ലിസ്ബണ്‍: ചരിത്രത്തിലാദ്യമായി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചതിന്റെ ആരവങ്ങള്‍ ഒടുങ്ങുന്നതിന് മുമ്പ് പിഎസ്ജിക്ക് ആശങ്കയുണ്ടാക്കുന്ന റിപ്പോര്‍ട്ടുമായി ഇംഗ്ലീഷ് മാധ്യമങ്ങള്‍. സൂപ്പര്‍ താരം നെയ്മറിനെ ഫൈനലില്‍ വിലക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച നെയ്മറിനെ ഞായറാഴ്ച നടക്കുന്ന കലാശപ്പോരില്‍നിന്ന് വിലക്കിയേക്കുമെന്ന് വിവിധ ഇംഗ്ലിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മത്സരശേഷം ലെയ്പ്‌സിഗ് താരം മാര്‍സല്‍ ഹാല്‍സ്റ്റന്‍ബെര്‍ഗുമായി ജഴ്‌സി കൈമാറിയതിലൂടെ താരം കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാണ് ആരോപണം.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിനു മുന്നോടിയായി യുവേഫ പുറത്തിറക്കിയ 31 പേജുള്ള പ്രോട്ടോക്കോള്‍ നിര്‍ദ്ദേശങ്ങളില്‍ ഇതേക്കുറിച്ചും പരാമര്‍ശമുണ്ടെന്ന് ഇംഗ്ലിഷ് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. ‘മത്സരശേഷം താരങ്ങള്‍ ജഴ്‌സി കൈമാറുന്ന പതിവില്‍നിന്ന് പിന്തിരിയണ’മെന്ന് നിര്‍ദേശമുള്ളതായാണ് വ്യാഖ്യാനം. നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ യുവേഫയുടെ ചട്ടമനുസരിച്ച് അച്ചടക്ക നടപടിയുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ചാമ്പ്യന്‍സ് ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണിലേക്ക് മാറ്റിയപ്പോള്‍ തന്നെ, ജഴ്‌സി കൈമാറുന്നത് ഉള്‍പ്പെടെയുള്ള പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്ക് 12 ദിവസത്തെ ക്വാറന്റീനില്‍ നിര്‍ബന്ധമാക്കുമെന്ന് വ്യക്തമാക്കിയിരുന്നതായും ഈ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, യുവേഫയുടെ ഔദ്യോഗിക പ്രോട്ടോക്കോള്‍ ചട്ടങ്ങളില്‍ ഐസലേഷന്‍ കാലാവധി രേഖപ്പെടുത്തിയിട്ടില്ല.