kerala

കടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്

By webdesk14

January 01, 2026

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം തൃപ്തികരമാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്.

അന്വേഷണത്തില്‍ വേഗത പോരെന്നും വന്‍ തോക്കുകളെ പിടികൂടുന്നില്ലെന്നുമുള്ള ഹൈക്കോടതിയുടെ നിരീക്ഷണം മുഖ്യമന്ത്രിക്ക് നിഷേധിക്കാനാകുമോ? ശബരിമലയില്‍ നഷ്ടപ്പെട്ട സ്വര്‍ണം എത്രയാണെന്ന് തിട്ടപ്പെടുത്തുകയോ അവ വീണ്ടെടുക്കുകയോ ചെയ്തിട്ടില്ല. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. മുന്‍മന്ത്രി കടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? ഈ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം.

മുഖ്യമന്ത്രി പരാമര്‍ശിച്ച നേതാക്കളാരും ഭരണാധികാരികളല്ല. അവര്‍ക്കാര്‍ക്കും പോറ്റിക്ക് സൗകര്യം ചെയ്തുകൊടുക്കാനാവില്ല എന്നത് പകല്‍പോലെ വ്യക്തമാണ്. എന്നാല്‍ ശബരിമലയില്‍ പോറ്റിയെ കേറ്റിയതും പോറ്റിക്ക് എല്ലാ സൗകര്യങ്ങളും ചെയ്തതും മുഖ്യമന്ത്രി പിണറായി വിജയന്റെ കാലത്താണ്. മുഖ്യമന്ത്രി ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാട്ടുകയാണ്. അതു ജനങ്ങള്‍ തിരിച്ചറിയുമെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി

സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാക്കള്‍ ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ കഴിയുമ്പോഴും അവരെ സിപിഎം സംരക്ഷിക്കുകയാണ്. അവര്‍ക്കെതിരെ ചെറിയ ഒരു അച്ചടക്ക നടപടി സ്വീകരിക്കാന്‍ പോലും സിപിഎം നേതൃത്വത്തിന് മനസുറപ്പില്ല. കാരണം നടപടിയെടുത്താല്‍ അവര്‍ സിപിഎം ഉന്നത നേതൃത്വത്തിന്‍റെ സ്വര്‍ണക്കൊള്ളയിലെ പങ്ക് വ്യക്തമാക്കുമെന്ന ആശങ്കയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.