Connect with us

kerala

ടി.പി കൊലക്കേസുമായി ബന്ധപ്പെട്ട് ഇനിയും പുറത്തുവരാത്ത ഗൂഡാലോചനകളുണ്ടെന്ന് വി.ഡി സതീശന്‍

ട്രഷറിയില്‍ പൂച്ച പെറ്റുകിടക്കുകയാണെന്നതിന് തെളിവാണ് എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷ നടത്താന്‍ പണമില്ലെന്ന് സര്‍ക്കാര്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു

Published

on

ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് ഇനിയും പുറത്തുവരാത്ത ഗൂഡാലോചനകളുണ്ടെന്നു തന്നെയാണ് യു.ഡി.എഫ് വിശ്വസിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതുമായി ബന്ധപ്പെട്ട് കെ.കെ രമ എന്ത് നിയമ നടപടി സ്വീകരിച്ചാലും യു.ഡി.എഫും കോണ്‍ഗ്രസും പിന്തുണ നല്‍കും. ട്രഷറിയില്‍ പൂച്ച പെറ്റുകിടക്കുകയാണെന്നതിന് തെളിവാണ് എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷ നടത്താന്‍ പണമില്ലെന്ന് സര്‍ക്കാര്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി ജില്ലയുടെ സമ്പദ്ഘടനയെ പോലും ബാധിക്കുന്ന തരത്തില്‍ ഭൂമി-പട്ടയ പ്രശ്‌നങ്ങള്‍, വന്യജീവി ശല്യം, കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിവ് തുടങ്ങിയ ജനകീയ പ്രശ്‌നങ്ങള്‍ ജനകീയ ചര്‍ച്ചാ സദസില്‍ ഉയര്‍ന്നു വന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജില്ലയുടെ പ്രശ്‌നങ്ങള്‍ അവഗണിക്കുകയാണ്. 1964 ലെ ഭൂപതിവ് ചട്ടം അനുസരിച്ചുള്ള പട്ടയങ്ങള്‍ നല്‍കരുതെന്ന് ഹൈക്കോടതി ഉത്തരവ് ഇറക്കിയതിനെ തുടര്‍ന്ന് നാളെ വിതരണം ചെയ്യാനിരുന്ന 3000 പട്ടയങ്ങള്‍ ഒഴിവാക്കി.

കൈയേറ്റ ഭൂമിയില്‍ ഒരു പട്ടയവും നല്‍കിയിട്ടില്ലെന്നും കൈയേറ്റക്കാര്‍ ഉണ്ടാക്കിയ വ്യാജ പട്ടയങ്ങള്‍ റദ്ദാക്കിയതിന്റെ പട്ടികയും സര്‍ക്കാര്‍ കോടതിയില്‍ നല്‍കണമായിരുന്നു. അറിയപ്പെടുന്ന സി.പി.എം നേതാക്കള്‍ ആ പട്ടികയിലുള്ളത് കൊണ്ടാണ് സര്‍ക്കാര്‍ അങ്ങനെയൊരു നിലപാട് സ്വീകരിക്കാതിരുന്നത്. ഇടുക്കി മുന്‍ എം.പി കൈയേറിയ 20 ഏക്കറിന്റെ പട്ടയം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നതാണ്. മുന്‍ മന്ത്രിയുടെ ബന്ധുവിന്റെയും ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവിന്റെയും പട്ടയം റദ്ദാക്കിയതാണ്. ഇക്കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍ 3000 പേര്‍ക്ക് കൂടി പട്ടയം നല്‍കാമായിരുന്നു.

പട്ടയവുമായി നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ പാസാക്കിയ നിയമത്തിന് ചട്ടം വന്നിട്ടില്ല. ഫീസ് ഈടാക്കാന്‍ ശ്രമിച്ചാല്‍ ഗുരുതര ഭവിഷ്യത്ത് ഉണ്ടാകുമെന്ന ആശങ്ക യു.ഡി.എഫ് നിയമസഭയില്‍ ഉന്നയിച്ചിട്ടുണ്ട്. പട്ടയ ഭൂമിയില്‍ ഇനിയും നിര്‍മ്മിതികള്‍ വന്നാല്‍ വില്ലേജ് ഓഫീസ് മുതല്‍ കലക്ട്രേറ്റ് വരെ കയറി ഇറങ്ങേണ്ടി വരും. റവന്യൂ ഓഫീസുകള്‍ കയറി ഇറങ്ങേണ്ടി വരുന്ന ഇടുക്കിയിലെ ജനങ്ങളുടെ ഗതികേട് ഒരിക്കലും അവസാനിക്കാത്ത രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

ചിന്നക്കനാലില്‍ വനഭൂമിയായി പ്രഖ്യാപിച്ച സ്ഥലം ഡീ നോട്ടിഫൈ ചെയ്യാനുള്ള ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. സി.പി.എം നേതാക്കള്‍ ഇടുക്കിയില്‍ വന്ന് പറയുന്നതിന് വിരുദ്ധമായ നിലപാടാണ് സര്‍ക്കാര്‍ പ്ലീഡര്‍മാര്‍ കോടതിയില്‍ സ്വീകരിക്കുന്നത്. വന്യമൃഗ ശല്യത്തില്‍ കാര്‍ഷിക നാശവും ജീവഹാനിയും ഉണ്ടായ 7000 കുടുംബങ്ങള്‍ക്ക് ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ല. പുലിയുടെ ആക്രമണത്തില്‍ കൈ തളര്‍ന്നു പോയ ഗോപാലനും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.

വട്ടവടയിലെ പച്ചക്കറി ഹോട്ടികോര്‍പ് സംഭരിക്കുന്നില്ല. 50 ലക്ഷം രൂപയാണ് വട്ടവടയിലെ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. വട്ടവടയിലെ പച്ചക്കറിയെന്ന് പറഞ്ഞ് ഒരു മാഫിയാ സംഘം തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറികള്‍ സംഭരിക്കുകയാണ്. വന്‍ അഴിമതിയാണ് ഹോട്ടികോര്‍പിന്റെ മറവില്‍ നടക്കുന്നത്. മറയൂര്‍ ശര്‍ക്കര പോലും ഓര്‍മ്മയായി മാറുകയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മറയൂരിലെ കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡി പോലും അവസാനിപ്പിച്ചു.

ഇടുക്കി ജില്ലയിലെ വൈവിധ്യമാര്‍ന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച ഡോക്യുമെന്റ് യു.ഡി.എഫ് തയാറാക്കും. പ്രതിപക്ഷമെന്ന നിലയിലുള്ള പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഓരോ പ്രശ്‌നങ്ങള്‍ക്കും സമരം ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ പരിഹാരമുണ്ടാക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.

വന്യജീവികളും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. 30 ലക്ഷത്തോളം പേരാണ് വനാതിര്‍ത്തികളില്‍ താമസിക്കുന്നത്. വനം മന്ത്രി നിഷ്‌ക്രിയനായി ഇരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ആന ശല്യമുണ്ടായിരുന്ന വാല്‍പ്പാറയില്‍ ഇപ്പോള്‍ ഒരു ആക്രമണവുമില്ല. കേരള സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. പശുവിനെയും ആടിനെയും വളര്‍ത്തരുതെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ ജനങ്ങള്‍ എങ്ങനെ ജീവിക്കും? ജനങ്ങളുടെ വൈകാരിക പ്രതികരണത്തില്‍ നിന്നും രക്ഷപ്പെടാനാണ് വയനാട്ടില്‍ 50 ലക്ഷം രൂപയുടെ നഷ്ടപരിഹരം നല്‍കുമെന്ന് പറഞ്ഞത്. വന്യജീവികളും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ ഇത്തവണത്തെ ബജറ്റില്‍ 48 കോടി മാത്രമാണ് നീക്കി വച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉദാസീനമായാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

india

ദക്ഷിണേന്ത്യക്ക് ദാഹിക്കുന്നു; അണക്കെട്ടിലുള്ളത് 17 ശതമാനം വെള്ളം മാത്രമെന്ന് കേന്ദ്ര ജല കമ്മീഷൻ

