ലക്‌നോ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിനെ ഞെട്ടിച്ച് പൊലീസിന്റെ കൈക്കൂലി കാര്‍ഡ് പുറത്തുവന്നു. സംസ്ഥാന പൊലീസിന്റെ പേരില്‍ കൈകൂലി നിരക്ക് രേഖപ്പെടുത്തിയ കാര്‍ഡാണ് സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത്. കൈക്കൂലി നിരക്ക് പുറത്തുവന്നതോടെ യോഗി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

കൈക്കൂലി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൈക്കൂലി കാര്‍ഡ് പുറത്തുവരാന്‍ കാരണമായത്.

കൈക്കൂലിക്കുവേണ്ടി പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ അടിപിടികൂടുന്നത് നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് കാണിച്ച് ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ കൈക്കൂലി കാര്‍ഡ് ഡി.ജി.പിക്ക് അയച്ചു നല്‍കുകയായിരുന്നു. തുടര്‍ന്ന് നോയിഡ എസ്.പി സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടു. ഇതോടെയാണ് കൈക്കൂലി കാര്‍ഡ് പുറത്തായത്. സമൂഹമാധ്യമങ്ങളില്‍ ഇത് വ്യാപകമായി പ്രചരിക്കാനും ആരംഭിച്ചു.

സംഭവം വിവാദമായതോടെ ഉന്നതതല അന്വേഷണത്തിന് യോഗി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.