ; മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചു

ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ കേരള നിയമസഭ ആശങ്കയും ഉല്‍ക്കണ്ഠയും രേഖപ്പെടുത്തുന്നുവെന്നും ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്നു ഈ സഭ വിലയിരുത്തുന്നുവെന്നും പ്രമേയത്തിൽ വ്യക്തമാക്കി

Published

on

ഏക സിവില്‍ കോഡ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചു.ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ കേരള നിയമസഭ ആശങ്കയും ഉല്‍ക്കണ്ഠയും രേഖപ്പെടുത്തുന്നുവെന്നും ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്നു ഈ സഭ വിലയിരുത്തുന്നുവെന്നും പ്രമേയത്തിൽ വ്യക്തമാക്കി.ഏക സിവില്‍ കോഡിനെതിരെ പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം.

മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം :

ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ കേരള നിയമസഭ ആശങ്കയും ഉല്‍ക്കണ്ഠയും രേഖപ്പെടുത്തുന്നു. ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്നു ഈ സഭ വിലയിരുത്തുന്നു.

ഭരണഘടന അതിന്റെ നിര്‍ദ്ദേശക തത്വങ്ങളില്‍ മാത്രമാണ് പൊതു സിവില്‍ നിയമത്തെക്കുറിച്ചു പരാമര്‍ശിക്കുന്നത്. നിര്‍ദ്ദേശക തത്വങ്ങളില്‍ മാത്രമായി ഇതു പരിമിതപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. നടപ്പാക്കണമെന്ന നിര്‍ബന്ധ സ്വഭാവമുള്ളവയല്ല നിര്‍ദ്ദേശക തത്വങ്ങള്‍. മൗലികാവകാശങ്ങള്‍ നിര്‍ബന്ധിതമായി നടപ്പാക്കാന്‍ കോടതിക്കു കല്‍പിക്കാം. എന്നാല്‍, കോടതിക്ക് പോലും നിര്‍ബ്ബന്ധിതമായി നടപ്പാക്കണം എന്ന് കല്‍പിക്കാനാവാത്തതാണു ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിലെ നിര്‍ദ്ദേശക തത്വങ്ങള്‍. ഭരണഘടനാ ശില്‍പികള്‍ എത്രമേല്‍ ആലോചിച്ചാണിങ്ങനെ ചെയ്തത് എന്നും എന്തുകൊണ്ടാണിങ്ങനെ ചെയ്തത് എന്നും മനസ്സിലാക്കണം.

ഭരണഘടനയുടെ ആമുഖത്തിലൂടെ തന്നെ മതനിരപേക്ഷത ഉറപ്പു നല്‍കുന്ന രാജ്യമാണ് ഇന്ത്യ. ഏതു മതത്തില്‍ വിശ്വസിക്കാനും അതിന്‍പ്രകാരം ജീവിക്കാനുമുള്ള പൗരന്റെ സ്വാതന്ത്ര്യം മൗലികാവകാശങ്ങളുടെ ഭാഗമാക്കിത്തന്നെ ഭരണഘടന ഉറപ്പു നല്‍കുന്നു. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന ആ മതസ്വാതന്ത്ര്യം മതപരമായ വ്യക്തിനിയമങ്ങള്‍ അനുസരിക്കാനും ജീവിതത്തില്‍ ആചരിക്കാനുമുള്ള അവകാശത്തെക്കൂടി ഉള്‍ക്കൊള്ളുന്നതാണെന്നിരിക്കെ, ആ ആചരിക്കലിനെ വിലക്കുന്ന നിയമനിര്‍മ്മാണം, ഭരണഘടനാപരമായ മതസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന്റെ നിഷേധവും ലംഘനവുമാവും. സ്വന്തം മതവിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കുക എന്നതു മൗലികമായ വ്യക്തി സ്വാതന്ത്ര്യമായിരിക്കെ, അതു നിഷേധിക്കലാവും.

