2014-ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി പാര്‍ലമെന്റിലേക്ക് കടന്നുവന്ന രംഗം ആരും മറന്നുപോകാന്‍ ഇടയില്ല. പാര്‍ലമെന്റ് കവാടത്തിങ്കല്‍ സ്രാഷ്ടാംഗം പ്രണമിച്ച് കൊണ്ടാണ് അദ്ദേഹം പാര്‍ലമെന്റിലേക്ക് കാലെടുത്ത് വെച്ചിട്ടുള്ളത്. ഇന്ത്യയുടെ മതേതരത്വത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ ഒരു പ്രധാനമന്ത്രി കടന്നുവന്നിരിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് പാര്‍ലമെന്റ് കവാടത്തില്‍ മുത്തം വെക്കുന്ന മോദിയുടെ ചിത്രം ആഗോള മാധ്യങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇന്നു വരേ ഒരു പ്രധാന മന്ത്രിക്കും നല്‍കാത്ത പരിവേശത്തോടെയാണ് ലോക മാധ്യമങ്ങള്‍ നരേന്ദ്ര മോദിയുടെ ആഗമനത്തെ സ്വാഗതം ചെയ്തത്. ഗുജറാത്ത് വികസനത്തിന്റെ സൂത്രാധാരനെന്ന പരിവേശമായിരുന്നു അതിന്റെ കാരണം. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറായിരുന്നു നരേന്ദ്ര മോദിക്ക് ഈ വ്യാജ പരിവേശം നല്‍കിയത്. എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി മോദി സര്‍ക്കാര്‍ എട്ട് വര്‍ഷം പിന്നിടുകയാണ്.

എഴുപത്തി അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയെ അര്‍ദ്ധ സ്വാതന്ത്ര രാജ്യമെന്നും സ്വേഛാധിപത്യ രാജ്യമെന്നുമാണ് ആഗോള ഏജന്‍സികള്‍ വിലയിരുത്തിപ്പോരുന്നത്. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട 1975ലെ നിലയിലാണ് ഇന്ന് നമ്മുടെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പത്രസ്വാതന്ത്രത്തിന്റെയും സൂചികകള്‍ എത്തി നില്‍ക്കുന്നത്. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കെല്‍പ്പുള്ള നീതി ന്യായ വ്യവസ്ഥിതിയുള്ള രാജ്യമാണ് ഇന്ത്യ എന്ന് ലോകം വിശ്വസിച്ചിരുന്നു. എന്നാല്‍ ബാബരി മസ്ജിദ് കേസിലെയും ഗുജറാത്ത് കലാപത്തിലെയും ബോംബെ കലാപത്തിലെയും പ്രതികള്‍ രക്ഷപ്പെട്ടതോടെ ലോകത്തിന്റെ ആ വിശ്വാസവും നഷ്ടപ്പെട്ടിരിക്കുന്നു. ഗുജറാത്ത് കലാപത്തിന് ശേഷം നരേന്ദ്ര മോദിക്ക് വിസ നിഷേധിച്ച അമേരിക്ക പ്രധാനമന്ത്രിയായ മോദിയെ സ്വാഗതം ചെയ്തത് ചരിത്ര നിയോഗമായിരിക്കാം. എങ്കിലും ഒരു കാര്യം അവരും തിരിച്ചറിഞ്ഞിരിക്കുന്നു. മുസ്ലിം വിരുദ്ധതയും പരമത വിദ്വേഷവും വംശീയതയും വര്‍ഗീയതയും രാജ്യത്തിന്റെ പൊതുനയമായി മാറിയെന്നും ജനാധിപത്യത്തെയും ബഹുസ്വരതയെയും ഇല്ലായ്മ ചെയ്യാനുള്ള നിയമ നിര്‍മ്മാണങ്ങള്‍ ദിനം പ്രതി ഇന്ത്യയില്‍ നടക്കുന്നുവെന്നും അമേരിക്ക് അടക്കമുള്ള ലോക രാജ്യങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ വൈസ് പ്രസിഡണ്ട് കമലാ ഹാരിസ് പ്രധാനമന്ത്രിയെ ഓര്‍മ്മപ്പെടുത്തിയതും ഈ അവസ്ഥയെ കുറിച്ച് തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയും. അത് നിലനിര്‍ത്താന്‍ നമുക്ക് ബാധ്യതയുണ്ട്. പ്രത്യേകിച്ച് ഇന്ത്യക്ക് ബാധ്യതയുണ്ടെന്നായിരുന്നു ആ മുന്നറിയിപ്പ്.

