കൊച്ചി: വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ്പ് മത്സരങ്ങളില്‍നിന്ന് ഏഴാം സ്ഥാനക്കാരായാണ് കേരളം ക്വാര്‍ട്ടര്‍ ഫൈനലിനു യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ ഇന്ന് അവസാനിച്ചതോടെയാണ് ക്വാര്‍ട്ടര്‍ ലൈനപ്പ് വ്യക്തമായത്. അതേസമയം, ക്വാര്‍ട്ടറില്‍ കടന്ന കേരളത്തിന് തിരിച്ചടിയായ സഞ്ജു സാംസണ്‍ പരുക്കേറ്റ് ടീമിനു പുറത്തായി. ഇതോടെ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്കുള്ള ടീമില്‍ പകരക്കാരനായ പേസ് ബോളര്‍ ബേസില്‍ തമ്പിയെ ഉള്‍പ്പെടുത്തി.

5 എലീറ്റ് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരും പോയിന്റില്‍ ഇവര്‍ക്കു പിന്നിലുള്ള ഏറ്റവും മികച്ച 2 ടീമുകളുമാണ് നേരിട്ടു ക്വാര്‍ട്ടറിലെത്തിയത്. 5 ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത്, ആന്ധ്ര, കര്‍ണാടക, മുംബൈ, സൗരാഷ്ട്ര ടീമുകള്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. മികച്ച റണ്‍റേറ്റുള്ള ഉത്തര്‍പ്രദേശും ക്വാര്‍ട്ടറിലെത്തി.

എലീറ്റ് ഗ്രൂപ്പ് സിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ കര്‍ണാടകയോട് ഒന്‍പതു വിക്കറ്റിനു തോറ്റെങ്കിലും ഒഡീഷ (മഴനിയമപ്രകാരം 34 റണ്‍സിന്), ഉത്തര്‍പ്രദേശ് (മൂന്നു വിക്കറ്റിന്), റെയില്‍വേസ് (ഏഴു റണ്‍സിന്), ബിഹാര്‍ (ഒന്‍പതു വിക്കറ്റിന്) ടീമുകളെ തോല്‍പ്പിച്ചാണ് കേരളം 16 പോയിന്റുമായി ക്വാര്‍ട്ടറിലെത്തിയത്. ഈ മാസം എട്ടു മുതല്‍ ഡല്‍ഹിയിലാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ നടക്കുക.