Video Stories
ഉത്തര്‍പ്രദേശിലെ സംഘ് പരീക്ഷണം

ഹനീഫ പുതുപറമ്പ്
ഇന്ത്യയിലെ ജനപ്രിയ സിനിമയുടെ പ്രതീകമായി രാജ്യത്തിനകത്തും പുറത്തും ഒരുപോലെ അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന നടനാണ് ഷാരൂഖ് ഖാന്‍. ലക്ഷക്കണക്കിന് ആളുകളുടെ ഇഷ്ട നായകന്‍. ഇപ്പോള്‍ യു.പിയുടെ മുഖ്യമന്ത്രിയാകാന്‍ നിയോഗിക്കപ്പെട്ട യോഗി ആദിത്യനാഥ് 2015 നവംബര്‍ 4 ന് ഷാരൂഖ്ഖാനെ കുറിച്ച് നടത്തിയ ഒരു പ്രസ്താവന ഇങ്ങിനെയായിരുന്നു: ‘രാജ്യത്തെ വലിയൊരു ജനവിഭാഗം ഷാരൂഖ് ഖാന്റെ സിനിമകളെ ബഹിഷ്‌കരിക്കാന്‍ തയാറായാല്‍, മറ്റേതൊരു സാധാരണ മുസ്‌ലിമിനെയും പോലെ ഷാരൂഖ് ഖാനും തെരുവില്‍ അലയേണ്ടിവരും. പാക്കിസ്താനി ഭീകരന്‍ നഫീസ് നയീദിന്റെയും ഷാരൂഖ് ഖാന്റെയും വാക്കുകള്‍ തമ്മില്‍ ഒരു വ്യത്യാസവും ഞാന്‍ കാണുന്നില്ല.’ ലക്ഷക്കണക്കിന് ആളുകളുടെ ഇഷ്ട നടനായ ഒരാളെക്കുറിച്ച് അയാള്‍ പേരുകൊണ്ട് മുസ്‌ലിമായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ ഇത്ര പ്രകോപിതനായി പ്രതികരിച്ച ഒരാളാണ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്നത്.
ഒരു ഹൈന്ദവ യുവതിയെ വിവാഹം കഴിച്ച ഷാരൂഖ്, തന്റെ വീട്ടില്‍ ഹൈന്ദവ വിഗ്രഹങ്ങളും ഖുര്‍ആനും ഒരു പോലെയാണെന്നും അഞ്ച് നേരം നമസ്‌കരിക്കുന്ന തരത്തിലുള്ള ഒരു മത വിശ്വാസിയല്ല താനെന്നും പറഞ്ഞിട്ടുണ്ട്. ഇത്രയൊക്കെയായിട്ടും യോഗി ആദിത്യനാഥിന്റെ ‘ഗുഡ് സര്‍ട്ടിഫിക്കറ്റ്’ അദ്ദേഹത്തിന് കിട്ടിയില്ല എന്നു മാത്രമല്ല കടുത്ത അധിക്ഷേപത്തിന് പാത്രമാവുകയും ചെയ്തു. മുസ്‌ലിംകള്‍ക്കെതിരെ കടുത്ത ഭാഷയില്‍ യോഗി ആദിത്യനാഥ് വേറെയും നിരവധി പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. 2014 സെപ്തംബര്‍ 7ന് ആദിത്യനാഥ് നടത്തിയ ഒരു പരാമര്‍ശം ഇങ്ങിനെയായിരുന്നു: ‘രണ്ടര വര്‍ഷം സമാജ്‌വാദി പാര്‍ട്ടി യു.പി ഭരിച്ചപ്പോള്‍ 450 വര്‍ഗീയ കലാപങ്ങളുണ്ടായി. കാരണം ഇവിടെ ഒരു പ്രത്യേക സമുദായക്കാരുടെ ജന സംഖ്യ പലമടങ്ങായി വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. ഒരു സ്ഥലത്ത് 10 മുതല്‍ 20 ശതമാനം വരെ ന്യൂനപക്ഷങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ ഒറ്റപ്പെട്ട വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാകും. ഇത് 20 മുതല്‍ 35 ശതമാനം വരെയാണെങ്കില്‍ അവിടെ വര്‍ഗീയ ലഹളകളുണ്ടാകും; ന്യൂനപക്ഷങ്ങളുടെ എണ്ണം 35 ശതമാനത്തില്‍ അധികമാണെങ്കില്‍ അവിടെ മുസ്‌ലിംകളല്ലാത്തവര്‍ക്ക് താമസിക്കാനേ പറ്റാത്ത സാഹചര്യമുണ്ടാകും.’
മതേതരത്വത്തെക്കുറിച്ചും കടുത്ത നിലപാടുകള്‍ ഉള്ളയാളാണ് യോഗി ആദിത്യനാഥ്. 2013 ഓഗസ്റ്റ് 13ന് അദ്ദേഹം പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശം ഇങ്ങിനെയായിരുന്നു: ‘ബി.ജെ.പിയല്ലാത്ത പാര്‍ട്ടികള്‍ പറയുന്നത് ഞങ്ങള്‍ മതേതരവാദികള്‍ ആണെന്നാണ്, പക്ഷെ അവര്‍ നടപ്പിലാക്കുന്നതോ വര്‍ഗീയ അജണ്ടയും. 12 ലക്ഷത്തോളം ഹിന്ദു സന്യാസികളുണ്ട് രാജ്യത്ത്. എന്നാല്‍ നിങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഇമാമുമാര്‍ക്ക് ശമ്പളം നല്‍കുന്നതിനെ കുറിച്ചാണ്. ഇതാണോ, നിങ്ങള്‍ പറയുന്ന മതേതരത്വം?’
403 നിയമസഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ ഒരു സീറ്റില്‍ പോലും ഒരു മുസ്‌ലിം നാമധാരിയെ സ്ഥാനാര്‍ത്ഥിയാക്കാതെ, വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു കയറിയ പാര്‍ട്ടിയാണ് ബി.ജെ.പി. അവിടെ ഏറ്റവും തീവ്രമായ ഹിന്ദുത്വ നിലപാടുകള്‍ ഉള്ള ഒരാളെ തന്നെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചതിലൂടെ തങ്ങളുടെ ഭരണം ഏതു രീതിയിലായിരിക്കും മുന്നോട്ട് പോവുക എന്ന സന്ദേശം കൂടിയാണ് ബി.ജെ.പി നല്‍കിയിരിക്കുന്നത്.
നേരത്തെ കല്യാണ്‍സിങ് മുഖ്യമന്ത്രിയായ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. തീവ്ര ഹിന്ദുത്വ നിലപാടുകളില്‍ ഒട്ടും മോശക്കാരനായിരുന്നില്ല. പക്ഷെ ഇപ്പോഴത്തെ പ്രശ്‌നം മതേതര ഭാരതം എന്ന സങ്കല്‍പത്തിനു നേരെയുള്ള വെല്ലുവിളികളാണ്. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളില്‍ ഒന്നായി ഏറ്റവും പ്രധാനമായി എടുത്തു പറയുന്ന കാര്യമാണ് മതേതരത്വം. ‘ഭാരതത്തിലെ ജനങ്ങളായ നാം, ഭാരതത്തെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാന്‍’ തീരുമാനിച്ചിരിക്കുന്നു എന്ന വാക്കുകളോടെയാണ് നമ്മുടെ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്. യോഗി ആദിത്യനാഥിനെപ്പോലുള്ളവര്‍ക്ക് താല്‍പര്യമുള്ള കാര്യങ്ങളല്ല ഇവയൊന്നും. ഇന്ത്യയുടെ മതേതര സ്വഭാവം ഒന്നുകൂടി ഉറപ്പ് വരുത്തുന്നതിനായാണ്, ഭരണഘടനയില്‍ മൗലികാവകാശങ്ങളുടെ കൂട്ടത്തില്‍, ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍, ഭരണഘടനാ ശില്‍പികള്‍ എഴുതിച്ചേര്‍ത്തത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കുന്നതാണ് ഭരണഘടനയുടെ 29, 30 വകുപ്പുകള്‍.
ന്യൂനപക്ഷ താല്‍പര്യങ്ങളുടെ സംരക്ഷണം എന്ന തലക്കെട്ടുള്ള 29-ാം വകുപ്പ് ഇങ്ങിനെയാണ്: ‘ഭാരതത്തിന്റെ ഭൂപ്രദേശത്തോ, അതിന്റെ ഏതെങ്കിലും ഭാഗത്തോ താമസിച്ചുവരുന്ന പൗരന്മാരില്‍, ഭിന്നമായ ഒരു ഭാഷയോ, ലിപിയോ, സംസ്‌കാരമോ സ്വന്തമായുള്ള ഏതൊരു വിഭാഗത്തിനും അത് സംരക്ഷിക്കുന്നതിന് അവകാശം ഉണ്ടായിരിക്കുന്നതാണ്.’ 30-ാം വകുപ്പ്, എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും അവ മതമോ, ഭാഷയോ അടിസ്ഥാനമുള്ളതായാലും അവരുടെ ഇഷ്ടപ്രകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുവാനും ഭരണം നടത്തുവാനും അവകാശം ഉണ്ടായിരിക്കുന്നതാണ്’, എന്ന് ഉറപ്പ് നല്‍കുന്നു. ‘വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കുന്നതില്‍, ഒരു ന്യൂനപക്ഷത്തിന്റെ, അത് മതമോ, ഭാഷയോ അടിസ്ഥാനമുള്ളതായാലും നടത്തിപ്പിന്‍ കീഴിലാണെന്നുള്ളതിന്റെ കാരണത്താല്‍ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിനെതിരായി രാഷ്ട്രം വിവേചനം കാണിക്കാന്‍ പാടുള്ളതല്ല.’ എന്നും ഇതിന്റെ രണ്ടാം ഉപവകുപ്പായി ഭരണഘടനയിലുണ്ട്. മനഃസാക്ഷിക്കും സ്വതന്ത്രമായ മത വിശ്വാസത്തിനും മതാചരണത്തിനും മതപ്രചാരണത്തിനും ഉള്ള സ്വാതന്ത്ര്യവും നല്‍കുന്ന 25-ാം വകുപ്പും ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ മതവിശ്വാസമനുസരിച്ച് ജീവിക്കാനും അത് പ്രചരിപ്പിക്കുന്നതിനുള്ള അവകാശം ഉറപ്പ് നല്‍കുന്നു. ഇന്ത്യ ഒരു മതേതര റിപ്പബ്ലിക് ആയിരിക്കുമെന്ന് ഭരണഘടനയുടെ ആമുഖത്തില്‍ പറയുക മാത്രമല്ല ചെയ്തത്. അതോടൊപ്പം എല്ലാ മതവിശ്വാസികളുടെയും അവകാശ സംരക്ഷണം മൗലികാവകാശമായി ഉറപ്പ് വരുത്തുക കൂടി ചെയ്യുന്നു നമ്മുടെ ഭരണഘടന. രാജ്യത്തിന് പ്രത്യേകമായ ഒരു മതമില്ല എന്നതും എല്ലാ മതങ്ങള്‍ക്കും മതവിശ്വാസികള്‍ക്കും തുല്യ പരിഗണന എന്നതുമാണ് ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മതേതരത്വം കൊണ്ട് അര്‍ത്ഥമാക്കുന്നത്.
എന്നാല്‍ ന്യൂനപക്ഷങ്ങളും അവരുടെ വോട്ടും അവരുടെ അവകാശങ്ങളും പരിഗണിക്കപ്പെടേണ്ടതേയില്ല എന്ന സന്ദേശമാണ് യു.പി തെരഞ്ഞെടുപ്പില്‍ നിന്ന് ബി.ജെ.പി രാജ്യത്തിന് നല്‍കിയത്. 403 സീറ്റില്‍ ഒന്നില്‍ പോലും ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കിലും വിജയം അനായാസമാണെന്ന് അവര്‍ പറയുന്നു. 18നും 20നും ഇടയില്‍ ശതമാനം മുസ്‌ലിംകളുള്ള യു.പിയില്‍, നിയമസഭയിലെ എം.എല്‍.എമാരില്‍ 5.9 ശതമാനം മാത്രമാണ് മുസ്‌ലിം പ്രാതിനിധ്യം. ജനസംഖ്യാനുപാതികമായി നോക്കുകയാണെങ്കില്‍ എണ്‍പതോളം എം.എല്‍.എമാര്‍ ഉണ്ടാകേണ്ടിയിരുന്നിടത്ത് ആകെയുള്ളത് 24 പേര്‍. കേരളത്തില്‍ മുസ്‌ലിംലീഗിന് മാത്രം ഇപ്പോള്‍ 18 എം.എല്‍.എമാരുണ്ട്. കേരളത്തിലെ ആകെ ജനസംഖ്യയുടെ അത്ര മുസ്‌ലിംകളുള്ള സംസ്ഥാനമാണ് യു.പി എന്നു കൂടി ഓര്‍ക്കണം.
‘സബ്കാസാഥ്, സബ്കാ വികാസ്’ എന്നൊരു മുദ്രാവാക്യം മോദി ഇടക്കിടെ പറയാറുണ്ട്. യു.പി തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ മോദിയുടെ പ്രതികരണം ‘ഞാന്‍ ഒരു പുതിയ ഇന്ത്യയെ കാണുന്നു; പുതിയ അവസരങ്ങളുടെ ഒരു ഇന്ത്യ’ എന്നായിരുന്നു. ആ പുതിയ ഇന്ത്യയുടെ മാതൃക, യോഗി ആദിത്യനാഥിനു കീഴിലുള്ള യു.പി ആണെങ്കില്‍ ഏറെ ആശങ്കപ്പെടാനുണ്ട്.
ബി.ജെ.പി അല്ലാത്ത എല്ലാ പാര്‍ട്ടികളും നിരന്തരം ന്യൂനപക്ഷ പ്രീണനം നടത്തുന്ന കപട മതേതരവാദികളാണ് എന്നാണ് അവര്‍ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങളെ തീരെ പരിഗണിക്കാത്ത ഒരു പരീക്ഷണശാലയായി യു.പി ഭരണത്തെ കാണുകയാണെങ്കില്‍ അതില്‍ വലിയ അപകടം പതിയിരിക്കുന്നുണ്ട്. ഗുജറാത്തിലെ ഒരു പരീക്ഷണത്തിന്റെ വിജയമാണ് മോദി. ഇനി യു.പിയില്‍ നടക്കാന്‍ പോകുന്ന പരീക്ഷണം ഇതിനെക്കാള്‍ കടുത്തതായിരിക്കും. മതേതര ഇന്ത്യയുടെ ഭാവിയില്‍ ഏറെ ആശങ്ക തോന്നുന്ന സാഹചര്യങ്ങളാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്.
kerala
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്‍കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്‌ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നന്ദി അറിയിക്കാന്‍ പാണക്കാടെത്തി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഷൗക്കത്തിനിനെ മധുരം നല്‍കി സ്വീകരിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്‌ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൂട്ടായ, ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് നിലമ്പൂരിലുണ്ടായതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ഈ വിജയം ആത്മവിശ്വാസം നല്‍കുന്നതാണെന്നും കേരളത്തെ വീണ്ടെടുക്കുന്നതിലേക്കുള്ള പ്രയാണമാണ് നടത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ഒരുമയോടെ കെട്ടിപ്പടുത്ത വിജയമാണ് നിലമ്പൂരിലേതെന്നും കൃത്യമായ, ജനപക്ഷ രാഷ്ട്രീയം മുന്നില്‍വെച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ജനാംഗീകാരം ലഭിച്ചെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നിയമസഭയില്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ യു.ഡി.എഫിന് പുതിയൊരംഗത്തിന്റെ അധിക കരുത്ത് കൂടി. നിലമ്പൂരിലെ വിഷയങ്ങള്‍ സഭയില്‍ ശക്തമായി ഉന്നയിക്കാനും ആ ജനതക്ക് സുരക്ഷിതത്വം ഉറപ്പ് നല്‍കാനും അവരുടെ ആകുലതകള്‍ പരിഹരിക്കാനും ഷൗക്കത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.
-
film3 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ
-
india3 days ago
2024 മുതലുള്ള എയര്‍ ഇന്ത്യ പരിശോധനകളുടെയും ഓഡിറ്റുകളുടെയും വിശദാംശങ്ങള്‍ ഡിജിസിഎ തേടുന്നതായി റിപ്പോര്‍ട്ട്
-
kerala2 days ago
കാവികൊടി ദേശീയ പതാകയാക്കണമെന്ന വിവാദ പരാമര്‍ശം; ബിജെപി നേതാവിനെതിരെ കേസ്
-
News2 days ago
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷം; ഗസ്സയിലെ കഷ്ടപ്പാടുകള്‍ മറവിക്ക് വിടരുത്; പോപ്പ് ലിയോ
-
kerala2 days ago
തൃശൂരില്‍ പതിനഞ്ച്കാരി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സമസ്ത മുശാവറാംഗം ശൈഖുനാ മാണിയൂര്‍ ഉസ്താദ് വിട പറഞ്ഞു
-
india2 days ago
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷം; റഷ്യയില്‍ നിന്നും യുഎസില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചു