ഡല്‍ഹി: രാജ്യത്ത് സമൂഹ മാധ്യമങ്ങള്‍ക്കെതിരായ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ പോകുകയാണ്. ഇതിനിടെ ഇന്ത്യയില്‍ എത്ര പേര്‍ ഏതെല്ലാം സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന കണക്കുകളും കേന്ദ്ര സര്‍ക്കാര്‍ പുറുത്തുവിട്ടു. സമൂഹ മാധ്യമ സേവനങ്ങളില്‍ വാട്സാപ് ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.

ഫെയ്‌സ്ബുക്കിന് കീഴിലുള്ള വാട്സാപ്പിന് 53 കോടിയിലധികം ഉപയോക്താക്കളുണ്ട്. ഗൂഗിളിന്റെ യുട്യൂബിന് 44.8 കോടിയിലധികം ഉപയോക്താക്കളുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര മന്ത്രി വെളിപ്പെടുത്തി. ഫെയ്‌സ്ബുക്കിന് 41 കോടി, ഇന്‍സ്റ്റാഗ്രാമിന് 21 കോടി, ട്വിറ്ററിന് 1.5 കോടി ഉപയോക്താക്കളുണ്ട്.

രാജ്യത്ത് ഒടിടി പ്ലാറ്റ്‌ഫോമുകള്‍, സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍, ഡിജിറ്റല്‍ മീഡിയ എന്നിവയ്ക്കായി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായാണ് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ കണക്കുകളും പുറത്തുവിട്ടത്. എന്നാല്‍, ഈ കണക്കുകളെല്ലാം തെറ്റാണെന്നും ഇതില്‍ കൂടുതല്‍ പേര്‍ വിവിധ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നുമാണ് ഒരു വിഭാഗം ടെക് വിദഗ്ധര്‍ വാദിക്കുന്നത്.