ബംഗളൂരു: ഇന്ത്യന്‍ നായകന്‍ വിരാത് കോലി നയിച്ച ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സും ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മ നയിച്ച മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടം പ്രതീക്ഷിക്കപ്പെട്ടത് പോലെ അതി ഗംഭീരമായി. അവസാന പന്ത് വരെ ആവേശം കത്തിയപ്പോള്‍ ആറ് റണ്‍സിന് മുംബൈ ജയിച്ചു കയറി.

ജയിക്കാന്‍ 188 റണ്‍സ് ആവശ്യമായിരുന്ന ബംഗളൂരു എബി ഡി വില്ലിയേഴ്‌സിന്റെ കരുത്തില്‍ അവസാനം വരെ പൊരുതിയിരുന്നു. ലസിത് മാലിങ്ക എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സ് വേണ്ടിയിരുന്നു ആതിഥേയര്‍ക്ക്. പക്ഷേ മാലിങ്ക തന്റെ പരിചയ സമ്പത്ത് ആയുധമാക്കി. ക്രീസിലാവട്ടെ ഡി വില്ലിയേഴ്‌സിനെ പോലെ അപകടകാരിയും. എന്തും സംഭവിക്കാമെന്ന പ്രതീതി. പക്ഷേ മാലിങ്ക കരുത്തനായി. 11 റണ്‍സ് മാത്രമായിരുന്നു അദ്ദേഹം നല്‍കിയത്. അവസാന പന്തില്‍ ബംഗളൂരുവിന് ജയിക്കാന്‍ ഏഴ് റണ്‍. ആ പന്ത് സിക്‌സറിന് പോയാല്‍ മല്‍സരം ടൈ. പക്ഷേ നായകന്‍ രോഹിതും മാലിങ്കയും മറ്റ് ഫീല്‍ഡര്‍മാരും ജാഗ്രത കൈവിട്ടില്ല. 41 പന്തില്‍ ഡി വില്ലിയേഴ്‌സ് 70 റണ്‍സ് നേടി. 32 പന്തില്‍ 46 റണ്‍സ് നേടിയ വിരാത് കോലി ജസ്പ്രീത് ബുംറയുടെ പന്തില്‍ പുറത്തായതാണ് മുംബൈക്ക് അപകടഘട്ടത്തില്‍ നേട്ടമായത്.

ഗംഭീരമായിരുന്നു മുംബൈയുടെ തുടക്കം. നായകന്‍ രോഹിത് ശര്‍മയും ദക്ഷിണാഫ്രിക്കക്കാരനായ വിക്കറ്റ് കീപ്പര്‍ ബ്രെന്‍ഡന്‍ ഡി കോക്കും ചേര്‍ന്നുള്ള ഒന്നാം വിക്കറ്റ് സഖ്യം അതിവേഗതയില്‍ 54 റണ്‍സ് നേടിയ ശേഷം ഇടക്ക് മുംബൈ തളര്‍ന്നു. കൂറ്റന്‍ സ്‌ക്കോറിലേക്ക് പോവുമെന്ന് തോന്നിയ വേളയില്‍ യൂസവേന്ദ്ര ചാഹലിന്റെ സ്പിന്നിലും മുഹമ്മദ് സിറാജിന്റെ ഫീല്‍ഡിംഗ് മികവിലും ബംഗളൂരു തിരിച്ചെത്തി. പക്ഷേ അവസാനത്തില്‍ കൈക്കരുത്തുമായി ഹാര്‍ദ്ദിക് പാണ്ഡ്യ സിക്‌സര്‍ വേട്ട നടത്തിയപ്പോള്‍ മുംബൈ സ്‌ക്കോര്‍ 187 ലെത്തി. ചിന്നസ്വാമി സ്‌റ്റേഡിത്തിലെ ട്രാക്് ബാറ്റിംഗിന് അനുകൂലമായിരുന്നു. ടോസ് നേടിയ മുംബൈ ബാറ്റിംഗിന് തീരുമാനിക്കാന്‍ പ്രധാന കാരണവും മൈതാനമായിരുന്നു.

