അബുദാബി: ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപമേധാവിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അദ്ദേഹം അനുശോചനം അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിക്കേറ്റവര്‍ക്ക് സുഖാംശസകളും നേര്‍ന്നു.

ഭീകരാക്രമണത്തെ തുടര്‍ന്ന് ഫ്രാന്‍സ് സ്വീകരിച്ച നിലപാടുകളില്‍ അറബ് രാജ്യങ്ങളില്‍ നിന്നടക്കം പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഹമ്മദ് ബിന്‍ സായിദിന്റെ ഇടപെടല്‍. ആക്രമണങ്ങളെ കടുത്തഭാഷയില്‍ വിമര്‍ശിച്ച അല്‍ നഹ്യാന്‍, സമാധാനവും സ്‌നേഹവും സഹിഷ്ണുതയും മാനുഷിക ജീവിതത്തിന്റെ പരിശുദ്ധിയും പഠിപ്പിക്കുന്ന എല്ലാ വിശുദ്ധ മതങ്ങളുടെയും തത്വങ്ങള്‍ക്ക് എതിരാണ് ഈ ആക്രമണങ്ങള്‍ എന്നാണ് പറഞ്ഞത്. മുസ്ലീങ്ങള്‍ക്കിടയിലെ പവിത്രതയെയാണ് പ്രവാചകനായ മുഹമ്മദ് നബി പ്രതിനിധീകരിക്കുന്നത്. പക്ഷെ നിലവിലെ പ്രശ്‌നത്തെ അക്രമവുമായി ബന്ധിപ്പിക്കുന്നതും രാഷ്ട്രീയവല്‍ക്കരിക്കുന്നതും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്വേഷ പ്രസംഗങ്ങളോട് തനിക്കുള്ള എതിര്‍പ്പും അദ്ദേഹം ഒരിക്കല്‍ കൂടി ഊന്നിപ്പറഞ്ഞു. ഫ്രാന്‍സും അറബ് ലോകവും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദ ബന്ധവും ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക വൈവിധ്യങ്ങളും മക്രോണുമായുള്ള സംഭാഷണത്തില്‍ ഊന്നിപ്പറഞ്ഞു.