സബര്‍മതി: പ്രണയദിനം ആഘോഷിക്കാനെത്തിയവര്‍ക്ക് നേരെ ഗുജറാത്തിലും മുംബൈയിലും ബജ്‌റംഗ്ദളിന്റെ ആക്രമണം. ഗുജറാത്തിലെ സബര്‍മതി നദിക്കരയില്‍ എത്തിയവരെ ബജ്‌റംഗ്ദളുകാര്‍ അടിച്ചോടിച്ചു. കഴുത്തില്‍ കാവി ഷാള്‍ ചുറ്റി വടികളുമായി സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ നദീതീരത്ത് ഒരുമിച്ചിരുന്നവരെ തല്ലി ഓടിക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തി അക്രമികളില്‍ ചിലരെ കസ്റ്റഡിയില്‍ എടുത്തു.
മുംബൈയില്‍ ഭാരത് ഹിന്ദു ഫ്രണ്ട് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഒരു നായയേയും കഴുതയേയും തമ്മില്‍ വിവാഹം കഴിപ്പിക്കുന്നതായി കാണിച്ചായിരുന്നു ഇക്കൂട്ടരുടെ പ്രതിഷേധം. പ്രണയദിനത്തില്‍ കമിതാക്കളെ ഒരുമിച്ച് കണ്ടാല്‍ ബലമായി വിവാഹം കഴിപ്പിക്കുമെന്ന് ചില ഹിന്ദുത്വ തീവ്രവാദ സംഘടനകള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. വാലന്റയിന്‍സ് ഡേ ഭാരതത്തിന്റെ സംസ്‌കാരത്തിന് എതിരാണെന്നും അത് നിരോധിക്കണമെന്നുമായിരുന്നു ഇക്കൂട്ടരുടെ ആവശ്യം. ഹൈദരാബാദിലും ചെന്നൈയിലും മംഗലാപുരത്തും പ്രണയ ദിനത്തിനെതിരെ ഹിന്ദുത്വര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.