മെല്‍ബണ്‍: ഓസീസിനു മുന്നില്‍ കിവീസ് വീണ്ടും വീണുടഞ്ഞു. മൂന്നാം ഏകദിനത്തില്‍ സന്ദര്‍ശകരായ ന്യൂസിലന്‍ഡിനെ 117 റണ്‍സിന് തോല്‍പിച്ച് മൂന്ന് മത്സരങ്ങളുടെ പരമ്പര ഓസ്‌ട്രേലിയ 3-0നു തൂത്തു വാരി. കങ്കാരുക്കള്‍ പടുത്തുയര്‍ത്തിയ എട്ടിന് 264 എന്ന സ്‌കോര്‍ പിന്തുടര്‍ന്ന കിവീസ് 147 റണ്‍സിന് എല്ലാവരും പുറത്തായി. നേരത്തെ ടോസ് നേടിയ ഓസീസ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറുടെ (156) പ്രകടനമാണ് ഓസീസിനു കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

തുടര്‍ന്ന് ബാറ്റിങിനിറങ്ങിയ ന്യൂസിലന്‍ഡ് മൂന്നു വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്, രണ്ട് വിക്കറ്റുകള്‍ വീതം നേടിയ പാറ്റ് കമ്മിന്‍സ്, ജെയിംസ് ഫോള്‍ക്‌നര്‍, ട്രവിസ് ഹെഡ് എന്നിവരുടെ ബൗളിങിനു മുന്നില്‍ കാര്യമായ പ്രതിരോധം തീര്‍ക്കാനാവാതെ കീവിസ് ദയനീയമായി കീഴടങ്ങുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണര്‍ ഒരു വര്‍ഷത്തെ സെഞ്ച്വറികളുടെ എണ്ണത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗാംഗുലിയുടെ റെക്കോഡിനൊപ്പമെത്തി. 2016 ല്‍ ഏഴാം ഏകദിന സെഞ്ച്വറിയാണ് വാര്‍നര്‍ ഇന്നലെ തികച്ചത്. 2000ത്തില്‍ 32 മത്സരത്തില്‍ നിന്നാണ് ഗാംഗുലി ഏഴ് സെഞ്ച്വറി നേടിയത്.

എന്നാല്‍ വെറും 23 മത്സരങ്ങളില്‍ നിന്നാണ് വാര്‍ണര്‍ ഏഴ് സെഞ്ച്വറി നേടിയത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയിട്ടുള്ളത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 1998 ല്‍ ഒമ്പത് ഏകദിന സെഞ്ച്വറികളാണ് സച്ചിന്‍ നേടിയത്. 34 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ ഈ നേട്ടം കൈവരിച്ചത്. സച്ചിനെ മാത്രമാണ് വാര്‍ണര്‍ക്ക് ഇനി മറികടക്കാനുള്ളത്. 156 റണ്‍സെടുത്ത വാര്‍നറിനു പുറമെ 37 റണ്‍സെടുത്ത ട്രവിസ് ഹെഡ് മാത്രമാണ് ഓസീസ് നിരയില്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയത്.

രണ്ടാം ഓവറില്‍ ആരോണ്‍ ഫിഞ്ചിനെ നഷ്ടമായ ഓസീസ് തകര്‍ച്ചയോടെയായിരുന്നു തുടങ്ങിയത്. പിന്നാലെ സംപൂജ്യനായി ക്യാപ്റ്റന്‍ സ്മിത്തും മടങ്ങി. ഒരു ഘട്ടത്തില്‍ നാലിന് 73 എന്ന നിലയില്‍ പരുങ്ങിയ ഓസീസിനെ വാര്‍നറുടെ ഒറ്റയാള്‍ പ്രകടനമാണ് സ്‌കോര്‍ 264 റണ്‍സിലെത്തിച്ചത്. മറുപടി ബാറ്റിങിനിറങ്ങിയ കിവീസ് നിരയില്‍ ഗപ്റ്റില്‍ (34), ലഥാം (28), കോളിന്‍ മണ്‍റോ (20) എന്നിവിരൊഴികെ മറ്റാര്‍ക്കും കാര്യമായ സ്‌കോര്‍ കണ്ടെത്താനായില്ല.