തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ എസ്.എഫ്.ഐ അക്രമ പരമ്പര തുടരുന്നു. യൂണിവേഴ്സിറ്റി യൂണിയന്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സി.യു ക്യാമ്പസില്‍ സംഘടിപ്പിച്ച കഫ് ആന്റ് കാര്‍ണിവല്‍ പരിപാടി വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തതില്‍ അരിശം പൂണ്ട് സമാപന ദിവസമായ ഇന്നലെ പരിപാടി തടസ്സപ്പെടുത്തുകയും അലങ്കോലമാക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഇന്നലെയും പൊലീസിന്റെ ഒത്താശയോടെ ക്യാമ്പസില്‍ അക്രമം അഴിച്ച് വിട്ടിരിക്കുകയാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ എം.എസ്.എഫ് മുന്നണി പിടിച്ചെടുത്തത് മുതല്‍ എസ്.എഫ്.ഐ നിരന്തരം അക്രമം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. യൂണിവേഴ്സിറ്റി യൂണിയന് അനുവദിച്ച പുതിയ ഓഫീസില്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി സഫ്വാന്‍ ഔദ്യോഗിക കൃത്യം നിര്‍വ്വഹിക്കവെ 15 ഓളം എസ്.എഫ്.ഐ ക്രിമിനലുകള്‍ ഓഫീസിലേക്ക് കയറി വരികയും ജനറല്‍ സെക്രട്ടറിയെ ബന്ദിയാക്കി കഫ് ആന്റ് കാര്‍ണിവലിന്റെ നടത്തിപ്പിന്റെ ആവശ്യത്തിലേക്ക് ഓഫീസില്‍ സൂക്ഷിച്ചിരുന്ന 5.70 ലക്ഷം രൂപയും പ്രിന്ററും കൊള്ളയടിക്കുകയും ഓഫീസ് അടിച്ച് തകര്‍ത്ത് കസേര, മേശ, ബെഞ്ച് മുതലായവ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് നോക്കി നില്‍ക്കെയാണ് എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹിയും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായ അഫ്സലിന്റെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘം ക്യാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം അഴിച്ചുവിട്ടത്. അക്രമികള്‍ക്കെതിരെ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ക്കും തേഞ്ഞിപ്പലം പൊ ലീസ് സ്റ്റേഷനിലും യൂണിവേഴ്സിറ്റി യൂണിയന്‍ ഭാരവാഹികള്‍ പരാതി നല്‍കിയിട്ടുണ്ട്.
എസ്.എഫ്.ഐ ക്രിമിനലുകള്‍ അടിച്ച് തകര്‍ത്ത് പണവും വസ്തുക്കളും കവര്‍ച്ച ചെയ്ത കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ ഓഫീസ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, സംസ്ഥാന ഭാരവാഹികളായ ഷറഫുദ്ദീന്‍ പിലാക്കല്‍, പി.എ.ജവാദ്, ജില്ലാ ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, സംസ്ഥാന കമ്മിറ്റി അംഗം അമീന്‍ റാഷിദ്, ജില്ലാ കമ്മിറ്റി അംഗം സലാഹു തെന്നല, ഹരിത സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഫിദ.ടി.പി, സംസ്ഥാന കമ്മിറ്റി അംഗം മുസ്ലിഹ മങ്കട, ടി.സി.മുസാഫിര്‍ ഇജാസ് അഹമ്മദ്, ഹിബ.എ.ആര്‍, എം.സി.ഫായിസ്, മുബഷിര്‍.ഇ, യാസിറ ഷഹാന എന്നിവര്‍ സന്ദര്‍ശിച്ചു.