ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായുടെ മകന്‍ ജെയ് ഷായെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കിയ അഹമ്മദാബാദ് കോടതിയുടെ വിധിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഷാ സാദയെക്കുറിച്ച് (ഷാ മാരെക്കുറിച്ച്) സംസാരിക്കാന്‍ പാടില്ലെങ്കില്‍ മറ്റുള്ളവരെക്കുറിച്ചും സംസാരിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു ട്വിറ്ററിലൂടെയുള്ള രാഹുലിന്റെ പ്രതികരണം.


ബി.ജെ.പി അധികാരത്തില്‍ എത്തിയ ശേഷം ജെയ് ഷായുടെ ഉടമസ്ഥതയിലുള്ള രണ്ട് കമ്പനികളുടെ ആസ്തിയില്‍ അസാധാരണമാം വിധം വര്‍ധനവുണ്ടായെന്ന വാര്‍ത്ത ഈ മാസം എട്ടിനാണ് ദ വയര്‍ എന്ന എന്ന ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍ പുറത്തുവിട്ടത്. ഇതിനെതിരെ ജെയ് ഷാ സമര്‍പ്പിച്ച 100 കോടിയുടെ മാനനഷ്ടക്കേസ് പരിഗണിച്ചാണ് ആരോപണം സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനും സംപ്രേഷണം ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തി അഹമ്മദാബാദ് സിവില്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ദ വയര്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ജെയ് ഷാക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ചും രാഹുല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.