തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ശാസന. നിയമസഭയില്‍ അംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ കൃത്യമായ മറുപടി നല്‍കണമെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് പരിഗണിച്ചാണ് റൂളിങ്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കുന്നില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാതി. പ്രതിപക്ഷ നേതാവിന്റെ പരാതി ഏറെ ഗൗരവമുള്ളതാണെന്ന് പറഞ്ഞ സ്പീക്കര്‍ മന്ത്രിമാരെ ശാസിച്ചു. എന്നാല്‍ സ്പീക്കറുടെ റൂളിങിന് മറുപടിയായി നിയമമന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് താന്‍ ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ലെന്ന് എ.കെ ബാലന്‍ പറഞ്ഞു. അന്ന് താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ താന്‍ സ്വയം ഉത്തരം കണ്ടെത്തുകയാണെന്ന എ.കെ ബാലന്റെ മറുപടി നിയമസഭയില്‍ ബഹളത്തിനിടയാക്കി.