ഡല്‍ഹി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ സര്‍പ്രൈസുകളില്ല. ശുഭ്മന്‍ ഗില്‍, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരൊക്കെ ടീമില്‍ ഉള്‍പ്പെട്ടു.

മത്സരത്തിനുള്ള തങ്ങളുടെ ടീമിനെ ന്യൂസീലന്‍ഡും പ്രഖ്യാപിച്ചിരുന്നു. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി അജാസ് പട്ടേല്‍ ടീമിലെത്തിയതാണ് ശ്രദ്ധേയം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച ഡഗ് ബ്രേസ്‌വെല്‍, ജേക്കബ് ഡഫി, ഡാരില്‍ മിച്ചല്‍, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ പുറത്തായി. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, വില്‍ യങ്, ടോം ബ്ലണ്ടല്‍ എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി.

ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഈ മാസം 18ന് ഇംഗ്ലണ്ടിനെ സതാംപ്ടണിലാണ് ആരംഭിക്കുക. ജൂണ്‍ 23 റിസര്‍വ് ഡേ ആയിരിക്കും. കളി സമനിലയില്‍ പിരിഞ്ഞാല്‍ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും. ഫൈനലില്‍ ജേതാക്കളാകുന്ന ടീമിനെ കാത്തിരിക്കുന്നത് 12 കോടിയോളം രൂപയാണ്.