Published

on

ന്യൂഡൽഹി: താപനിലയില്‍ വലിയ വർധനവ് നേരിടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരള്‍ച്ചയുടെ വക്കില്‍. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജല സംഭരണം എന്നാണ് റിപ്പോര്‍ട്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്‍ സംഭരിച്ചിട്ടുള്ള ജലം ശരാശരിയിലും താഴെയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ദേശീയ ജലകമ്മീഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്‍ 17 ശതമാനം ജലം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് 29 ശതമാനം ആയിരുന്നിടത്താണ് ജല ദൗര്‍ലഭ്യത്തിന്റെ രൂക്ഷത വെളിപ്പെടുന്നത്. 43 അണക്കെട്ടുകളാണ് ആറ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായുള്ളത്.

വേനല്‍ കാലത്ത് അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുന്നത് അസാധാരണമല്ല, എന്നാല്‍ ഇത്തവണ നേരിടുന്ന കുത്തനെയുള്ള ഇടിവ് ആശങ്കയുണര്‍ത്തുന്നതാണ്. മണ്‍സൂണ്‍ ആരംഭിക്കാന്‍ ഇനിയും ഒരു മാസമെങ്കിലും വേണ്ടിവരുമെന്നതാണ് ആശങ്കയുടെ അടിസ്ഥാനം. മണ്‍സൂണ്‍ മഴയിലെ കുറവ് ജല സംഭരണം കുറയുന്നതിന് കാരണമായി. കുടിവെള്ളത്തിനും ജലസേചന ആവശ്യങ്ങള്‍ക്കുമായി കൂടുതല്‍ വെള്ളം പിന്‍വലിക്കേണ്ടിവന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. വെള്ള ക്ഷാമം ഇത്തവണ രൂക്ഷമായി നേരിടുകയാണ് കര്‍ണാടക. കാവേരി നദിയിലെ ജലനിരപ്പും സംഭരണികളിലെ ജലനിരപ്പും വേനല്‍ കടുത്തതോടെ ആശങ്കപ്പെടുത്തും വിധം താഴ്ന്നത് ബെംഗളൂരു മേഖലയെ ഉള്‍പ്പെടെ ബാധിച്ചു. കാവേരി നദിയിലെ വെള്ളം ആശ്രയിച്ചാണ് ബെംഗളൂരുവിലെ ജനജീവിതം മുന്നോട്ട് പോകുന്നത്.

2023ന് മുമ്പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് 34 ശതമാനം മഴയുടെ കുറവാണ് കഴിഞ്ഞ തവണ കേരളത്തില്‍ രേഖപ്പെടുത്തിയത്. ഇത് വ്യാപക കൃഷി നാശങ്ങള്‍ക്കും കുടിവെള്ള ക്ഷാമത്തിനും വഴിവച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കുമെന്നാണ് സൂചന. എല്‍നിനോ പ്രതിഭാസമായിരുന്നു കഴിഞ്ഞ തവണ വില്ലനായത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് ആദ്യ ഘട്ട പ്രവചനം. സാധാരണഗതിയില്‍ 2018.6 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിക്കുക. എന്നാല്‍ കഴിഞ്ഞ വര്‍ഷം 1327 മില്ലിമീറ്റര്‍ മാത്രമായിരുന്നു പെയ്തത്. അതേസമയം,ഈ വര്‍ഷം കേരളം ഉള്‍പ്പെടെയുള്ള മേഖലയില്‍ ശക്തമായ കാലവര്‍ഷം ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Continue Reading

kerala

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

വാക്കുതർക്കത്തെ തുടർന്ന് അതിഥി തൊഴിലാളികൾ തന്നെയാണ് ഇയാളെ കുത്തിയതെന്ന സംശയത്തിൽ പൊലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തിരുന്നു

Published

on

ആ‌ലപ്പുഴ: ഹരിപ്പാട് അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ മലയാളി പിടിയിൽ. ഹരിപ്പാട് സ്വദേശി യദുകൃഷ്ണനാണ് (27) പിടിയിലായത്. ബംഗാൾ മാർഡ സ്വദേശിയും മത്സ്യക്കച്ചവടക്കാരനുമായ ഓംപ്രകാശാണ് (42)  കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം.

