ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തരാഖണ്ഡ് ബി.ജെ.പിയിലെ ഭിന്നത
മറനീക്കി പുറത്തെത്തി. പാര്‍ട്ടിക്ക് എതിരായി മല്‍സരിക്കുന്ന 33 വിമതരെ സംസ്ഥാന നേതൃത്വം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എടുത്ത നടപടി പാര്‍ട്ടിക്ക് തിരിച്ചടിയാകും.

മല്‍സരിക്കാന്‍ സീറ്റു നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് വിമതര്‍ മല്‍സര രംഗത്തേക്കെത്തിയത്. ‘പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതുകൊണ്ടാണ് ഇവരെ പുറത്താക്കിയത്. എന്നാല്‍ ഇത് പാര്‍ട്ടിയെ ബാധിക്കില്ലെന്നും’ ഉത്തരാഖണ്ഡ് ബി.ജെ.പി മുതിര്‍ന്ന നേതാവ് അജയ്ഭട്ട് പറഞ്ഞു. സംസ്ഥാനത്തെ ഭരണം പിടിച്ചെടുക്കാന്‍ ബി.ജെ.പി ശ്രമിക്കുത്തതിനിടെയാണ് പാര്‍ട്ടിയില്‍ ഇത്തരത്തിലൊരു പൊട്ടിത്തെറിയുണ്ടാകുന്നത്.

മുരളിലാല്‍ ഭട്ട്, സത്യേന്ദ്ര സിങ് റാന, മഹേഷ് പന്‍വാര്‍, ബുദ്ധിസിങ് പന്‍വാര്‍,ജഡ്‌മോഹന്‍ റാവത്ത്, ബിഹാരി നോട്ടിയാല്‍, ഖുഷാല്‍ സിങ് നോട്ടിയാല്‍, ദനേഷ് സെംവാല്‍, വിജയ് ബഹാദൂര്‍ സിങ് റാവത്ത്, ഗ്രിപാല് പോക്രിയാല്‍ തുടങ്ങി ഒട്ടേറെപേരെ ഗംഗോത്രി മണ്ഡലത്തില്‍ നിന്നും മാത്രമായി പുറത്താക്കിയിട്ടുണ്ട്. ഈ മാസം 15നാണ് ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. നേരത്തെ ഉത്തര്‍പ്രദേശിലെ അമിത് ഷായുടെ റാലിയില്‍ പങ്കെടുക്കാന്‍ ആളില്ലാത്തതും ശ്രദ്ധേയമായിരുന്നു. 20പേരെ കണ്ടെത്താന്‍ ഒരുപാട് കഷ്ടപ്പെട്ടുവെന്നാണ് റാലിയെക്കുറിച്ച് പ്രാദേശിക പ്രവര്‍ത്തകര്‍ പറഞ്ഞത്.