തിരുവനന്തപുരം: മാംസസംസ്‌കരണ ശാലകളും മൃഗപരിപാലന യൂണിറ്റുകളും പഠനകേന്ദ്രങ്ങളും തുടങ്ങാന്‍ ലക്ഷ്യമിട്ട് വെറ്ററിനറി സര്‍വകലാശാലക്ക് 5000 കോടിയുടെ പദ്ധതി. 140 നിയോജക മണ്ഡലങ്ങളിലും പദ്ധതിയുടെ പ്രയോജനം ലഭ്യമാകുന്ന രീതിയിലുള്ള യൂണിറ്റുകളും മറ്റും തുടങ്ങും.

കാഞ്ഞങ്ങാട്ടും കോഴിക്കോട്ടും മാംസസംസ്‌കരണ പഠനത്തിനായുള്ള ബിരുദബിരുദാനന്തര കോഴ്‌സുകളുള്ള കോളേജുകള്‍ തുടങ്ങും. കാഞ്ഞങ്ങാട്ട് ഇതിനായി 500 കോടി രൂപ ചെലവഴിക്കും. ആലപ്പുഴയില്‍ ഇന്‍സ്റ്റിറ്റിയൂട്ടും സ്ഥാപിക്കും. പദ്ധതിയുടെ വിശദമായ വിവരം കേന്ദ്രകേരള സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കും. പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്ര കൃഷി, വ്യവസായ വകുപ്പുകളുടെ സഹായം തേടും.

അമ്പലത്തറയിലെ പദ്ധതിയില്‍മാത്രം ആയിരത്തിലേറെ പേര്‍ക്ക് ജോലികിട്ടുമെന്ന് പദ്ധതിയുടെ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസറായ ശരത് സോമന്‍ പറഞ്ഞു. കോഴിക്കോട്ടാണ് പദ്ധതിയുടെ ആസ്ഥാനം. വേങ്ങേരിയില്‍ അഞ്ചേക്കര്‍ സ്ഥലം ഇതിനായി കണ്ടെത്തി. ഇവിടെ ആനിമല്‍ ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സുകള്‍ പഠിപ്പിക്കുന്ന കോളേജ് തുടങ്ങും. സംസ്ഥാനത്ത് നൂറിലധികം കേന്ദ്രങ്ങളിലായി സ്റ്റാര്‍ട്ടപ്പ് വില്ലേജുകള്‍ തുടങ്ങും. ഫാം, നവസംരംഭകര്‍ക്കുള്ള പരിശീലന കേന്ദ്രം എന്നിവയും കോഴിക്കോട്ടുണ്ടാകും.

ദേശാടനപ്പക്ഷികളെക്കുറിച്ച് പഠിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ടാണ് ആലപ്പുഴയില്‍ സ്ഥാപിക്കുക. കൊയിലാണ്ടിയില്‍ വെറ്ററിനറി പോളിടെക്‌നിക്, ഇടുക്കിയില്‍ അത്യാധുനിക ഫാം, കൊല്ലത്ത് മൃഗസംരക്ഷണ എത്തിനോഫാര്‍മ, ചെങ്ങന്നൂരിലും തലശ്ശേരിയിലും മൃഗങ്ങള്‍ക്കുള്ള നാടന്‍ചികിത്സാ പരീക്ഷണ കേന്ദ്രങ്ങള്‍ എന്നിവ നടപ്പാക്കും.