X

ഗൗരി ലങ്കേഷിന്റെ അരും കൊല: സോഷ്യല്‍മീഡിയ മോദിക്കെതിരെ!

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങള്‍ ഉയര്‍ന്ന ശക്തമായ പ്രതിഷേധം മോദി വിരുദ്ധതയിലേക്ക് വഴിമാറുന്നു.
കഴിഞ്ഞ ദിവസം ഗൗരി ലങ്കേഷിന്റെ അരും കൊലയെ അപലപിക്കുന്ന ട്വീറ്റുകള്‍ കൊണ്ടാണ് ട്വിറ്റര്‍ നിറഞ്ഞതെങ്കില്‍ പ്രതിഷേധം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള ക്യാമ്പയിനായി മാറി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബാന്‍ ചെയ്യുന്ന രീതിയില്‍ ബ്ലോക്ക് നരേന്ദ്രമോദി ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി കഴിഞ്ഞു.

ഗൗരി ലങ്കേഷിനെ അശ്ലീലമായി അധിക്ഷേപിച്ച ആളുടെ ട്വിറ്റര്‍ അക്കൗണ്ട് പ്രധാനമന്ത്രി ഫോളോ ചെയ്യുന്നുവെന്നും അതിനാല്‍ പ്രധാനമന്ത്രിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ‘ബ്ലോക്ക് നരേന്ദ്ര മോദി’ ടാഗ് ട്വിറ്ററില്‍ പ്രചാരമായത്.

സുറത്ത് സ്വദേശിയായ നിഖില്‍ ദഥിച്ച് എന്ന വ്യക്തിയാണ് ഗൗരിയെ അധിക്ഷേപിച്ച് പോസ്റ്റിട്ടത്. വ്യവസായിയെന്ന് പറയുന്ന ഇയാളുടെ അക്കൗണ്ടില്‍ കടുത്ത ഹിന്ദുത്വവാദിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മോദിയെ കൂടാതെ നിരവധി മുതിര്‍ന്ന ബി.ജെ.പി നേതാക്കളേയും നിഖില്‍ ഫോളോ ചെയ്യുന്നുമുണ്ട്.

ഇതോടെ മോദിക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം ശക്തമാവുകയായിരുന്നു. ആവിഷ്‌കാര സ്വതന്ത്ര്യത്തിന്റെ ആശങ്ക പങ്കുവെച്ചും തീവ്രഹിന്ദുത്വത്തെയും ഫാഷിസത്തെയും എതിര്‍ത്തും നിരവധി പേരാണ് ട്വിറ്ററില്‍ പ്രതികരിക്കുന്നത്. ബ്ലോക്ക് നരേന്ദ്ര മോദി ക്യാമ്പയിന്‍ ഇ്ന്നലെ രാത്രി തന്നെ ട്വിറ്റര്‍ ട്രെന്റിങ്ങില്‍ ഒന്നാമത്തെത്തി.

chandrika: