വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുമ്പ് അമേരിക്കന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഭീകരാക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് യു.എസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് നടക്കേണ്ട ദിവസത്തിനു ഒരു ദിവസം മുമ്പ് യു.എസ് നഗരങ്ങളില്‍ അല്‍ഖാഇദ ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്.

പേരു വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് സിബിഎസ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്ന് നയതന്ത്രപ്രധാന്യമുള്ള ന്യൂയോര്‍ക്ക്, ടെക്‌സാസ്, വിര്‍ജീനിയ എന്നീ നഗരങ്ങളുടെ ഭരണനേതൃത്വങ്ങള്‍ക്ക് ഇന്റലിജന്‍സ് ജാഗ്രതാ നിര്‍ദേശം നല്‍കി. ഏതൊക്കെ നഗരങ്ങളാണ് അല്‍ഖാഇദ ലക്ഷ്യമിടുന്നത് എന്നതു സംബന്ധിച്ച് വ്യക്തതയില്ല. ഭീകരാക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ എഫ്ബിഐ തയാറായില്ല. ഏത് ആക്രമണത്തെയും നേരിടാന്‍ അമേരിക്കന്‍ ഭീകരവിരുദ്ധസേനയം ആഭ്യന്തര സുരക്ഷാ സന്നാഹങ്ങളും എല്ലായിപ്പോഴും സജ്ജമാണെന്ന് എഫ്ബിഐ വൃത്തങ്ങള്‍ പറഞ്ഞു.