സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സി.പി.എം സമ്മേളനങ്ങള്‍ സംഘടിപ്പിക്കാനായി കോവിഡ് മാനദണ്ഡങ്ങളില്‍ തിരിമറി നടത്തുകയാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി. ടി.പി.ആര്‍ നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ന് സിപിഎം സമ്മേളനം നടക്കുന്ന കാസര്‍കോട്, തൃശൂര്‍ ജില്ലകളെ ഒരു കാറ്റഗറിയിലും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏങ്ങനെയായലും സമ്മേളനം സംഘടിപ്പിക്കുമെന്ന വാശിയില്‍ സിപിഎമ്മിന്റെ നേതാക്കള്‍ രോഗവാഹകരാവുകയാണെന്നും ആരോഗ്യ സെക്രട്ടറി എ.കെ.ജി സെന്ററില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ മൂന്നാം തരംഗത്തില്‍ ആരോഗ്യവകുപ്പ് പൂര്‍ണനിശ്ചലമാണെന്നും പാര്‍ട്ടിക്കായി കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം കൊണ്ടുവരുന്നത് അപഹാസ്യമാണെന്നും സതീശന്‍ ഓര്‍മപ്പെടുത്തി. തിരുവനന്തപുരത്ത് നടന്ന ജില്ലാ സമ്മേളനത്തില്‍ വെച്ച് കോവിഡ് ബാധിച്ച നേതാക്കള്‍ അത് മറ്റു ജില്ലകളില്‍ പരത്തുകയാണെന്നും അവര്‍ എന്തുകൊണ്ടാണ് നിരീക്ഷണത്തില്‍ പോവാത്തതെന്നും സതീശന്‍ ചോദിച്ചു. 5 പേര്‍ കൂടിയതിന് കോണ്‍ഗ്രസ് സമരത്തിനെതിരെ കേസെടുത്ത സര്‍ക്കാരാണ് ഇതെന്നും
സിപിഎമ്മിനും സാധാരണ ജനങ്ങള്‍ക്കും വ്യത്യസ്തമായ കോവിഡ് മാനദണ്ഡമാണ് ഉള്ളതെന്നും സതീശന്‍ പറഞ്ഞു.