ആദ്യ മല്‍സരത്തിലെ പരാജയം കാരണം രണ്ട് ടീമുകളും വിജയമെന്ന ലക്ഷ്യത്തില്‍ കരുതലോടെയാണ് തുടങ്ങിയത്. ഇന്ത്യന്‍ സീമര്‍ ഉമേഷ് യാദവിനാണ് നായകന്‍ വിരാത് കോലി പുതിയ പന്ത് നല്‍കിയത്. പക്ഷേ രോഹിതോ ഡി കോക്കോ കടന്നാക്രമണത്തിന്റെ സൂചന ആദ്യ ഓവറില്‍ നല്‍കിയില്ല. സൈനിക്കെതിരെ പക്ഷേ രോഹിത് താല്‍പ്പര്യമെടുത്തു. ഇത്തവണ പ്രീമിയര്‍ ലീഗിലെ മുഴുവന്‍ മല്‍സരങ്ങളിലും ഓപ്പണറുടെ കുപ്പായമണിയുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ രോഹിത് പതിവ് ലോഫ്റ്റഡ് ഷോട്ടില്‍ തുടങ്ങിയപ്പോള്‍ ബംഗളൂരു ഫാന്‍സ് നിറഞ്ഞ ഗ്യാലറിയില്‍ നിശബ്ദത. രണ്ട് പേരും നിലയുറപ്പിച്ചതോടെ കോലിയില്‍ സമ്മര്‍ദ്ദമായി. ഏഴാം ഓവറിലാണ് ബംഗളൂരുവിന് ആദ്യ വിക്കറ്റ് ലഭീച്ചത്. ചാഹലിനെ പ്രഹരിക്കാനുളള ശ്രമത്തില്‍ ഡി കോക്കിന് പന്തിന്റെ ദിശ മനസ്സിലായില്ല,. ആദ്യ വിക്കറ്റ് നഷ്ടമാവുമ്പോല്‍ സക്കോര്‍ ബോര്‍ഡില്‍ 54 റണ്‍സ്. സുര്യകുമാര്‍ യാദവായിരുന്നു നായകന് പിന്തുണയുമായി മൂന്നാം നമ്പറില്‍ വന്നത്. ഈ സഖ്യവും സുന്ദരമായി കളിച്ചതോടെ സ്‌ക്കോര്‍ ബോര്‍ഡിന് വേഗത കൈവന്നു. ഇടക്ക് മനോഹരമായ സിക്‌സറുമായി രോഹിത് കരുത്ത്് പ്രകടിപ്പിച്ചു. എട്ട് ബൗണ്ടറികളും ഒരു സിക്‌സറുമായി 47 പന്തില്‍ 48 റണ്‍സ് നേടിയ രോഹിതിന് അടുത്ത പന്ത് വിനയായി. ഉമേഷ് യാദവിനെ കൂറ്റന്‍ ഷോട്ടിന് പായിക്കാനുള്ള ശ്രമത്തില്‍ ബൗണ്ടറി ലൈനില്‍ മുഹമ്മദ് സിറാജ് ക്യാച്ചെടുത്തു. സമ്മര്‍ദ്ദ സാഹചര്യത്തിലും ഹൈദരാബാദുകാരന്റെ മന: സാന്നിദ്ദ്യമായിരുന്നു പ്രധാനം.
രോഹിതിന് പകരം വന്ന വെറ്ററന്‍ യുവരാജ് സിംഗ് പക്ഷേ മാരക ഫോമിലായിരുന്നു. 2007 ലെ പ്രഥമ ടി-20 ലോകകപ്പില്‍ ഇംഗ്ലീഷ് സീമര്‍ സ്റ്റിയൂവര്‍ട്ട് ബ്രോഡിനെ തുടര്‍ച്ചയായി ആറ് സിക്‌സറുകള്‍ക്ക്് ശിക്ഷിച്ചത് പോലെ ഇന്ത്യന്‍ സീമര്‍ യൂസവേന്ദ്ര ചാഹലിനെ തുടര്‍ച്ചയായി മൂന്ന് തവണ സിക്‌സറിന് പറത്തി യുവി. നാലാം ഷോട്ടും ഗ്യാലറിയിലേക്കായിരുന്നു യുവി ലക്ഷ്യം വെച്ചത്. പക്ഷേ അവിടെ മുഹമ്മദ് സിറാജുണ്ടായിരുന്നു. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ അര്‍ധസെഞ്ച്വറി സ്വന്തമാക്കി കരുത്ത് പ്രകടിപ്പിച്ച സീനിയര്‍ താരം 12 പന്തില്‍ 23 റണ്‍സുമായാണ് മടങ്ങിയത്. യുവിയുടെ മടക്കമാണ് സ്‌ക്കോര്‍ബോര്‍ഡിനെ സാരമായി ബാധിച്ചത്. വന്‍ പ്രതീക്ഷകളുമായി വന്ന വിന്‍ഡീസുകാരന്‍ കിരണ്‍ പൊലാര്‍ഡ് പക്ഷേ വലിയ നിരാശയാണ് സമ്മാനിച്ചത്. ആറ് പന്തുകള്‍ അദ്ദേഹം നേരിട്ടു. പ്രതീക്ഷിക്കപ്പെട്ട ഷോട്ടുകള്‍ക്ക് കഴിയാതെ അഞ്ച് റണ്ണുമായി അദ്ദേഹം ചാഹലിന് മൂന്നാം വിക്കറ്റ് നല്‍കി. പിന്നെ ക്രീസില്‍ ഒരുമിച്ചത് സഹോദരന്മാരായ ഹാര്‍ദ്ദികും ക്രുണാലുമായിരുന്നു. മിന്നല്‍ ബാറ്റിംഗിന്റെ വക്താക്കളായ ഇരുവരിലും മുംബൈക്ക് പ്രതീക്ഷയുണ്ടായിരുന്നു.

പക്ഷേ ക്രുണാല്‍ നേരിട്ട് രണ്ടാം പന്തില്‍ തന്നെ മടങ്ങി. മക്‌ലഗാനന്‍, മാര്‍കണ്ഡേയ എന്നിവരും പെട്ടെന്ന് മടങ്ങിയപ്പോള്‍ ജസ്പ്രീത് ബുംറയെ സാക്ഷി നിര്‍ത്തിയായിരുന്നു അവസാന ഓവറുകള്‍ ഹാര്‍ദ്ദീക് ആഘോഷമാക്കിയത്. മുഹമ്മദ് സിറാജിനായിരുന്നു അവസാന ഓവര്‍ കോലി നല്‍കിയത്. രണ്ട് വട്ടം പന്ത് ഗ്യാലറിയിലെത്തി. ഇതില്‍ ഒരു ഷോട്ട് സ്‌റ്റേഡിയത്തിന് പുറത്തായിരുന്നു. ബംഗളൂരുവിന് ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം തോല്‍വിയാണിത്.