എതിര്‍ ശബ്ദങ്ങളെ സഹിഷ്ണുതയാടെ ഉള്‍കൊള്ളുക എന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. എന്നാല്‍ സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നവരുടെ പേരില്‍ രാജ്യ ദ്രോഹ കുറ്റം ചുമത്തിയും യു.എ.പി.എ ചുമത്തിയും ജയിലിലടക്കാനാണ് മോദി ഭരണ കൂടം ജാഗ്രത പുലര്‍ത്തുന്നത്. രാജ്യ ദ്രോഹ കുറ്റം സുപ്രീം കോടതി മരവിപ്പിച്ചപ്പോള്‍ ഇ.ഡിയെ വിട്ട് ഭയപ്പെടുത്താനാണ് അവര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഇ.ഡിയെ പേടിച്ചാണ് മഹാരാഷ്ട്രയില്‍ ശിവസേന അംഗങ്ങള്‍ പിന്മാറിയതെന്ന വാര്‍ത്തകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് രാഹുല്‍ ഗാന്ധി. അഞ്ച് ദിവസത്തിനുള്ളില്‍ 55 മണിക്കൂറാണ് അദ്ദേഹത്തെ ചോദ്യം ചെയ്തുട്ടുള്ളത്. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന തന്ത്രമാണ് ബി.ജെ.പി പ്രയോഗിക്കുന്നത്. ഭയപ്പെടുന്ന രക്തമല്ല രാഹുലിന്റേത്. അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ കടമെടുത്താല്‍ അത് ബോധ്യമാകും. മേരാ നാം രാഹുല്‍ ഗാന്ധി ഹെ, മേരേ നാം രാഹുല്‍ സവര്‍ക്കര്‍ നഹീ ഹെ. രാജ്യത്തിന് ജീവന്‍ നല്‍കിയ ഇന്ദിര പ്രിയദര്‍ശിനിയുടെ പേരക്കുട്ടിയായും രാജീവ് ഗാന്ധിയുടെ മകനായും ധീരന്മാരുടെ കുടുംബ പശ്ചാതലത്തിലാണ് താന്‍ ജനിച്ചിട്ടുള്ളതെന്നും ഏഴോളം മാപ്പപേക്ഷകള്‍ നല്‍കി ജയില്‍ മോചിതനാവാന്‍ കാത്തിരുന്ന സവര്‍ക്കറുടെ കുടുംബത്തിലല്ല താന്‍ ജനിച്ചതെന്നും അദ്ദേഹം പലരേയും ഓര്‍മ്മപ്പെടുത്തുകയായിരുന്നു. ബി.ജെ.പിക്കൊപ്പം നിന്ന് രാഹുല്‍ ഗാന്ധിയെ വേട്ടയാടുന്ന എസ്.എഫ്.ഐയും ഫാസിസത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും സ്വാതന്ത്ര്യ നിഷേധങ്ങളും അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങളും ആഗോള ഏജന്‍സികളും നിരീക്ഷിച്ച് കൊണ്ടിരിക്കുന്നുവെന്ന വാര്‍ത്തകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങളായ മുസ്‌ലിം ക്രൈസ്തവ വിഭാഗങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന ചെറുത്ത് നില്‍പ്പിന്റെ ദയനീയമായ അവസ്ഥയെ കുറിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ സൂചിപ്പിക്കുമ്പോള്‍ അതിനെ വോട്ട് ബാങ്ക് രാഷ്ട്രീയമായി കണക്കാക്കാനാണ് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി ശ്രമിച്ചത്. പ്രവാചക നിന്ദക്കായി ശ്രമിച്ച ബി.ജെ.പി നേതാക്കളുടെ പ്രസ്താവനക്കെതിരെ ഒ.ഐ.സി, അറബ് ലീഗ് അടക്കമുള്ള അന്തര്‍ ദേശീയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നപ്പോഴും ഇതേ നയം തന്നെയാണ് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട പ്രതിഷേധമെന്നും പ്രത്യേക അജണ്ടയുടെ ഭാഗമെന്നും സൂചിപ്പിച്ച്് വിദേശ കാര്യ മന്ത്രാലയം അതിനെ തള്ളുകയായിരുന്നു. അവിടെയും ഒരു വിഭാഗീയത സൃഷ്ടാക്കാനുള്ള വിഫല ശ്രമമാണ് ബി.