ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കി കെട്ടിയിട്ടശേഷം യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയിലാണ് സംഭവം. 25കാരിയെയാണ് നാലംഗ സംഘം ക്രൂരമായി പീഡിപ്പിച്ചത്. യുവതിക്കു നേരെ തോക്കുചൂണ്ടിയാണ് ബലാത്സംഗത്തിനു ഇരയാക്കിയതെന്നാണ് വിവരം. മൂന്നു മാസം പ്രായമായ കുഞ്ഞുമായി ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് ദമ്പതികള്‍ക്കു നേരെ ആക്രമണമുണ്ടായത്. കാറില്‍ ഇവരെ പിന്തുടര്‍ന്ന നാലംഗ സംഘം വഴിയില്‍ തടഞ്ഞു ആക്രമിക്കുകയായിരുന്നു. കാറില്‍ ആയുധങ്ങളുമായി എത്തിയ അക്രമിസംഘം ബൈക്കില്‍ നിന്ന് തള്ളിയിട്ട ശേഷം സമീപത്തെ കരിമ്പ് തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയാണ് ദമ്പതികളെ ആക്രമിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്നു മാസം പ്രായമായ കുഞ്ഞിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിന് മൊഴി നല്‍കി.