“ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍” എന്നൊരു പരസ്യവാചകമുണ്ട്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വീരാട് കോഹ്‌ലിയുടെ കാര്യത്തില്‍ അത് അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. ക്രിക്കറ്റില്‍ കീഴടക്കാനാകില്ലെന്ന് കരുതുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാറ്റിങ് റെക്കോര്‍ഡുകളാണ് കോലിയുടെ കുതിപ്പിന് മുന്നില്‍ ഓരോന്നായി വഴിമാറുന്നത്.

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ ശ്രീലങ്കക്കെതിരെ നടന്ന ഒന്നാം ടെസ്റ്റിലും അത്തരമൊരു കാഴ്ച്ചയാണ് കണ്ടത്. ആദ്യ ഇന്നിങ്‌സില്‍ അക്കൗണ്ട് തുറക്കാതെ പുറത്തായ വിരാട് കോലി, രണ്ടാം ഇന്നിംഗ്‌സില്‍ എണ്ണം പറഞ്ഞ ഒരു സെഞ്ച്വറിയോടെയാണ് തിരിച്ചടിച്ചത്. ലങ്കക്കുമുന്നില്‍ ആദ്യ ഇന്നിങ്‌സില്‍ തോല്‍വി മുന്നില്‍കണ്ട ഇന്ത്യന്‍ ബാറ്റിങിനെ രക്ഷിക്കുന്നതായിരുന്നു ക്യാപ്റ്റന്റെ തിരിച്ചുവരവ്.

രാജ്യാന്തര കരിയറിലെ അമ്പതാം സെഞ്ചുറിയാണ് വിരാട് കോലി നേടിയത്. ഇതോടെ കുറഞ്ഞ ഇന്നിങ്‌സുകളില്‍ 50 സെഞ്ച്വറി കരസ്ഥമാക്കുന്നതില്‍ കോഹ്‌ലി മാസ്റ്റര്‍ ബ്ലാസ്റ്ററെ മറികടന്നിരിക്കുകയാണ്. 348 ഇന്നിങ്‌സില്‍ 50 സെഞ്ച്വറികള്‍ നേടിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഹാഷിം അംലക്കൊപ്പമാണിപ്പോള്‍ കോലി. 376 ഇന്നിങ്‌സില്‍ നിന്നായിരുന്നു സച്ചിന്റ നേട്ടം.

119 പന്തുകളില്‍ 12 ഫോറും 2 സിക്‌സും പറത്തിയാണ് കോലി 104 റണ്‍സെടുത്ത് പുറത്താകാതെ നിന്നത്. വ്യക്തിഗത സ്‌കോര്‍ 98ല്‍ നില്‍ക്കെ സുരംഗ ലക്മലിനെ സിക്സര്‍ പായിച്ചാണ് സെഞ്ച്വറി ആഘോഷിച്ചത്. ക്യാപ്റ്റന്‍ ശതകം തികച്ച ഉടനെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ടെസ്റ്റില്‍ 18 സെഞ്ച്വറിയുള്ള കോഹ്‌ലിയുടെ പേരില്‍ ഏകദിനത്തില്‍ 32 സെഞ്ചുറികളുണ്ട്.

ഒരിക്കലും തകര്‍ക്കപ്പെടില്ലെന്നു കരുതിയ സച്ചിന്റെ ഒരോ റെക്കോര്‍ഡിനും കോലിയുടെ ഭീഷണിയായുകയാണ്. നിലവിലെ ഫോം തുടര്‍ന്നാല്‍ ഏകദിനത്തില്‍ കൂടുതല്‍ സെഞ്ച്വറിയും റണ്‍സുമെന്ന സച്ചിന്റെ റെക്കോര്‍ഡ് കോലിക്ക് അനായാസം തകര്‍ക്കാം. ഏകദിനത്തില്‍ സച്ചിന്‍ മാത്രമേ സെഞ്ച്വറി നേട്ടത്തില്‍ കോലിക്ക് മുന്നിലുള്ളൂ. നിലവില്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കേ ഏറ്റവും കൂടുതല്‍ സെഞ്ച്വറി എന്ന റെക്കോര്‍ഡില്‍ ഇതിഹാസ താരം സുനില്‍ ഗാവസ്‌കറിന് ഒപ്പമെത്താനും വിരാട് കോലിക്ക് സാധിച്ചു. ഗാവസ്‌കറിന്റെയും കോലിയുടെയും പേരില്‍ 11 സെഞ്ച്വറികള്‍ വീതമുണ്ട് ഇപ്പോള്‍. മുഹമ്മദ് അസ്ഹറുദ്ദീന്റെ പേരില്‍ ഒമ്പതും സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരില്‍ ഏഴും, ധോണി, ഗാംഗുലി, പട്ടൗഡി എന്നിവര്‍ക്ക് അഞ്ച് വീതം സെഞ്ച്വറികളുമുണ്ട്. ദ്രാവിഡിന് 4 സെഞ്ചുറികളാണുള്ളത്.