ജെ.പി ഭരണകൂടം നടത്തിയിട്ടുള്ളത്. ഇതൊരു മുസ്‌ലിം വിഷയം മാത്രമായി അവതരിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പക്ഷെ പ്രതിഷേധം കനത്തപ്പോള്‍ സര്‍ക്കാരിന് ഇടപെടേണ്ടിവരികയായിരുന്നു. അമേരിക്ക തന്നെ നേരിട്ട് ഇന്ത്യയെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. വിദേശ രാജ്യങ്ങളില്‍ പോയി ഗാന്ധിയെ പ്രകീര്‍ത്തിക്കുകയും സ്വദേശത്ത് വന്ന് ഗാന്ധി ഘാതകനെ വാഴ്ത്തുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ഇരട്ടത്താപ്പ് രാഷ്ട്രീയം ലോക രാജ്യങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്ത്യയെ അവര്‍ കാണുന്നത് ഗാന്ധിയുടെയും നെഹ്രുവിന്റെയും ഇന്ത്യയായിട്ടാണ്. നരേന്ദ്ര മോദിയുടെയും അമിത്ഷയുടെയും ഇന്ത്യയായിട്ടല്ല.

ഇവിടെ നാം ഗൗരവത്തോടെ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. ലോക രാജ്യങ്ങള്‍ക്കിടിയല്‍ ഇന്ത്യക്കൊരു വലിയ സ്ഥാനം ഉണ്ട്. വികസിത രാജ്യങ്ങളുടെയും ശാക്തിക രാജ്യങ്ങളുടെയും കൂട്ടത്തിലല്ലെങ്കിലും ഇന്ത്യ ലോക രാജ്യങ്ങള്‍ക്കിടയില്‍ വേറിട്ട് നില്‍ക്കുന്ന ഒരു പാരമ്പര്യത്തിന്റെ പൈതൃകമാണ്. അതിന്റെ കാരണം നമ്മുടെ ജനാധിപത്യവും മതേതരത്വവും നാനാത്വത്തില്‍ ഏകത്വവുമാണ്. യുക്രൈനില്‍ യുദ്ധം ആരംഭിച്ചപ്പോള്‍ ഇന്ത്യ ഇടപെടണമെന്ന് ശാക്തിക രാജ്യങ്ങള്‍ പോലും ആവശ്യപ്പെട്ടത് പ്രധാനമന്ത്രിയുടെ വ്യക്തി പ്രഭാവം കൊണ്ടായിരുന്നില്ല, മറിച്ച് നെഹ്രു വിഭാവനം ചെയ്ത ചേരിചേരാ നയത്തിന്റെ സിവേശഷത കൊണ്ടാണ്. അത് തിരിച്ചറിയാന്‍ നമ്മുടെ ഭരണകൂടം തയ്യാറാകണം. ആഗോള സമ്മേളന വേദികളിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ കടന്നുചെല്ലുമ്പോള്‍ അവര്‍ക്ക് കിട്ടുന്ന ഒരു അംഗീകാരമവും ആദരവുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രതിനിധിയാണ് ഈ പ്രധാനമന്ത്രി എന്ന നിലയിലുള്ള അംഗീകാരമാണത്. ലോകത്തെ ഏറ്റവും വലിയ മതേതര രാജ്യത്തിന്റെ പ്രതിനിധി എന്ന അംഗീകാരമാണ്. 10 കോടിയുടെ ജപ്പാന്‍ നിര്‍മ്മിത കാറില്‍ സഞ്ചരിക്കുന്ന പ്രധാനമന്ത്രി എന്ന നിലക്കുള്ള അംഗീകാരമല്ല, പത്ത് ലക്ഷം രൂപയുടെ കോട്ട് ധരിക്കുന്ന പ്രധാനമന്ത്രി എന്നതിനുള്ള അംഗീകാരവുമല്ല. ലിഖിതവും ദൃഡവുമായ ഭരണ ഘടന നിലനില്‍ക്കുന്ന രാജ്യത്തിന്റെ പ്രതിനിധി എന്ന അംഗീകാരമാണ്. എന്നാണോ ഈ സവിശേഷതകളെല്ലാം ഇല്ലാതാകുന്നത് അന്ന് ഇത്തരം അംഗീകാരങ്ങളും രാജ്യത്തിന് നഷ്ടമാകുമെന്ന ചിന്തയാണ് രാജ്യം ഭരിക്കുന്നവര്‍ക്ക് ഉണ്ടായിത്തീരേണ്ടത്.

