വാളയാറില്‍ 52 ദിവസത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി മാതാവ് ഭാഗ്യവതി രംഗത്ത്. തന്റെ മക്കള്‍ ആത്മഹത്യ ചെയ്യിലെന്നും കൊല്ലപ്പെട്ടതാണെന്നും മാതാവ് പൊലീസിന് മൊഴി നല്‍കി. പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതാണെന്ന് മാതാവ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൊലപാതകമാണെന്ന് പൊലീസിന് മൊഴി നല്‍കിയത്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബന്ധു അടക്കം അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും. മൂത്ത കുട്ടിയുടെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. കുട്ടികള്‍ ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. ഇളയ പെണ്‍കുട്ടിയുടെ ചിത്രം പ്രതികളിലൊരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.