ഭരണഘടനയുടെ 44-ാം അനുച്ഛേദത്തില്‍ പറയുന്നത് ഒരു പൊതു സിവില്‍ നിയമസംഹിത സംപ്രാപ്തമാക്കുവാന്‍ രാഷ്ട്രം യത്‌നിക്കേണ്ടതാണ് എന്നു മാത്രമാണ്. അഭിപ്രായസമന്വയത്തിലൂടെ, വ്യത്യസ്ത മതവിഭാഗങ്ങളുമായുള്ള ആശയസംവാദത്തിലൂടെ കാലക്രമത്തില്‍ മാത്രം സാധിക്കേണ്ടതാണത് എന്നതാണ് അതിന്റെ സൂചന. അത്തരത്തിലുള്ള ഒരു ആശയ സംവാദം നടത്തുകയോ അഭിപ്രായ സമന്വയം സൃഷ്ടിക്കുകയോ ചെയ്യാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലുള്ള ഏകപക്ഷീയ നീക്കവുമായി മുന്നോട്ടു വന്നിട്ടുള്ളത് എന്നത് വിവിധ ജനവിഭാഗങ്ങളില്‍ ആശങ്കയുളവാക്കുന്നു. കേരള നിയമസഭയും ആ ആശങ്ക പങ്കുവെക്കുന്നു. ജനങ്ങളുടെ ഒരുമയെ ഛിദ്രീകരിക്കാനുള്ള വര്‍ഗ്ഗീയ നീക്കമാണ് ഇത് എന്നും, രാഷ്ട്രത്തിന്റെ ഐക്യത്തിന് ഹാനികരമാണ് ഇത്തരം അടിച്ചേല്‍പ്പിക്കലുകള്‍ എന്നും വിലയിരുത്തുന്നു.

കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ തന്നെ ഏക സിവില്‍ നിയമത്തെ സംബന്ധിച്ച വ്യത്യസ്താഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ആ അവസരത്തില്‍ ഡോ. ബി ആര്‍ അംബേദ്കര്‍ ഇക്കാര്യത്തിലെടുത്ത നിലപാട് ശ്രദ്ധേയമാണ്. ഇന്ത്യയുടെ സങ്കീര്‍ണമായ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ പരിഗണിക്കുന്നതും വ്യത്യസ്ത മതവിഭാഗങ്ങളുടെ സമന്വയത്തെ ശക്തമാക്കുന്നതുമായിരുന്നു അംബേദ്കറുടെ നിലപാട്. വൈവിധ്യത്തിലെ ഏകത്വത്തെ അംഗീകരിക്കുന്നതായിരുന്നു അത്.

വ്യക്തിനിയമങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവകാശം പൗരജനങ്ങളില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള പൊതു സിവില്‍ നിയമത്തിനായി വേണമെങ്കില്‍ പാര്‍ലമെന്റിനു ശ്രമിക്കാമെന്നു പറഞ്ഞ അംബേദ്കര്‍ അതുപോലും നിര്‍ബ്ബന്ധമായി വേണമെന്നു ശഠിച്ചില്ല. കേവലം ഒരു സാധ്യത സൂചിപ്പിക്കുക മാത്രമാണദ്ദേഹം ചെയ്തത്. അതിന്റെ പ്രതിഫലനമാണ് പൊതു സിവില്‍ നിയമ പരാമര്‍ശം നിര്‍ദ്ദേശക തത്വങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടത്.

രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന വിഷയങ്ങളില്‍ വിവിധ മതവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി പൊതുസമീപനം ഉരുത്തിരിയുന്നതുവരെ, തിടുക്കത്തിലുള്ള നീക്കങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് ഈ സഭ ഏകകണ്‌ഠേന ആവശ്യപ്പെടുന്നു.

 

kerala

ശബരിമല വൃശ്ചിക പുലരി: ഭക്തരുടെ വലിയ തിരക്ക്, ഡിസംബര്‍ 2 വരെ വിര്‍ച്വല്‍ ബുക്കിംഗ് പൂര്‍ത്തിയായി

ദിവസേന 70,000 തീര്‍ത്ഥാടകര്‍ക്ക് വിര്‍ച്വല്‍ ബുക്കിംഗ് വഴി ദര്‍ശന സൗകര്യം ലഭ്യമാക്കിയിരിക്കെ, ഡിസംബര്‍ 2 വരെ എല്ലാ സ്ലോട്ടുകളും പൂര്‍ണ്ണമായി ബുക്ക് ചെയ്തു കഴിഞ്ഞു.