ഇന്ത്യയില്‍ മതേതരത്വവും ജനാധിപത്യവും നിലനില്‍ക്കണമെന്ന് ലോക രാജ്യങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ ഭരകണകൂട ശ്രമങ്ങള്‍ നടന്ന സമയത്ത് വിവിധ ആഗോള ഏജന്‍സികളുടെ പ്രതികരണങ്ങള്‍ അതാണ് സൂചിപ്പിച്ചത്. ഐക്യ രാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസ് വരെ പൗരത്വ നിയമത്തെ ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടായി. യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളും സാര്‍ക്ക് അംഗ രാജ്യങ്ങളും, സി.എ.എ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ പോലും പൗരത്വത്തിനെതിരെ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇന്ത്യയുമായുള്ള ബന്ധത്തില്‍ പൗരത്വം വിഷയമാക്കണമെന്ന് യൂറോപ്യന്‍ യൂണിയനിലെ എം.പിമാര്‍ പ്രമേയം അവതരിപ്പിച്ച് പ്രതിഷേധിച്ചു. ഒരു വിഭാഗത്തെ ബാധിക്കുന്നതല്ല പൗരത്വമെന്നും മറിച്ച് അത് ഇന്ത്യയുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നും വിദേശ രാജ്യങ്ങളും സംഘടനകളും നമ്മുടെ ഭരണാധികാരികളെ ഓര്‍മ്മപ്പെടുത്തികൊണ്ടേയിരുന്നു. പ്രവാചക നിന്ദയുടെ ശ്രമത്തിലും ആഗോള തലത്തില്‍ നിന്ന് ഉയരുന്ന പ്രതിഷേധങ്ങളെ അങ്ങിനെയാണ് നാം നോക്കി കാണേണ്ടതും. ബി.ജെ.പിയുടെ ബുള്‍ഡോസര്‍ പൊളിട്ടിക്‌സിലും മനുഷ്യാവകാശ പക്ഷത്ത് നിന്ന് കൊണ്ടാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ പ്രതികരിക്കുന്നത്.

