മോസ്‌കോ: ഫ്രാന്‍സിന്റെ മിന്നും വേഗതയില്‍ അടിതെറ്റിയ അര്‍ജന്റീന ലോകകപ്പില്‍ നിന്ന് മടങ്ങുമ്പോള്‍ തന്റെ പ്രതിഭക്ക് മേല്‍ ലോകകിരീടത്തിന്റെ തിലകം ചാര്‍ത്തുകയെന്ന സ്വപ്‌നം ബാക്കിവെച്ചാണ് സൂപ്പര്‍ താരം ലയണല്‍ മെസ്സി റഷ്യയില്‍ നിന്ന് മടങ്ങുന്നത്. അര്‍ജന്റീന ആരാധകരുടെ ഏറെക്കാലത്തെ ആഗ്രഹമാണ് മെസ്സി രാജ്യത്തിനായി ഒരു കിരീടമുയര്‍ത്തുന്ന ദൃശ്യം. എന്നാല്‍ ലോക കിരീടത്തിന്റെ അഭാവം മെസ്സിയെന്ന പ്രതിഭയുടെ മികവിന് ഒരു കുറവല്ലെന്ന് വിമര്‍ശകര്‍ പോലും സമ്മതിക്കും.

ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് മെസ്സിയും അര്‍ജന്റീനയും മടങ്ങുമ്പോള്‍ ഈ യാഥാര്‍ത്ഥ്യമാണ് ഫ്രാന്‍സിന്റെ യുവതാരവും ബാഴ്‌സലോണയില്‍ മെസ്സിയുടെ സഹതാരവുമായ ഒസ്മാനെ ഡെംബലെ പങ്കുവെക്കുന്നത്. ‘കരുത്തോടെ നില്‍ക്കൂ…നിങ്ങള്‍ എല്ലായിപ്പോഴും മികച്ചവന്‍ തന്നെയാണ്’ ഡെംബലെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മത്സരത്തിന് ശേഷം മെസ്സിയെ ആശ്വസിപ്പിക്കുന്ന ഫോട്ടോയും ഡെംബലെ പങ്കുവെച്ചിട്ടുണ്ട്. നൈജീരിയക്കെതിരെ മെസ്സി ഗോള്‍ നേടിയപ്പോള്‍ ഡെംബലെ മെസ്സിയെ അഭിനന്ദിച്ചിരുന്നു.

മികച്ച പ്രകടനം കാഴ്ചവെച്ച ഫ്രാന്‍സിന്റെ യുവനിരക്കെതിരെ ശരാശരി പ്രകടനം നടത്തിയ അര്‍ജന്റീന 4-3നാണ് തോറ്റത്. അന്റോണിയോ ഗ്രിസ്മാന്‍, പവാര്‍ഡ്, എംബാപ്പെ എന്നിവരുടെ വകയായിരുന്നു ഫ്രാന്‍സിന്റെ ഗോളുകള്‍. എയ്ഞ്ചല്‍ ഡി മരിയ, മെക്കാര്‍ഡോ, സെര്‍ജിയോ അഗ്യൂറോ എന്നിവരാണ് അര്‍ജന്റീനക്കായി ഗോളുകള്‍ സ്‌കോര്‍ ചെയ്തത്.