Published

on

ശബരിമല: വൃശ്ചിക പുലരിയോടനുബന്ധിച്ച് ശബരിമലയില്‍ ഇന്ന് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ദിവസേന 70,000 തീര്‍ത്ഥാടകര്‍ക്ക് വിര്‍ച്വല്‍ ബുക്കിംഗ് വഴി ദര്‍ശന സൗകര്യം ലഭ്യമാക്കിയിരിക്കെ, ഡിസംബര്‍ 2 വരെ എല്ലാ സ്ലോട്ടുകളും പൂര്‍ണ്ണമായി ബുക്ക് ചെയ്തു കഴിഞ്ഞു.

ചെങ്ങന്നൂര്‍, എരുമേലി, വണ്ടിപ്പെരിയാര്‍ സത്രം, പമ്പ, നിലക്കല്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതുവഴി ദിവസവും 20,000 തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കും. ഇന്ന് രാവിലെ 7 മണി മുതല്‍ സത്രം വഴി പ്രവേശനം ആരംഭിച്ചു. പുലര്‍ച്ചെ 3 മുതല്‍ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 3 മുതല്‍ രാത്രി 11 വരെയുമാണ് ദര്‍ശന സമയം.

അതേസമയം, ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ എസ്.ഐ.ടി സംഘം ഇന്ന് സന്നിധാനത്ത് പരിശോധന നടത്തും. ശ്രീകോവിലിലെ ദ്വാരപാലക പാളി, കട്ടിളപ്പാളി എന്നിവര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തുകയാണ്.

സ്വര്‍ണ്ണകൊള്ള കേസിലെ രേഖകള്‍ ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിശോധിക്കുന്നത്. കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നത് സംബന്ധിച്ചാണ് ഇ.ഡിയുടെ നിലപാട്. നേരത്തെ റാന്നി മജിസ്‌ട്രേറ്റ് കോടതി രേഖകള്‍ നല്‍കുന്നതിനെതിരെ വിധി പറഞ്ഞിരുന്നു, ഇതിനെതിരെയാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

 

Continue Reading

kerala

ട്രെയിനില്‍ കയറുന്നതിനിടെ യാത്രക്കാരന്‍ പാളത്തിലേക്ക് വീണു; ഒരു കാല്‍ നഷ്ടമായി

ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

Published

on

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഒരു യാത്രക്കാരന്‍ പാളത്തിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

ട്രെയിനിനും ട്രാക്കിനുമിടയില്‍ പെട്ട് അദ്ദേഹത്തിന്റെ ഒരു കാലാണ് നഷ്ടമായത്. അപകടം കണ്ട റെയില്‍വേ പൊലീസും സഹയാത്രക്കാരും ചേര്‍ന്ന് പരിക്കേറ്റയാളെ ഉടന്‍ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

 

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,455, പവന് 91,640 എന്ന നിലയിലായി.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് (നവം. 17) വീണ്ടും കുറഞ്ഞു. അവധി ദിനമായ ഇന്നലെ ഒഴികെ നോക്കുമ്പോള്‍ തുടര്‍ച്ചയായി മൂന്നുദിവസമാണ് വില ഇടിഞ്ഞത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,455, പവന് 91,640 എന്ന നിലയിലായി.

അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 4,083.09 ഡോളര്‍ എന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്.

ശനിയാഴ്ച പവന് 1,140 ഇടിഞ്ഞ് 91,720 ആയിരുന്നു. വെള്ളിയാഴ്ച രാവിലെ, ഉച്ച എന്നീ രണ്ടു ഘട്ടങ്ങളിലായി ഗ്രാമിന് 145, പവന് 1,160 വീതം വില കുറഞ്ഞിരുന്നു. അന്നത്തെ പവന്‍ വില 93,160 ആയിരുന്നു

 

Continue Reading

Trending