ഡിസംബര്‍ 9 ന് വ്യാഴാഴ്ച കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മുസ്ലിംലീഗ് വഖഫ് സംരക്ഷണ റാലി വന്‍ വിജയമാക്കാന്‍ മുസ്ലിംലീഗ് സംസ്ഥാന ജില്ലാ ഭാരവാഹികളുടെയും പോഷക ഘടകങ്ങളുടെയും സംയുക്ത നേതൃയോഗം തീരുമാനിച്ചു. റാലിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് യോഗം രൂപം നല്‍കി.

വിവിധ ജില്ലകളില്‍ നിന്നെത്തുന്ന പതിനായിരങ്ങളെ സ്വീകരിക്കാനും ഉള്‍ക്കൊള്ളാനുമുതകുന്ന വിപുലമായ ക്രമീകരണങ്ങളാണ് യോഗം ആസൂത്രണം ചെയ്തത്. വിവിധ ഭാഗങ്ങളില്‍നിന്ന് വാഹനങ്ങളിലെത്തുന്ന പ്രവര്‍ത്തകര്‍ ചെറുജാഥകളായി സമ്മേളന നഗരിയിലെക്ക് പ്രവേശിക്കുന്നതോടെ കൃത്യം 4 മണിക്ക് സമ്മേളനം ആരംഭിക്കും.

സമ്മേളനത്തിന്റെ വിജയത്തിനായി മലബാറിലെ ജില്ലകളില്‍ ഡിസംബര്‍ 6ന്് ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും പോഷക സംഘടനാ പ്രതിനിധികളുടെയും യോഗം ചേരും. സംസ്ഥാന പ്രതിനിധികളായി ഡോ. എം.കെ മുനീര്‍ (മലപ്പുറം), ആബിദ് ഹുസൈന്‍ തങ്ങള്‍ (കോഴിക്കോട്), അബ്ദുറഹിമാന്‍ കല്ലായി (കാസര്‍കോഡ്), എന്‍.എ നെല്ലിക്കുന്ന (കണ്ണൂര്‍), സി പി ചെറിയ മുഹമ്മദ് (വയനാട്), അബ്ദുറഹിമാന്‍ രണ്ടത്താണി (പാലക്കാട്) എന്നിവര്‍ ഈ യോഗങ്ങളില്‍ പങ്കെടുക്കും.

തുടര്‍ന്ന് മണ്ഡലം പഞ്ചായത്ത് തലയോഗങ്ങളും നടക്കും. കോഴിക്കോട് ജില്ലയില്‍ ഡിസംബര്‍ 5ന് മണ്ഡലം കമ്മറ്റി യോഗങ്ങളും ഡിസംബര്‍ 6 ന് പഞ്ചായത്ത് തല യോഗങ്ങളും നടക്കും. മലപ്പുറത്ത് ഡിസംബര്‍ 6 ന് മണ്ഡലം തല യോഗങ്ങളും 7ന് പഞ്ചായത്ത് തല യോഗങ്ങളും വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ഇന്ന് 2 മണിക്ക് തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലയികളിലെ സംസ്ഥാന ഭാരവാഹികളും പ്രവര്‍ത്തക സമിതി അംഗങ്ങളും ജില്ലാ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാരും പോഷക സംഘടനാ ഭാരവാഹികളുമടങ്ങുന്ന വിപുലമായ യോഗം ഉച്ചക്ക് 2 മണിക്ക് എറണാകുളം പുല്ലേപടിയിലുള്ള കെ.എം.ഇ.എ ഹാളില്‍ നടക്കും.
സമ്മേളന വിജയത്തിനായി വ്യത്യസ്തമായ പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്തതായി വിവിധ പോഷക സംഘടനകള്‍ യോഗത്തില്‍ അറിയിച്ചു. മുസ്ലിം നേതൃ സമിതി തീരുമാനിച്ച ഡിസംബര്‍ 7ലെ പഞ്ചായത്ത് മുനിസിപ്പല്‍ തല പ്രതിഷേധ സംഗമങ്ങളും റാലികളും വന്‍വിജയമാക്കാനും യോഗം ആഹ്വാനം ചെയ്തു.