കീവ്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ലൈനപ്പായി. കീവ് നടന്ന നറുക്കെടുപ്പില്‍ മുന്‍ ഉക്രൈയ്ന്‍ താരം ആന്‍ന്ദ്ര ഷിവ്‌ചെങ്കോയായിരുന്നു നേതൃത്വം നല്‍കിയത്. ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിനെ നേരിടും. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്റെ തനിയാവര്‍ത്തനമാണ് റയല്‍-യുവന്റസ് പോരാട്ടം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് യുവന്റസിനെ പരാജയപ്പെടുത്തിയായിരുന്നു അന്ന് റയല്‍ കിരീടത്തില്‍ മുത്തമിട്ടത്.

ശക്തരായ പി.എസ്.ജിയുടെ വെല്ലുവിളി മറികടന്നാണ് റയല്‍ അവസാന എട്ടില്‍ പ്രവേശിച്ചത്. അതേസമയം ഇംഗ്ലീഷ് ടീമായ ടോട്ടനാമിനെ നിര്‍ണായക മത്സരത്തില്‍ പരാജയപ്പെടുത്തിയാണ് യുവന്റസ് യോഗ്യരായത്.ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് കിരീടം മോഹവുമായി റയല്‍ പോരാട്ടത്തിനറങ്ങുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ തോല്‍വിയുടെ കണക്കു തീര്‍ക്കാനാവും യുവന്റസ് പോരാടുക.

 

കിരീട സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്നില്‍ നില്‍ക്കുന്ന ബാര്‍സിലോണക്ക് ഇറ്റാലിയന്‍ ടീം എ.എസ് റോമയാണ് എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് ടീമുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും തമ്മില്‍ കൊമ്പുക്കോര്‍ക്കും. ഇതോടെ സെമിയില്‍ ഒരു ഇംഗ്ലീഷ് ടീമുണ്ടാകുമെന്ന് ഉറപ്പായി. മുന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണികിന് സ്പാനിഷ് ടീം സെവിയ്യയാണ് എതിരാളി.