ഒരു ശതമാനം പോലും വീര്യം ഇല്ലാത്ത വൈനാണ് കത്തോലിക്കാ സഭ ദിവ്യബലിക്കായി നിര്‍മ്മിച്ച് ഉപയോഗിക്കുന്നതെന്നും വൈദികരുടെ എണ്ണത്തെ ആശ്രയിച്ചല്ല ദിവ്യബലിയുടെ എണ്ണത്തെ ആശ്രയിച്ചാണ് മാസ്സ് വൈനിന്റെ ഉപയോഗം വേണ്ടിവരുന്നതെന്നും കെ.സി.ബി.സി. പ്രസിഡന്റും തിരുവനന്തപുരം അതിരൂപതാധ്യക്ഷനുമായ ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു. ഇങ്ങനെ ദിവ്യബലിക്കായി ഉപയോഗിക്കുന്ന വൈനിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ദി വൈനറി റൂള്‍സിന്റെ പരിധിയിലാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള നിഗൂഢ ശ്രമമാണ് ചിലര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ ദേവാലയങ്ങളില്‍ കുര്‍ബാനയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങള്‍ക്കായി വൈന്‍ ഉല്‍പാദിപ്പിക്കാന്‍ സഭക്ക് അനുമതിയുണ്ട്.
നിലവില്‍ പ്രതിവര്‍ഷം 250 ലിറ്റര്‍ വൈന്‍ ഉല്‍പാദിപ്പിക്കാനാണ് ലൈസന്‍സുള്ളത്. എന്നാല്‍ ഇത് 2500 ലിറ്ററായി ഉയര്‍ത്തണമെന്നായിരുന്നു ആര്‍ച്ച് ബിഷപ്പ് എക്‌സൈസ് കമ്മീഷണര്‍ക്ക് നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടത് വിവാദമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിലവിലുള്ള 250 ലിറ്ററില്‍ നിന്ന് 2500 ലിറ്ററായി വൈന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്ന അതിരൂപതയുടെ അപേക്ഷയെ അതിശയോക്തിപരമായിട്ടാണ് സംസ്ഥാന ജോയിന്റ് എക്‌സൈസ് കമ്മീഷണറേറ്റ് സമീപിച്ചിരിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മുന്‍ കാലങ്ങളില്‍ ദിവ്യബലിമധ്യേ തിരുവോസ്തിയോടൊപ്പം വിശ്വാസികള്‍ക്ക് വൈന്‍ നല്‍കിയിരുന്നില്ല. എന്നാല്‍ ഇന്ന് പ്രത്യേകിച്ച് വിശേഷാവസരങ്ങളില്‍ ദിവ്യബലിയുടെ അന്തസത്ത ഉള്‍ക്കൊണ്ട് വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന എല്ലാവര്‍ക്കും തിരുവോസ്തി വൈനില്‍ മുക്കി നല്‍കാറുണ്ട്. ഇതനുസരിച്ച് ഒരാള്‍ക്ക് പരമാവധി ഒന്നോ രണ്ടോ തുള്ളി വൈന്‍ മാത്രമാണ് നല്‍കപ്പെടുന്നത്. ഇങ്ങനെ ചെയ്യുന്നത് ദിവ്യബലിയുടെ പൂര്‍ണതക്ക് വേണ്ടിയാണ്. ഇക്കാരണങ്ങളാലാണ് സഭയില്‍ ആരാധനക്കാനുപാതികമായി മാസ്സ് വൈനിന്റെ ഉപയോഗം കൂടാന്‍ കാരണം. തിരുവനന്തപുരം നെയ്യാറ്റിന്‍കര രൂപതകളിലെ പള്ളികളും കോണ്‍വെന്റുകളും ആശ്രമങ്ങളും ഉള്‍പ്പെടെയുള്ളവക്കു വേണ്ടിയാണ് വൈന്‍ ഉല്‍പാദന വര്‍ധനവിന് അനുമതി തേടിയത്. വൈദികരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് സഭയുടെ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. തിരുവനന്തപുരം അതിരൂപതക്കും നെയ്യാറ്റിന്‍കര രൂപതക്കും കീഴിലുള്ള ഇടവകകളില്‍ ക്രൈസ്തവ വിശ്വാസത്തിന് ആനുപാതികമായി ദിവ്യബലിയുടെ എണ്ണത്തില്‍ പതിന്മടങ്ങ് വര്‍ധനവുണ്ടായിട്ടുണ്ടെന്ന കാര്യം പരിഗണിക്കേണ്ടതുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
ഏപ്രില്‍ ആദ്യം നല്‍കിയ അപേക്ഷ നിരസിച്ചെങ്കിലും വിവരാവകാശരേഖ പ്രകാരം ഇതു കഴിഞ്ഞ ദിവസമാണ് പുറത്തായത്. ഇപ്പോള്‍ സഭയിലെ വൈദികരുടെ എണ്ണം വര്‍ധിച്ചുവെന്നും അതുകൊണ്ടാണ് വൈന്‍ ഉല്‍പാദനം കൂട്ടണമെന്ന് ആവശ്യപ്പെട്ടതെന്നുമാണ് രേഖകളില്‍ പറയുന്നത്. സഭയിലെ വൈദികരുടെ എണ്ണം 230 ആയിരുന്നപ്പോഴാണ് 250 ലിറ്റര്‍ വൈന്‍ ഉല്‍പാദിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സഭയിലെ വൈദികരുടെ എണ്ണം 408 ആയിട്ടുണ്ടെന്നാണ് അപേക്ഷയില്‍ പറയുന്നത്.
ഇതേസമയം, അപേക്ഷയിലെ കണക്കുകള്‍ തമ്മിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് എക്‌സൈസ് കമ്മീഷണര്‍ ആവശ്യം നിരസിച്ചത്. അപേക്ഷയിലെ കണക്കുകള്‍ പ്രകാരം വൈദികരുടെ എണ്ണത്തില്‍ 77 ശതമാനമാണ് വര്‍ധനവുണ്ടായതെന്നും എന്നാല്‍ വൈനിന്റെ ഉല്‍പാദനം 900 ശതമാനം വര്‍ധിപ്പിക്കണമെന്നാണ് ആവശ്യമെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു എക്‌സൈസിന്റെ മറുപടി.