Cricket

ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വൃദ്ധിമാന്‍ സാഹ

By webdesk13

February 02, 2025

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെതിരായ മത്സരത്തിന് പിന്നാലെയാണ് 40 കാരനായ ബംഗാള്‍ താരം ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചത്.

സി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ താരത്തിന് തിളങ്ങാനായില്ല. ഏഴു പന്തുകള്‍ നേരിട്ട താരം റണ്ണൊന്നും എടുക്കാതെയാണ് പുറത്തായത്. എന്നാല്‍, മത്സരത്തില്‍ ഇന്നിങ്‌സിനും 13 റണ്‍സിനും ബംഗാള്‍ ജയിച്ചു. പിന്നാലെ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ തന്റെ ക്രിക്കറ്റ് ഓര്‍മകളും അനുഭവങ്ങളും താരം പങ്കുവെച്ചു. 28 വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ ഇന്ത്യന്‍ ജഴ്‌സിയിലും സംസ്ഥാനത്തിനും ജില്ലക്കും സര്‍വകലാശാലക്കും കോളേജിനും സ്‌കൂളിനും വേണ്ടി ക്രിക്കറ്റ് കളിക്കാനായത് വലിയ ആദരമെന്ന് സാഹ കുറിച്ചു.

അവസാന മത്സരത്തിനു ശേഷം സാഹയെ തോളിലേറ്റി ഗ്രൗണ്ട് വലംവെച്ചാണ് സഹതാരങ്ങള്‍ യാത്രയയപ്പ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ സാഹ, അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ന്നു.

2021ലാണ് ഇന്ത്യക്കുവേണ്ടു അവസാനമായി കളിച്ചത്. 40 ടെസ്റ്റുകളില്‍ മൂന്നു സെഞ്ച്വറികളും ആറു അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെ 1,353 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യക്കുവേണ്ടി അഞ്ചു ഏകദിനങ്ങളും കളിച്ചു. 2007ലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. 142 മത്സരങ്ങളില്‍ 210 ഇന്നിങ്‌സുകളിലായി 7,169 റണ്‍സെടുത്തിട്ടുണ്ട്. 14 സെഞ്ച്വറികളും 44 അര്‍ധ സെഞ്ച്വറികളും നേടി.

എം.എസ്. ധോണി വിരമിച്ചതോടെയാണ് സാഹക്ക് വിക്കറ്റ് കീപ്പറുടെ റോളില്‍ ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. ഋഷഭ് പന്ത് ദേശീയ ടീമിലെത്തിയതോടെ സാഹക്ക് അവസരങ്ങള്‍ കുറഞ്ഞു. ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ക്കു വേണ്ടി കളിച്ചിട്ടുണ്ട്. കരിയറിലുടനീളം തന്നെ പിന്തുണച്ച ബി.സി.സി.ഐക്ക് താരം നന്ദി പറഞ്ഞു.

‘കരിയറിലെ എല്ലാ നേട്ടങ്ങള്‍ക്കും ക്രിക്കറ്റെന്ന അത്ഭുതകരമായ ഗെയിമിനോട് കടപ്പെട്ടിരിക്കുന്നു. മറക്കാനാകാത്ത വിജയങ്ങളും വിലമതിക്കാനാകാത്ത അനുഭവങ്ങളും എനിക്കു സമ്മാനിച്ചത് ക്രിക്കറ്റാണ്. ഉയര്‍ച്ചകളിലും താഴ്ചകളിലും വലിയ വിജയങ്ങളിലും തോല്‍വികളിലും എന്നെ ഞാനാക്കിയത് ക്രിക്കറ്റാണ്.

ഞാന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കുകയാണ്. പുതിയൊരു അധ്യായം ആരംഭിക്കാനുള്ള സമയമാണിത്. ഇനി കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം എനിക്കു നഷ്ടമായ ജീവിതം ആസ്വദിക്കാനാണു തീരുമാനം’ സാഹ എക്‌സില്‍ വ്യക്തമാക്കി.