കൊല്ലം പരവൂര്‍ തീരത്ത് മത്സ്യത്തൊഴിലാളികളുടെ കമ്പവലയില്‍ കുടുങ്ങിയ നാലുമീറ്റര്‍ നീളമുള്ള തിമിംഗല സ്രാവിനെ ഇന്ന് പുലര്‍ച്ചെ രക്ഷപ്പെടുത്തി. പരവൂര്‍ തെക്കുംഭാഗം മുസ്‌ലിം പള്ളിക്ക് സമീപം കമ്പവല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ തൊഴിലാളികളുടെ വലയിലാണ് കൂറ്റന്‍ സ്രാവ് ആകസ്മികമായി കുടുങ്ങിയത്.
വല വലിച്ചെത്തിച്ചപ്പോള്‍ അവശനിലയില്‍ തീരത്തോട് ചേര്‍ന്ന് നീന്തുന്ന സ്രാവിനെ കണ്ട തൊഴിലാളികളും സര്‍ഫിങ്ങിന് എത്തിയ വിദേശ വിനോദസഞ്ചാരികളും സര്‍ഫിങ് ഗൈഡുമാരും ചേര്‍ന്ന് വല മുറിച്ച് മോചിപ്പിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ സ്രാവിന്റെ വാല്‍ തട്ടിയതോടെ ഒരു വിദേശ വനിതയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സ്രാവ് തീരത്ത് നിന്ന് മാറാതെ ഏറെ നേരം നില്‍ക്കുന്നതിനാല്‍ അഞ്ചുതെങ്ങില്‍ നിന്നെത്തിയ തീരദേശ പൊലീസ് ബോട്ടില്‍ വടി കെട്ടി ആഴക്കടലിലേക്ക് മാറ്റി.
സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍, ചാത്തന്നൂര്‍ എസിപി അലക്‌സാണ്ടര്‍ തങ്കച്ചന്‍, പരവൂര്‍ ഇന്‍സ്‌പെക്ടര്‍ വി. ബിജു, ഫോറസ്റ്റ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ലോകത്തിലെ ഏറ്റവും വലിയ മത്സ്യമെന്നറിയപ്പെടുന്ന തിമിംഗല സ്രാവ് പരമാവധി 18 മീറ്റര്‍ നീളവും 21 ടണ്‍ ഭാരവും കൈവരിക്കുന്നതാണ്. ശരീരത്തിലുള്ള പ്രത്യേക പുള്ളിപ്പാടുകള്‍, വലിപ്പമുള്ള വായ, ഫില്‍റ്റര്‍ഫീഡിങ് ശൈലി എന്നിവയാണ് ഇവയുടെ പ്രത്യേകത.
ഷോര്‍ സൈനര്‍ വലയില്‍ കുടുങ്ങിയ സ്രാവ് ഏകദേശം നാല് മീറ്ററോളം നീളമുള്ളതായിരുന്നു. 2017ല്‍ വൈല്‍ഡ് ലൈഫ് ട്രസ്റ്റ്ഓഫ് ഇന്ത്യയും വനം വകുപ്പും ചേര്‍ന്ന് കേരള തീരത്ത് തിമിംഗല സ്രാവ് സംരക്ഷണ ക്യാംപെയ്ന്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കൊല്ലം തീരത്ത് ഒരു തിമിംഗല സ്രാവിന്റെ മരണത്തെ തുടര്‍ന്ന് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കൂടുതല്‍ ശക്തമാക്കിയിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വല നാശനഷ്ടങ്ങള്‍ക്ക് പരിഹാരമായി 25,000 രൂപയുടെ അടിയന്തര ധനസഹായ സംവിധാനം ട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്.