മതസ്വാതന്തൃം സംബന്ധിച്ച് ഇന്ത്യന്‍ പ്രധാന മന്ത്രിക്ക് മേല്‍ ജോ ബൈഡന്‍ സമ്മര്‍ദ്ധം ചെലുത്തിയേക്കുമെന്ന സൂചനകളാണ് വൈറ്റ് ഹൗസ് കേന്ദ്രീകരിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇന്ത്യയില്‍ നടന്ന് കൊണ്ടിരിക്കുന്ന മതസ്വാതന്തൃ ലംഘനം പരിഗണിച്ച് പ്രത്യേക ആശങ്കയുള്ള രാജ്യമായി ഇന്ത്യയെ കണക്കാക്കാന്‍ നടപടി വേണമെന്ന് യു.എസ്. ജന പ്രതിനിധി സഭയില്‍ പ്രമേയ അവതരിപ്പിച്ചിരിക്കുന്നു എന്നത് നമ്മുടെ രാജ്യത്തിന്റെ അഭിമാനത്തെയാണ് കളങ്കപ്പെടുത്തിയിരിക്കുന്നത്. അതിന് കാരണമായത് നമ്മുടെ ഭരണ കര്‍ത്താക്കള്‍ സ്വീകരിച്ചിട്ടുള്ള വര്‍ക്ഷീയ പ്രീണന നയങ്ങളാണ്. ഈ പശ്ചാതലത്തിലാണ് ജൂണ്‍ 18 വിദ്വേഷ പ്രസംഗ വിരുദ്ധ ദിനമായി ആചരിക്കാന്‍ ഐക്യ രാഷ്ട്ര സഭ തീരുമാനിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സി.എ.എ സമരകാലത്ത് കിഷോര്‍ വി മാരിവാലയുടെ ഫേസ് ബുക്ക് പോസ്റ്റ് ലോകം ചര്‍ച്ച ചെയ്തതാണ്. പൗരത്വ നിയമത്തിന് ശേഷം മതേതര ഇന്ത്യയെക്കുറിച്ച് പുറം ലോകത്തിന്റെ മനോഭാവമായിരുന്നു ആ ഫേസ് ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം. വ്യവസായിയായ കിഷോര്‍ മാരിവാല അവധി ആസ്വദിക്കാന്‍ തായ്‌ലാന്റില്‍ എത്തിയതായിരുന്നു. കടലില്‍ ചുറ്റിക്കറങ്ങാന്‍ ഒരു നൗക വേണം. ബോട്ട് വാടകക്ക് കൊടുക്കുന്ന ഒരു സ്ഥാപനത്തിന്റെ ഓഫീസിലെത്തി ബോട്ട് അന്വേഷിച്ചു. ഇന്ത്യയില്‍ നിന്നാണോ? ഹിന്ദുവാണോ? റിസപ്ഷനിസ്റ്റ് ചോദിച്ചു. അതെ എന്ന് മറുപടി പറഞ്ഞ മാരിവാലയോട് പിന്നെ സംസാരിച്ചത് സ്ഥാപനത്തിന്റെ മാനേജറായിരുന്നു. ഒരു സ്‌കിപ്പര്‍ മാത്രമണ് ഇപ്പോള്‍ റിസര്‍വ്വിലുള്ളത്. ബാക്കിയുള്ളവരെല്ലാം ഡ്യൂട്ടിയിലാണ്. അദ്ദേഹം മുസ്ലിമാണ്. അത് അങ്ങേക്ക് ഇഷ്ടപ്പെടുമോ?. എന്നായിരുന്നു മാനേജറുടെ ചോദ്യം. ആ ചോദ്യം കിഷോര്‍ മാരിവാലയെ അല്‍ഭുതപ്പെടുത്തി. ഇതെന്ത് ചോദ്യമാണ്. മാരിവാല തിരിച്ച് ചോദിച്ചു. ഇന്ത്യയിലെ ഹിന്ദുക്കള്‍ മുസ്ലിം സാന്നിദ്ധ്യം ആഗ്രഹിക്കുന്നില്ലെന്ന വാര്‍ത്തയാണ് മാധ്യമങ്ങളിലും ചാനലുകളിലും ഞങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത്. ആ നിമിഷം അപമാന ഭാരം കൊണ്ട് തലകുനിക്കേണ്ടി വന്നുവെന്ന് മാരിവാല പറയുന്നു. എന്റെ ഇന്ത്യയെ കുറിച്ച് എനിക്ക് തന്നെ വെറുപ്പ് തോന്നിയ നിമിഷമായിരന്നു അതെന്ന് മാരിവാല ഫേസ് ബുക്കില്‍ കുറിച്ചു. ഞാനെന്ന് മാത്രമല്ല, ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളും അങ്ങിനെ ചിന്തിക്കുന്നില്ലെന്ന മറുപടിയിലൂടെ അവരെ തിരുത്തുകയായിരുന്നു കിഷോര്‍ മാരിവാല. വ്യാപകമായ ഈ ചിന്തയെ എത്ര പേര്‍ക്കാണ് തിരുത്താന്‍ കഴിയുക. അത്രയധികം വെറുപ്പും വിദ്വേഷവും പടര്‍ന്നിരിക്കുന്നു നമ്മുടെ ആര്‍ഷ ഭാരതത്തിലെന്ന് ഓര്‍ക്കുമ്പോള്‍തലകുനിക്കേണ്ടി വരും.