വയനാട്: വയനാട്ടില്‍ മാവോയിസ്റ്റും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വയനാട് പടിഞ്ഞാറത്തറ മേഖലയിലെ മീന്‍മുട്ടി വാളരംകുന്നിലാണ് വെടിവെപ്പുണ്ടായത്.  തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നു. തണ്ടര്‍ബോള്‍ട്ട് സംഘത്തെ മാവോയിസ്റ്റുകള്‍ അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

രാവിലെ ഈ പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന തണ്ടര്‍ ബോള്‍ട്ട് സംഘം മാവോയിസ്റ്റുകളെ കണ്ടെത്തുകയും തുടര്‍ന്ന് മാവോയിസ്റ്റുകള്‍ വെടിവെച്ചതിനെ തുടര്‍ന്ന് ഏറ്റുമുട്ടല്‍ ആരംഭിക്കുകയുമായിരുന്നു. രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ അല്‍പസമയം മുമ്പ് വരെ തുടര്‍ന്നുവെന്നാണ് സൂചന. തണ്ടര്‍ ബോള്‍ട്ട് നടത്തിയ പ്രത്യാക്രാമണത്തില്‍ ഒരു മാവോയിസ്റ്റിന് ഗുരുതരമായി പരിക്കേറ്റതായി ആദ്യം വിവരം വന്നെങ്കിലും ഇയാള്‍ കൊല്ലപ്പെട്ടുവെന്ന് പൊലിസ് വ്യക്തമാക്കുന്നു.

ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലത്തേക്ക് ആരേയും പൊലീസ് കയറ്റിവിടുന്നില്ല. ഇവിടെ മൊബൈല്‍ ഫോണിന് റേഞ്ചില്ലെന്നും സാറ്റലൈറ്റ് ഫോണ് വഴി പൊലീസ് ആസ്ഥാനത്ത് നിന്നും തണ്ടര്‍ ബോള്‍ട്ട് സംഘവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നുമാണ് സൂചന.