kerala

ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് അധിക്ഷേപിച്ച് വെള്ളാപ്പള്ളി

By webdesk17

January 02, 2026

ആലപ്പുഴ: മലപ്പുറം പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് അധിക്ഷേപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കഴിഞ്ഞ ദിവസം ശിവഗിരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനെതിരെയാണ് വെള്ളാപ്പള്ളി അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഈ മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും ഇയാള്‍ മുസ്‌ലിംകളുടെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ തീവ്രവാദിയാണെന്ന് എനിക്ക് വിവരം കിട്ടിയിട്ടുണ്ടെന്നാണ് വിശദീകരണം.

‘കഴിഞ്ഞ ദിവസം ഒരു ദുരനുഭവം ഉണ്ടായി. മാധ്യമങ്ങളില്‍ നിന്നും അങ്ങനെ പ്രതീക്ഷിച്ചില്ല. എനിക്ക് 89 വയസ്സ് ഉണ്ട്. എന്നോട് ഒരു മര്യാദ ഇല്ലാതെ മാധ്യമങ്ങള്‍ വളഞ്ഞു. റിപ്പോട്ടറുടെ അപ്പൂപ്പനാകാനുള്ള പ്രായമുണ്ട് എനിക്ക്. അതിന്റെ മര്യാദപോലും കാണിച്ചില്ല. ഈ ഇരിക്കുന്ന റിപ്പോര്‍ട്ടര്‍ കുന്തവുമായി എന്റെ നേരെ വന്നു. വന്ന ആളെ എനിക്ക് അറിയാം, ഈരാറ്റുപേട്ടക്കാരനാണ്, തീവ്രവാദിയാണ്, എം.എസ്.എഫുകാരനാണ്, മുസ്ലിംകളുടെ വലിയ വക്താവാണ്. ആരോ പറഞ്ഞുവിട്ടതാണ്.. ഞങ്ങള്‍ക്ക് മലപ്പുറത്ത് സ്‌കൂളും കോളജും ഇല്ല എന്നത് കണക്കുവെച്ചാണ് പറഞ്ഞു. അണ്‍എയ്ഡഡ് കോളജ് മാത്രമാണ് അവിടെ ഉള്ളത്. 48 അണ്‍എയ്ഡഡ് കോളജ് മുസ്‌ലിം ലീഗിനുണ്ട്’. വെള്ളാപ്പള്ളി പറഞ്ഞു.

മലപ്പുറത്ത് തങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നില്ലെന്ന പരാമര്‍ശം ആവര്‍ത്തിച്ചപ്പോള്‍, ഇക്കഴിഞ്ഞ ഒമ്പത് വര്‍ഷം പിണറായി വിജയന്‍ സര്‍ക്കാര്‍ അനുവാദം തന്നില്ലേ എന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴായിരുന്നു വെള്ളാപ്പള്ളി പ്രകോപിതനായത്.