ദോഹ: ഖത്തറിലേക്കെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന. സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം രാജ്യത്തിന്റെ വിനോദസഞ്ചാരമേഖലയില്‍ കാര്യമായ പ്രത്യാഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രമായി ഖത്തര്‍ അതിവേഗം മാറുകയാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഖത്തറിലേക്ക് സന്ദര്‍ശകരെത്തുന്നുണ്ട്. സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം ഖത്തറിലേക്കുള്ള സന്ദര്‍ശകരുടെ വരവിന് തടസമായിട്ടില്ല. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍
18,05,138 സന്ദര്‍ശകരാണ് രാജ്യത്തെത്തിയത്. സെപ്തംബറിലെ പ്രതിമാസ റിപ്പോര്‍ട്ട് പ്രകാരം 7,03,029 സന്ദര്‍ശകര്‍ ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.ആകെ സന്ദര്‍ശകരുടെ എണ്ണത്തിന്റെ 39 ശതമാനം വരുമിത്. ദി പെനിന്‍സുലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നും 1,36,387 സന്ദര്‍ശകരും ഖത്തറിലെത്തി. ആകെ സന്ദര്‍ശകരുടെ എട്ടുശതമാനം വരുമിത്. 4,74,182 പേര്‍ (26 ശതമാനം) ഏഷ്യ, ഓഷാന രാജ്യങ്ങളില്‍നിന്നും 3,45,207 (19 ശതമാനം) പേര്‍ യൂറോപ്പില്‍ നിന്നുമാണ് ഖത്തര്‍ സന്ദര്‍ശിക്കാനെത്തിയത്. 1,15,924 പേര്‍ (ആറ് ശതമാനം) തെക്ക്‌വടക്കന്‍ അമേരിക്കന്‍ ഉപഭൂഖണ്ഡങ്ങള്‍ ഉള്‍പ്പെട്ട അമേരിക്കാസില്‍ നിന്നും 30,409 പേര്‍ (രണ്ട് ശതമാനം) ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്കെത്തി. ഉപരോധം തുടരുമ്പോഴും ഹോട്ടല്‍താമസിരക്കിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. സെപ്തംബറില്‍ ഹോട്ടല്‍ താമസ നിരക്ക് എല്ലാ വിഭാഗങ്ങളിലുമായി 57 ശതമാനമാണ് രേഖപ്പെടുത്തിയത്. അതേസമയം ആ മാസത്തെ ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകളിലെ താമസനിരക്ക് 62 ശതമാനമാണ്. ഖത്തറിലെ വിനോദസഞ്ചാരമേഖല സ്ഥായിയായ വളര്‍ച്ച കൈവരിക്കുന്നതായി ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ വര്‍ഷാദ്യപകുതി വിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഈ വര്‍ഷം ആദ്യപകുതിയില്‍ ഗള്‍ഫ് മേഖലയില്‍ നിന്നും വ്യത്യസ്തമായി മറ്റു വിവിധ മേഖലകളില്‍നിന്നും കൂടുതല്‍ വിനോദസഞ്ചാരികള്‍ ഖത്തറിലെത്തിയിരുന്നു.കഴിഞ്ഞവര്‍ഷം ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ യൂറോപ്പില്‍ നിന്നും ഖത്തര്‍ സന്ദര്‍ശിക്കാനെത്തിയവരുടെ എണ്ണത്തില്‍ പത്ത് ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്, 2,34,880പേരില്‍ നിന്നും 2,59.121പേരായി വര്‍ധിച്ചു. അമേരിക്കയില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം 77,974ല്‍ നിന്നും 83,240ആയി വര്‍ധിച്ചു, ഏഴു ശതമാനമാണ് വര്‍ധന. ഓഷ്യാന ഉള്‍പ്പടെ ഏഷ്യയില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ നാലുശതമാനമാണ് വര്‍ധന. 3,40,529 സന്ദര്‍ശകരായിരുന്നു കഴിഞ്ഞവര്‍ഷം ആദ്യപകുതിയിലെത്തിയതെങ്കില്‍ ഇത്തവണ 3,52,469ആയി വര്‍ധിച്ചു. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ആഫ്രിക്കയില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണത്തിലും നാലുശതമാനമാണ് വര്‍ധന.
സേവനങ്ങളും സ്രോതസ്സുകളും വിപണികളും കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കാന്‍ ഉപരോധം സഹായകമാകുകയായിരുന്നുവെന്ന് ക്യുടിഎ വ്യക്തമാക്കുന്നു. ഈ വര്‍ഷം ആദ്യപകുതിയില്‍ ഖത്തറിലെത്തിയത് 14.6ലക്ഷം സന്ദര്‍ശകരാണ്.കഴിഞ്ഞവര്‍ഷം ഇതേകാലയളവുമായി താരതമ്യം ചെയ്താല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഒരുശതമാനം വര്‍ധന. അടുത്തിടെ നടപ്പാക്കിയ വിസനയങ്ങളും കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ വരവ് വര്‍ധിപ്പിക്കുന്നുണ്ട്.
ഇ-വിസ, 80ലധികം രാജ്യങ്ങളിലുള്ളവര്‍ക്ക് ഖത്തര്‍ സന്ദര്‍ശനത്തിന് സൗജന്യ ഓണ്‍ അറൈവല്‍ വിസ, സൗജന്യ 96 മണിക്കൂര്‍ ട്രാന്‍സിറ്റ് വിസ, യുകെ, യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ഷെന്‍ഗന്‍ രാജ്യങ്ങള്‍, ജിസിസി രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ റസിഡന്റ് പെര്‍മിറ്റോ വിസയോ ഉള്ളവര്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് യാത്രാ അനുമതി സംവിധാനം തുടങ്ങിയ സന്ദര്‍ശക യാത്രാസൗഹൃദ വിസനയങ്ങള്‍ ടൂറിസം മേഖലയ്ക്ക് ഗുണകരമാണ്.