ഗൂഗിള്‍ പേ വഴി പണം നല്‍കാതിരുന്നതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മദ്യപിക്കുന്നതിനായി ഗൂഗിള്‍പേ വഴി പണം അയക്കാമെന്നും പകരം കാഷ് നല്‍കാനും യദുകൃഷ്ണ ബംഗാള്‍ സ്വദേശിയോട് ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ കത്തിയെടുത്ത് നെഞ്ചില്‍ കുത്തുകയായിരുന്നു.

വാക്കുതർക്കത്തെ തുടർന്ന് അതിഥി തൊഴിലാളികൾ തന്നെയാണ് ഇയാളെ കുത്തിയതെന്ന സംശയത്തിൽ പൊലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ മലയാളം സംസാരിക്കുന്ന ഒരാളാണ് കുത്തിയതെന്ന് ഇവർ പൊലീസിനോടു പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിലാണ്  യദുകൃഷ്ണനെ പിടികൂടിയത്. പിടിയിലായ യദുകൃഷ്ണൻ  ആളുകളെ  കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.

Continue Reading

kerala

പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് രീതി മെയ് ഒന്ന് മുതല്‍; സജ്ജമാവാതെ ഗ്രൗണ്ടുകള്‍

മന്ത്രിയുടെ നിര്‍ദേശപ്രകാരം 77 ഇടത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ഫണ്ട് അനുവദിക്കാത്തതില്‍ ഗ്രൗണ്ട് തയാറാക്കാനായില്ല

Published

on

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം മെയ് ഒന്നുമുതൽ തന്നെ നടപ്പാക്കാൻ ഗതാഗത വകുപ്പ്. പുതിയ രീതിയിൽ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാതെയാണ് തീരുമാനം. ഡ്രൈവിങ് കാര്യക്ഷമമാക്കാനായി കൊണ്ടുവന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതിയുമായി മുന്നോട്ടുപോവുമെന്നാണ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്കുമാര്‍ അറിയിച്ചത്. 86 ഇടത്ത് ഇതിനായി ഗ്രൗണ്ടുകള്‍ സജ്ജമാക്കണം. എന്നാല്‍ മാവേലിക്കരയില്‍ മാത്രമാണ് പരിഷ്കരിച്ച രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ ഗ്രൗണ്ട് സജ്ജമായത്.

മന്ത്രിയുടെ നിര്‍ദേശപ്രകാരം 77 ഇടത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും ഫണ്ട് അനുവദിക്കാത്തതില്‍ ഗ്രൗണ്ട് തയാറാക്കാനായില്ല. അതിനാല്‍ പുതിയ രീതിയില്‍ എങ്ങനെ ടെസ്റ്റ് നടത്താനാവുമെന്ന ആശയക്കുഴപ്പത്തിലാണ് എംവിഡി. ആംഗുലാര്‍ പാര്‍ക്കിങ്, പാരലല്‍ പാര്‍ക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, കയറ്റത്ത് നിര്‍ത്തി പുറകോട്ട് എടുക്കുന്നതും ഉള്‍പ്പെട്ടതാണ് കാറിന്റെ ലൈസന്‍സ് എടുക്കാനുള്ള പുതിയ രീതി. ഇതിനുള്ള സജ്ജീകരണങ്ങളെല്ലാം ഗ്രൗണ്ടില്‍ വേണം.

അതേസമയം ഒരു ദിവസം 60ന് മുകളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തിയ എംവിഐമാരുടെ പട്ടിക മോട്ടോര്‍ വാഹന വകുപ്പ് തയാറാക്കി മന്ത്രിക്ക് കൈമാറി. ഇവരില്‍ നിന്ന് വിശദീകരണം തേടി നടപടിയെടുത്തേക്കും.

Continue Reading

Trending