ലക്‌നൗ: കുഞ്ഞ് ആണാണോ എന്നറിയാന്‍ ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറുകീറി പരിശോധിച്ച് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ബുഡോനിലെ നേക്പൂരില്‍ ശനിയാഴ്ചയാണ് ക്രൂര സംഭവം നടന്നത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് വയറു കീറിയത്. ഇതേതുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ പ്രദേശവാസികള്‍ സമീപമുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പന്നാലാല്‍ എന്ന യുവാവാണ് 35കാരിയായ യുവതിയുടെ വയറു കീറി പരിശോധന നടത്തിയത്.

ഇയാള്‍ക്ക് അഞ്ചു മക്കളാണുള്ളത്. അഞ്ചുപേരും പെണ്‍കുട്ടികളാണ്. ആറാമതും ഭാര്യ ഗര്‍ഭിണിയായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയാണോ എന്ന് പരിശോധിക്കുകയായിരുന്നു. ഒരു ആണ്‍കുഞ്ഞിനായി പന്നാലാല്‍ ആഗ്രഹിച്ചിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് ഭാര്യയുടെ വയറു കീറി പരിശോധന നടത്താന്‍ ശ്രമിച്ചതെന്നും കുടുംബം പറഞ്ഞു.